
കാത്തിരിപ്പിനും കോലാഹലങ്ങൾക്കുമൊടുവിൽ ട്രംപിന്റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ യാഥാർഥ്യമാകുന്നു. പ്രതിപക്ഷത്തിനു പുറമെ സ്വന്തം പാർട്ടിയിൽ നിന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് വേളയിൽ വലംകൈയായി ഒപ്പംനിന്ന ഇലോൺ മസ്കിൽ നിന്നും ഉയർന്ന എതിർപ്പുകളെല്ലാം അതിജീവിച്ചാണ് ട്രംപിന്റെ ഈ ‘സ്വപ്ന’ ബില്ലിന്റെ വിജയം.
ട്രംപ് നയിക്കുന്ന ഫെഡറൽ ഗവൺമെന്റിന്റെ ചെലവുകൾ വെട്ടിക്കുറയ്ക്കുക, യുഎസിന്റെ സാമ്പത്തിക പുരോഗതിക്ക് കുതിപ്പേകുക തുടങ്ങിയ ലക്ഷ്യങ്ങളുള്ളതാണ് ബിൽ. ചെലവുചുരുക്കലിന്റെ ഭാഗമായി ഒട്ടേറെ സബ്സിഡികൾ ട്രംപ് എടുത്തുകളയുന്നുമുണ്ട്. സോളർ എനർജി, ഇലക്ട്രിക് വാഹനം എന്നിവയ്ക്കുള്ള ആനുകൂല്യങ്ങൾ ഒഴിവാക്കുന്ന ബിൽ, ജനങ്ങൾക്ക് നൽകുന്ന ഭക്ഷ്യ, ചികിത്സാ ആനുകൂല്യങ്ങളും (മെഡിക്കെയ്ഡ്) വെട്ടിച്ചുരുക്കുന്നുണ്ടെന്നതാണ് കൗതുകം. ഒട്ടേറെ നികുതിയിളവുകൾ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഒപ്പം പ്രതിരോധച്ചെലവും അതിർത്തി സംരക്ഷണച്ചെലവും കൂട്ടുന്നു. അനധികൃത കുടിയേറ്റം തടയാനും വൻതുക നീക്കിവയ്ക്കും.
ഫലത്തിൽ, ചെലവ് വെട്ടിച്ചുരുക്കുകയല്ല, വരുമാനം കുറയ്ക്കാനും ചെലവ് കൂട്ടാനുമുള്ള ബിൽ ആണിതെന്ന വിമർശനം ശക്തം. അടുത്ത ദശാബ്ദത്തിനകം യുഎസിന്റെ കടത്തിൽ 3 ലക്ഷം കോടി ഡോളറിന്റെ (258 ലക്ഷം കോടി രൂപ) അധികബാധ്യത വരുത്തുന്നതാകും ബില്ലെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. എടുക്കാവുന്ന കടത്തിന്റെ പരിധി ബില്ലിൽ 5 ട്രില്യൻ ഡോളറായി (430 ലക്ഷം കോടി രൂപ) ഉയർത്തിയത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും അവർ പറയുന്നു.
നികുതിയിളവ്; കൂടുതൽ നേട്ടം സമ്പന്നർക്ക്
ബിസിനസ് സംരംഭങ്ങൾക്കും ഉയർന്ന വരുമാനക്കാർക്കും നികുതിയിളവുകൾ വാഗ്ദാനം ചെയ്യുന്നതാണ് എ ബിഗ്, ബ്യൂട്ടിഫുൾ ബിൽ. സ്റ്റേറ്റ് ആൻഡ് ലോക്കൽ ടാക്സ് അഥവാ സോൾട്ടിന്റെ ഡിഡക്ഷൻ പരിധി നിലവിലെ 10,000 ഡോളറിൽ നിന്ന് 40,000 ഡോളർ ആക്കിയത് ഉയർന്ന വരുമാനക്കാർക്ക് നേട്ടമാകും. 5 ലക്ഷം ഡോളർ വരെ വാർഷിക വരുമാനക്കാർക്കാണ് പുതുക്കിയ ഡിഡക്ഷൻ പരിധി ബാധകം.
