
റഷ്യയെച്ചൊല്ലി ഇന്ത്യയെ വീണ്ടും പ്രകോപിപ്പിച്ച് യുഎസ്. യുക്രെയ്നെതിരായ യുദ്ധത്തിന് ഇന്ത്യ റഷ്യയ്ക്ക് ‘സാമ്പത്തിക സഹായം’ നൽകുകയാണെന്ന് ട്രംപിന്റെ അടുത്ത അനുയായിയും വൈറ്റ്ഹൗസിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫുമായ സ്റ്റീഫൻ മില്ലർ ആരോപിച്ചു.
ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങി റഷ്യയെ പിന്തുണയ്ക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ട്രംപ് ഉൾപ്പെടെ നേരത്തേയും ആരോപിച്ചിട്ടുണ്ടെങ്കിലും നേരിട്ട് ഈ വിമർശനം ഒരു വൈറ്റ്ഹൗസ് ഓഫിസർ ഉന്നയിക്കുന്നത് ആദ്യം.
ചൈനയുമായി ചേർന്നാണ് ഇന്ത്യ ഇത്തരത്തിൽ എണ്ണ വാങ്ങി റഷ്യയെ പിന്തുണയ്ക്കുന്നതെന്നതിൽ ഇന്ത്യയിലെ ജനങ്ങൾക്ക് പോലും ഞെട്ടലുണ്ടെന്നും മില്ലർ പറഞ്ഞു. അതേസമയം, റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്നാണ് കേന്ദ്രസർക്കാർ ആവർത്തിക്കുന്നത്.
റഷ്യന് എണ്ണയുടെ ഇറക്കുമതി വേണ്ടെന് പൊതുമേഖലാ എണ്ണക്കമ്പനികളോട് നിർദേശിച്ചിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ട്രംപിന്റെ താരിഫ് ആയുധം ഏശിയേക്കില്ല
ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 25% ഇറക്കുമതി തീരുവ ഓഗസ്റ്റ് 8 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. അതേസമയം, മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ഈ താരിഫ് ഇന്ത്യയ്ക്ക് ദോഷകരമല്ലെന്ന വിലയിരുത്തലുമുണ്ട്.
ഉദാഹരണത്തിന് ഇന്ത്യ യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമേൽ ഈടാക്കുന്ന തീരുവയും കൂടിപരിഗണിക്കുമ്പോൾ ഇന്ത്യയ്ക്കുമേലുള്ള യഥാർഥ താരിഫ് ബാധ്യത 11.3% മാത്രമാണെന്നാണ് വിലയിരുത്തൽ. ബംഗ്ലദേശിന് ഇത് 17.2 ശതമാനവും പാക്കിസ്ഥാന് 13.6 ശതമാനവുമാണ്.
വിയറ്റ്നാമിന് 13 ശതമാനം. അതായത്, ഇവയെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് ബാധ്യത കുറവ്.
യുഎസുമായി സമവായ ചർച്ചകളിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
നവംബറിനകം വ്യാപാരക്കരാറിൽ എത്താനാകുമെന്നും പ്രതീക്ഷിക്കുന്നു. അതു സാധ്യമായാൽ നിലവിലെ താരിഫ് ബാധ്യത കുറയ്ക്കാം.
തീരുവ 15 ശതമാനത്തിലും താഴെയാക്കാനാണ് ഇന്ത്യ നോക്കുന്നത്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100% ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണിയുണ്ട്.
ഇന്ത്യയ്ക്കുമേൽ പിഴ ചുമത്തുമെന്ന് പറഞ്ഞ ട്രംപ്, അതെന്താണെന്ന് വ്യക്തമാക്കിയിട്ടുമില്ല. ഈ 100% തീരുവയാണോ അദ്ദേഹം ഉദ്ദേശിച്ചതെന്നും വ്യക്തമല്ല.
ഓഹരികളുടെ കണ്ണ് റിസർവ് ബാങ്കിൽ
യുഎസ് പ്രഖ്യാപിച്ച കനത്ത തീരുവ ഇന്ത്യയുടെ ഓഹരി നിക്ഷേപകരെയും അലട്ടുന്നുണ്ട്.
