
റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യയ്ക്ക് പിന്നാലെ യുഎസിനെതിരെ ആഞ്ഞടിച്ച് ചൈനയും. വിഷയത്തിൽ ഇന്ത്യയുടെ പ്രതികരണമാണ് ചൈനയും ആവർത്തിച്ചത്.
ചൈനയിലേക്ക് തടസ്സമില്ലാതെ ഊർജ ലഭ്യത ഉറപ്പാക്കുമെന്നും രാജ്യതാൽപര്യമാണ് പ്രധാനമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചു.
നേരത്തേ, ഇന്ത്യയും ഇതേ മറുപടിയായിരുന്നു യുഎസിന് നൽകിയത്. ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങുന്നതിൽ വൈറ്റ്ഹൗസിന് അസ്വസ്ഥതയുണ്ടെന്നും യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് ‘സാമ്പത്തിക പിന്തുണ’ നൽകുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും യുഎസ് ആരോപിച്ചിരുന്നു.
രാജ്യാന്തര വിപണിയിലെ സാഹചര്യവും രാജ്യതാൽപര്യവും വിലയിരുത്തിയാണ് ഇന്ത്യ ഊർജോൽപന്നങ്ങൾ വാങ്ങുന്നതെന്നായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രതികരണം.
ഇതിനിടെ, ഇന്ത്യയുടെ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, റഷ്യൻ എണ്ണ വാങ്ങരുതെന്ന് നിർദേശിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യയ്ക്കെതിരെ 25% ഇറക്കുമതി തീരുവ പ്രഖ്യപിച്ച ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്കുമേൽ ‘പിഴ’ ചുമത്തുമെന്നും പറഞ്ഞിരുന്നു.
പിഴ എന്താണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, റഷ്യയുടെ എണ്ണയും ആയുധങ്ങളും വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% തീരുവ ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇതാണോ ‘പിഴ’യായി അദ്ദേഹം ഉദ്ദേശിച്ചതെന്നും വ്യക്തമല്ല.
ചൈന, യുഎസ് പ്രതിനിധികൾ തമ്മിൽ വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് റഷ്യൻ എണ്ണ വിഷയത്തിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ യുഎസ് കടുത്ത നടപടികളുമായി എത്തിയത്. ചൈന അവരുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് അറിയാമെന്നും അതുകൊണ്ടുതന്നെ അവർ 100% തീരുവ അംഗീകരിച്ചേക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
ചൈനയുമായുള്ള വ്യാപാരക്കരാർ ചർച്ചകൾ പ്രയാസമേറിയതാണെന്നും യുഎസ് വിലയിരുത്തുന്നു. ചൈന, യുഎസ് ചർച്ചകൾ ഇനിയും സമവായത്തിലെത്തിയിട്ടില്ലെന്ന സൂചനയാണ് ഇതു നൽകുന്നത്.
റഷ്യൻ എണ്ണയ്ക്ക് പുറമെ ചൈന വൻതോതിൽ ഇറാന്റെ എണ്ണ വാങ്ങുന്നതിലും യുഎസിന് അമർഷമുണ്ട്. ഇറാൻ എണ്ണയുടെ ഏറ്റവും വലിയ വിപണിയുമാണിപ്പോൾ ചൈന.
ഇറാനിൽ നിന്നുള്ള 80-90 ശതമാനം എണ്ണ വാങ്ങുന്നതും ചൈനയാണ്. ഇറാനും റഷ്യയും എണ്ണ വരുമാനം യുദ്ധ, ആയുധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്നാണ് യുഎസ് ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ഇന്ത്യ ഇപ്പോൾ ഇറാന്റെ എണ്ണ വാങ്ങുന്നില്ല. ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയിൽ 33% റഷ്യയിൽ നിന്നാണ്.
ബാക്കി ഇറാക്ക്, സൗദി, യുഎഇ, യുഎസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]