ഉദാഹരണത്തിന്, നേരത്തേ ഒരാൾ 35,000 ഡോളർ നികുതിയായി (സോൾട്ട്) അടച്ചിരുന്നുവെങ്കിൽ പരമാവധി 10,000 ഡോളറിന്റെ കിഴിവാണ് (ഡിഡക്ഷൻ) ക്ലെയിം ചെയ്യാമായിരുന്നത്. ഇപ്പോൾ 35,000 ഡോളർ മൊത്തമായി (പരമാവധി 40,000 ഡോളർ) ക്ലെയിം ചെയ്യാം. 5 ലക്ഷം ഡോളർ വരെ വരുമാനക്കാർക്ക് 40,000 ഡോളർ വരെ നികുതിയിൽ ലാഭിക്കാം. എന്നാൽ, 2026-29 കാലയളവിൽ സോൾട്ടിന്റെ ഡിഡക്ഷൻ പരിധിയും വരുമാന പരിധിയും ഒരു ശതമാനം വീതം വർഷന്തോറും കൂടും. 2030ൽ പരിധി തിരികെ 10,000 ഡോളറുമാക്കും.
സോളറിനും ഇവിക്കും തിരിച്ചടി
സൗരോർജം (സോളർ എനർജി), കാറ്റാടിപ്പാടം (വിൻഡ്മിൽ) എന്നിവയ്ക്കുള്ള സബ്സിഡി എടുത്തുകളയാൻ വ്യവസ്ഥയുണ്ട്. ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് 7,500 ഡോളർ നികുതിയിളവ് (ടാക്സ് ക്രെഡിറ്റ്) നൽകുന്നത് നിർത്തും. ഇത് ഏറ്റവുമധികം ബാധിക്കുക ടെസ്ലയെ ആയിരിക്കും. മസ്ക് കടുത്ത എതിർപ്പുയർത്താനും ഇതൊരു കാരണമാണ്. നികുതിയിളവ് നിലയ്ക്കുന്നതോടെ ഇവിയുടെ ഡിമാൻഡ് ഇടിയും.
മൈലുകൾ നീളത്തിൽ സോളർ പാനലും വിൻഡ്മില്ലും സ്ഥാപിക്കുന്നതിനോട് തനിക്കൊട്ടും താൽപര്യമില്ലെന്നും അതുകാണുമ്പോൾ വൃത്തികേടായാണ് തോന്നുന്നതെന്നും ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു. 2028ഓടെ ഹൈഡ്രജൻ ടാക്സ് ക്രെഡിറ്റും നിർത്തലാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
ലോകം പ്രകൃതിസൗഹൃദ, ഹരിതോർജത്തിലേക്ക് ചുവടുവയ്ക്കുമ്പോൾ ട്രംപ് അമേരിക്കയെ വീണ്ടും ക്രൂഡ് ഓയിൽ, ഗ്യാസ് എന്നിവയിലേക്ക് നയിക്കുകയാണ്. ഫെഡറൽ ഗവൺമെന്റിനു കീഴിലെ എണ്ണപ്പാടങ്ങളിൽ ഖനനം ഊർജിതമാക്കാൻ ബിൽ ശുപാർശ ചെയ്യുന്നു. ഇവിടങ്ങളിൽ ഖനനം നടത്തുന്ന കമ്പനികൾ ഫെഡറൽ ഗവൺമെന്റിനു നൽകേണ്ട റോയൽറ്റി ഒഴിവാക്കി.