എങ്കിലും, ഈയാഴ്ച നിക്ഷേപകലോകം ഉറ്റുനോക്കുന്നത് റിസർവ് ബാങ്ക് 6ന് പ്രഖ്യാപിക്കുന്ന ധനനയത്തിലേക്കാണ്. താരിഫ് ആശങ്ക നിഴലിക്കുന്നതിനാലും കഴിഞ്ഞ യോഗങ്ങളിൽ കുറച്ച പലിശനിരക്കിന്റെ ആനുപാതിക ആനുകൂല്യം ഇനിയും ബാങ്കുകൾ ഇടപാടുകാർക്ക് നൽകാത്തതിനാലും റിസർവ് ബാങ്ക് ഇക്കുറി പലിശഭാരം കുറയ്ക്കാൻ സാധ്യത വിരളം.
∙ കഴിഞ്ഞമാസങ്ങളിൽ പണപ്പെരുപ്പം കുറഞ്ഞതാണ് റിസർവ് ബാങ്ക് മാനദണ്ഡമാക്കുന്നതെങ്കിൽ ഇക്കുറിയും പലിശനിരക്ക് കുറയ്ക്കാം.
എങ്കിലും, സാധ്യത 50:50.
∙ കഴിഞ്ഞ 3 പണനയ നിർണയ യോഗങ്ങളിലാണ് റിസർവ് ബാങ്ക് പലിശ ഒരു ശതമാനം കുറച്ചിരുന്നു.
ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവ്
ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 0.30% ശതമാനം നേട്ടത്തിലാണ് വ്യാപാരം ചെയ്തതെന്നത് സെൻസെക്സും നിഫ്റ്റിയും ഇന്നു നേട്ടത്തിൽ വ്യാപാരം തുടങ്ങുമെന്ന സൂചന നൽകുന്നു. താരിഫ് ആശങ്കമൂലം കഴിഞ്ഞ വെള്ളിയാഴ്ച സെൻസെക്സ് വ്യാപാരം പൂർത്തിയാക്കിയത് 585 പോയിന്റ് (-0.72%) ഇടിഞ്ഞ് 80,599ൽ ആയിരുന്നു.
നിഫ്റഅറി 203 പോയിന്റ് നഷ്ടത്തോടെ (-0.82%) 24,565ലും. സെൻസെക്സിലെ നിക്ഷേപകരുടെ സമ്പത്തിൽ നിന്ന് ആകെ കൊഴിഞ്ഞത് 5 ലക്ഷം കോടി രൂപയിലധികവുമായിരുന്നു.
∙ ഇന്ന് ഏഷ്യയിൽ ചൈനീസ്, ഹോങ്കോങ് ഒഴികെയുള് വിപണികൾ തീരുവ ആശങ്കമൂലം നഷ്ടത്തിലാണ്.
∙ ജാപ്പനീസ് നിക്കേയ് 1.92% കൂപ്പുകുത്തി.
ചൈനയുടെ ഷാങ്ഹായ് 0.20%, ഹോങ്കോങ് 0.11% എന്നിങ്ങനെ കയറി. ലണ്ടനിൽ എഫ്ടിഎസ്ഇ 0.70%, ജർമനിയിൽ ഡാക്സ് 2.66% എന്നിങ്ങനെയും ഇടിഞ്ഞു.
യുഎസിൽ സ്റ്റോക്ക് ഫ്യൂച്ചേഴ്സ് നേരിയ നേട്ടം മാത്രം കുറിച്ചു.
∙ ശ്രീ സിമന്റ്, ഓറോബിന്ദോ ഫാർമ, ഡിഎൽഎഫ്, ഏഥർ എനർജി, ഐനോക്സ് ഇന്ത്യ, കിറ്റെക്സ് തുടങ്ങിയവയുടെ പ്രവർത്തനഫലം ഇന്നറിയാം.
∙ ഐടിസി, ടാറ്റ പവർ, ഫെഡറൽ ബാങ്ക്, എൽഐസി ഹൗസിങ് ഫിനാൻസ്, ഡെൽഹിവെറി തുടങ്ങിയവ കഴിഞ്ഞവാരം പ്രവർത്തനഫലം പുറത്തുവിട്ടിരുന്നു.
