
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവന്ന ‘എ ബിഗ്, ബ്യൂട്ടിഫുൾ ടാക്സ്’ ബിൽ ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സ് നേരിയ വോട്ടിന്റെ വ്യത്യാസത്തിൽ പാസാക്കി. ബില്ലിൽ ഇന്ന് ട്രംപ് ഒപ്പുവയ്ക്കും. യുഎസ് ഫെഡറൽ ഗവൺെമന്റിന്റെ സാമ്പത്തികച്ചെലവുകൾ വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിടുന്നതാണ് ബില്ലെങ്കിലും ഫലത്തിൽ ഗവൺമെന്റിന്റെ കടബാധ്യത അടുത്ത ദശാബ്ദത്തിനകം 3.4 ട്രില്യൻ ഡോളർ (ഏകദേശം 292 ലക്ഷം കോടി രൂപ) കൂടാൻ ഇടവരുത്തുന്നതാണ് ബില്ലെന്ന വിമർശനം ശക്തമാണ്.
യുഎസിലെ അതിസമ്പന്നർക്കും കോർപറേറ്റുകൾക്കും വൻ സാമ്പത്തിക നേട്ടം സമ്മാനിക്കുന്നതും കുറഞ്ഞ വരുമാനക്കാർക്കും സർക്കാരിൽ നിന്ന് ചികിത്സാ ആനുകൂല്യങ്ങൾ പറ്റുന്നവർക്കും ആശുപത്രികൾക്കും വൻ തിരിച്ചടി നൽകുന്ന നിർദേശങ്ങളും ബില്ലിലുണ്ട്. ഇതിലുമേറെ പ്രസക്തം സോളർ ഉൾപ്പെടെയുള്ള ഹരിതോർജം, ഇലക്ട്രിക് കാറുകൾ എന്നിവയെ തീർത്തും നിരുത്സാഹപ്പെടുത്തുന്നതും ക്രൂഡ് ഓയിൽ, കൽക്കരി, ഗ്യാസ് എന്നിവയുടെ ഉപയോഗം കൂട്ടുന്നതുമായ നിർദേശങ്ങൾ ഉണ്ടെന്നതാണ്.
പാസാക്കുന്നത് വൈകിപ്പിക്കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമങ്ങളെയെല്ലാം അതിജീവിച്ചാണ് ‘ബിഗ്, ബ്യൂട്ടിഫുൾ നികുതി ബിൽ’ അവസാന കടമ്പയും കടന്നതെന്നത് ട്രംപിന് വൻ നേട്ടമായി. അതേസമയം, ഫെഡറൽ ഗവൺമെന്റിന്റെ ധനക്കമ്മി വർധിപ്പിക്കുമെന്നതും പ്രതിരോധമേഖലയ്ക്കും കുടിയേറ്റ വിരുദ്ധനടപടികൾക്കുമായി വൻതുക ബില്ലിൽ മാറ്റിവയ്ക്കുന്നുണ്ട് എന്നതും ആഗോളതലത്തിൽ തന്നെ വൻ ചലനങ്ങൾക്ക് വഴിവയ്ക്കും.
തൊഴിലിൽ വൻ മുന്നേറ്റം; പലിശഭാരം കുറയാൻ സാധ്യത മങ്ങി
യുഎസിൽ കഴിഞ്ഞമാസം ഏവരെയും അമ്പരിപ്പിച്ച് തൊഴിലവസരക്കണക്കിൽ വൻ മുന്നേറ്റം. 1,10,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെടാനേ സാധ്യതയുള്ളൂ എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാൽ, ജൂണിൽ 1.47 ലക്ഷം പേർക്ക് പുതുതായി ജോലി ലഭിച്ചെന്ന് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി. ഇതാകട്ടെ മേയിലെ 1.44 ലക്ഷത്തേക്കാൾ അധികവും.
പ്രതീക്ഷിച്ചിതിലും അധികം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു എന്നത് യുഎസ് സമ്പദ്വ്യവസ്ഥ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് തെളിവായി. ഇത് പ്രസിഡന്റ് ട്രംപിന് നേട്ടവുമാണ്. എങ്കിലും, സമ്പദ്വ്യവസ്ഥയിൽ നിന്ന് പ്രശ്നങ്ങൾ അകലുന്നുവെന്നത് ചൂണ്ടിക്കാട്ടി കേന്ദ്രബാങ്ക് (ഫെഡറൽ റിസർവ്) അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുന്നത് നീട്ടിവച്ചേക്കും. ഈ മാസത്തെ യോഗത്തിൽ പലിശ കുറച്ചേക്കുമെന്നായിരുന്നു പ്രതീക്ഷകൾ.
പലിശ കുറയ്ക്കാനുള്ള തീരുമാനം നീട്ടിയാൽ അതു ട്രംപും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കും. പവലിനോട് രാജിവച്ചൊഴിയാൻ ട്രംപ് ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രംപിന്റെ താരിഫ് നയങ്ങളാണ് പലിശ കുറയ്ക്കുന്നതിനു തടസ്സമെന്നാണ് പവലിന്റെ വാദം.