അനധികൃത കുടിയേറ്റത്തിന് കടിഞ്ഞാൺ
യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയാനുള്ള നടപടികളാണ് ബില്ലിലെ മറ്റൊരു ശ്രദ്ധേയവും വിവാദപരവുമായ വ്യവസ്ഥ. യുഎസിന്റെ അതിർത്തിയിൽ മതിൽ ഉൾപ്പെടെ കെട്ടി നുഴഞ്ഞുകയറ്റം ചെറുക്കാൻ വേണ്ടിമാത്രം 4,650 കോടി ഡോളർ (ഏകദേശം 4 ലക്ഷം കോടി രൂപ) ചെലവിടും. അനധികൃത കുടിയേറ്റക്കാരെ പിടികൂടി പാർപ്പിക്കാനുള്ള സൗകര്യങ്ങളും വലിയ ചെലവിൽ ഒരുക്കും.
ഭക്ഷ്യ, ചികിത്സാ സബ്സിഡികൾക്ക് കട്ട്!
ചികിത്സാ (മെഡിക്കെയ്ഡ്), ഭക്ഷ്യ സബ്സിഡികൾ കുത്തനെ വെട്ടിക്കുറയ്ക്കാനുള്ള നിർദേശമാണ് സാധാരണക്കാരെ പ്രധാനമായും വലയ്ക്കുക. ചികിത്സാസഹായം നിർത്തുന്നത് 1.7 കോടിപ്പേരെ ബാധിക്കും. നിരവധി ആശുപത്രികൾക്കും പ്രതിസന്ധിയാകും. 2034ഓടെ അമേരിക്കയിൽ 78 ലക്ഷം പേർ ആരോഗ്യ ഇൻഷുറൻസിന് പുറത്താകുമെന്നാണ് കരുതുന്നത്. ഭക്ഷ്യസബ്സിഡി (ഫുഡ് സ്റ്റാംപ്) വെട്ടിക്കുറയ്ക്കുന്നത് 4 കോടിപ്പേരെ ബാധിക്കും.
വിദ്യാഭ്യാസ വായ്പ, കാർ വായ്പ എടുക്കുമ്പോഴുള്ള ടാക്സ് ക്രെഡിറ്റ് എന്നിവയുടെ ഇളവുകളും കുറച്ചു. 2025 ജനുവരി ഒന്നിനും 2029 ജനുവരി ഒന്നിനും മധ്യേ ജനിച്ചകുട്ടികൾക്ക് ‘ട്രംപ് അക്കൗണ്ട്’ എന്ന പേരിൽ ഒറ്റത്തവണ നിക്ഷേപമായി 1,000 ഡോളർ (86,000 രൂപ) നൽകുമെന്ന് ബിൽ പറയുന്നു.
പ്രതിരോധ ബജറ്റ് കൂട്ടി
പ്രതിരോധച്ചലവുകളിൽ 150 ബില്യൻ ഡോളറിന്റെ (12.5 ലക്ഷം കോടി രൂപ) വർധന വരുത്താൻ ബിൽ നിർദേശിക്കുന്നു. ഇതിൽ 25 ബില്യനും (2.15 ലക്ഷം കോടി രൂപ) ചെലവിടുക ‘ഗോൾഡൻ ഡോം’ മിസൈൽ ഡിഫൻസ് സിസ്റ്റം വാങ്ങാനാണ്. ചൊവ്വാ ദൗത്യത്തിന് 10 ബില്യൻ (86,000 കോടി രൂപ), രാജ്യാന്തര ബഹിരാകാശ നിലയം ഡികമ്മിഷൻ ചെയ്യാൻ 325 മില്യൻ ഡോളർ (2,800 കോടി രൂപ) എന്നിങ്ങനെയും ബില്ലിൽ നീക്കിവച്ചിട്ടുണ്ട്.
പ്രവാസികളെയും ബാധിക്കും
ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളെയും ബാധിക്കും. യുഎസ് പൗരന്മാർ അല്ലാത്തവർ യുഎസിൽ നിന്ന് വിദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങൾ വായിക്കാം.