∙ ഐടിസി, ടാറ്റാ പവർ, എൽഐസി ഹൗസിങ് ഫിനാൻസ്, ഡെൽഹിവെറി എന്നിവ ലാഭവർധനയും ഫെഡറൽ ബാങ്ക് ലാഭത്തിൽ 14.6% കുറവുമാണ് രേഖപ്പെടുത്തിയത്.
∙ വാഹനക്കമ്പനികളുടെ ജൂലൈമാസ വിൽപനക്കണക്ക് സമ്മിശ്രമാണെന്നത് അവയുടെ ഓഹരികളെ ഇന്നു സ്വാധീനിക്കും.
∙ ട്രംപ് ഫാർമ ഇറക്കുമതി താരിഫിൽ ഉറച്ചുനിൽക്കുന്ന ഈ രംഗത്തെ കമ്പനികൾക്കും ആശങ്കയാണ്.
ഓഹരിക്ക് വെല്ലുവിളികളുടെ ആഴ്ച
താരിഫ്, കോർപറേറ്റ് പ്രവർത്തനഫലം, ഇന്ത്യ-യുഎസ് ഭിന്നത, റിസർവ് ബാങ്ക് പണനയം തുടങ്ങി ഓഹരി വിപണികളെ ആശങ്കപ്പെടുത്തുന്ന നിരവധി ഘടകങ്ങൾ ഈയാഴ്ചയുണ്ട്. 800ഓളം കമ്പനികളാണ് ഈയാഴ്ച പ്രവർത്തനഫലം പുറത്തുവിടുന്നത്.
എസ്ബിഐ, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, ടാറ്റാ മോട്ടോഴ്സ്, അദാനി പോർട്സ്, ഹീറോ മോട്ടോകോർപ്, ടൈറ്റൻ, ഭെൽ, അപ്പോളോ ടയേഴ്സ്, എച്ച്പിസിഎൽ, കല്യാൺ ജ്വല്ലേഴ്സ്, മണപ്പുറം ഫിനാൻസ് തുടങ്ങിയവയും അതിലുൾപ്പെടുന്നു.
∙ യുഎസിന്റെ ഫാക്ടറി ഓർഡർക്കണക്ക്, വാഹനവിൽപനക്കണക്ക് എന്നിവ ഇന്നറിയാം. കയറ്റുമതിക്കണക്ക് നാളെയും.
പണപ്പെരുപ്പക്കണക്കും ഈയാഴ്ച പുറത്തുവരും.
∙ ചൈനയുടെ കയറ്റുമതി, പണപ്പെരുപ്പം, വ്യാവസായിക വളർച്ചാകക്ണക്കുകൾ ഈയാഴ്ചയുണ്ടാകും.
∙ വിദേശ നിക്ഷേപകർ (എഫ്ഐഐ) കഴിഞ്ഞയാഴ്ച 20,000 കോടിയോളം രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിഞ്ഞു. തൊട്ടുമുൻപത്തെ ആഴ്ചയിലെ 12,000 കോടി രൂപയേക്കാൾ ഏറെയധികം.
സ്വർണം മേലോട്ട്, എണ്ണ താഴോട്ട്
രാജ്യാന്തര സ്വർണവില 6 ഡോളർ ഉയർന്ന് 3,354 ഡോളറിലാണുള്ളത്.
കേരളത്തിൽ ഇന്നു വില സ്ഥിരത നേടാനോ നേരിയ വർധന കുറിക്കാനോ ആണ് സാധ്യത. അതേസമയം, ക്രൂഡ് ഓയിൽ വില ഇടിയുകയാണ്.
ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനമാണ് പ്രധാന കാരണം. കഴിഞ്ഞയാഴ്ച 72 ഡോളറിനു മുകളിലെത്തിയ ബ്രെന്റ് വില 69 ഡോളറിലേക്ക് താഴ്ന്നു.
70 ഡോളറിൽ നിന്ന് ഡബ്ല്യുടിഐ ക്രൂഡ് വില 67 ഡോളറിലേക്കും കുറഞ്ഞിട്ടുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]