കുതിച്ചുകയറി യുഎസ് ഓഹരികൾ
തൊഴിൽക്കണക്കിലെ മുന്നേറ്റം ആവേശമാക്കി യുഎസ് ഓഹരി വിപണികൾ ഇന്നലെയും കുതിച്ചുകയറി. വിവിധ രാജ്യങ്ങളുമായി യുഎസ് വ്യാപാര കരാറുകളിൽ എത്തുന്നതും അതിൽ യുഎസിന് മേൽക്കൈ കിട്ടുന്നതും ഓഹരികൾ ആഘോഷമാക്കുകയാണ്. ഡൗ ജോൺസ് 0.77%, നാസ്ഡാക് 1.02%, എസ് ആൻഡ് പി500 സൂചിക 0.83% എന്നിങ്ങനെ ഉയർന്നു. എസ് ആൻഡ് പി500 സൂചികയും നാസ്ഡാക്കും കുറിച്ചിട്ടത് റെക്കോർഡ് ഉയരം.
യുഎസ് സമ്പദ്വ്യവസ്ഥയിലെ ഉണർവും താരിഫ് പ്രശ്നങ്ങൾ അകലുന്നതും യൂറോപ്യൻ ഓഹരികൾക്കും നേട്ടമായി. എഫ്ടിഎസ്ഇ 0.55% ഉയർന്നു. എങ്കിലും, യുഎസും യൂറോപ്യൻ യൂണിയനും തമ്മിലെ വ്യാപാരക്കരാർ ഇനിയും യഥാർഥ്യമായിട്ടില്ലെന്നത് ആശങ്ക ഉയർത്തുന്നു. ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.22% ഉയർന്നു. ചൈനയുടെ ഷാങ്ഹായ് 0.06 ശതമാനവും നേട്ടത്തിലാണ്. എന്നാൽ, ഹോങ്കോങ് 1.40% ഇടിഞ്ഞു.
അതേസമയം, പകരച്ചുങ്കം നടപ്പാക്കാൻ ട്രംപ് പ്രഖ്യാപിച്ച 90 ദിവസത്തെ സാവകാശം ജൂലൈ 9ന് അവസാനിക്കും. ഇന്ത്യയുമായി ഇന്നോ നാളെയോ ‘ഹ്രസ്വകാല കരാർ’ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. യുഎസിന്റെ കാർഷികോൽപന്നങ്ങൾക്ക് ഇന്ത്യയിൽ തീരുവ ഇളവ് വേണമെന്ന ട്രംപിന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചിട്ടില്ല. ഇതിന്മേൽ ചർച്ച തുടരുകയോ തൽകാലം ഈ വിഭാഗത്തിന്റെ തീരുവയിൽ തൽസ്ഥിതി നിലനിർത്തി ‘മിനി ഡീൽ’ പ്രഖ്യാപിക്കാനോ ആണ് സാധ്യത. ബിൽ പാസായതും തൊഴിൽക്കണക്കും താരിഫ് പ്രശ്നങ്ങൾ അകലുന്നതും പ്രസിഡന്റ് ട്രംപിന് തൃമധുരവുമാണ്.
ഗിഫ്റ്റ് നിഫ്റ്റിക്ക് ചാഞ്ചാട്ടം
ഗിഫ്റ്റ് നിഫ്റ്റിയിൽ ഇന്നു രാവിലെ ദൃശ്യമായത് വൻ ചാഞ്ചാട്ടമാണ്. 31 പോയിന്റുവരെ കയറിയെങ്കിലും പിന്നീട് 68 പോയിന്റ് (0.25%) താഴ്ന്നു. സെൻസെക്സും നിഫ്റ്റിയും സമ്മർദ്ദത്തിൽ വ്യാപാരം തുടങ്ങിയേക്കാമെന്ന സൂചന ഇതു നൽകുന്നു.
യുഎസ് ഓഹരി വിപണികളുടെ നേട്ടം ഉൾപ്പെടെ ആഗോളതലത്തിൽ നിന്നുള്ള പോസിറ്റീവ് ട്രെൻഡ് ഓഹരികൾക്ക് ഗുണം ചെയ്യും. ഇന്ത്യ-യുഎസ് കരാർ വരുന്നതും നേട്ടമാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും വിറ്റൊഴിയൽ മനോഭാവത്തിലായിരുന്നു. ഇന്നലെ പിൻവലിച്ചത് 1,481 കോടി രൂപ. രൂപ ഇന്നലെ ഡോളറിനെതിരെ 7 പൈസ ഉയർന്ന് 85.55ൽ വ്യാപാരം അവസാനിപ്പിച്ചു. യുഎസിൽ തൊഴിൽക്കണക്ക് മെച്ചപ്പെട്ടതും പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതും ഡോളറിന് കരുത്തായേക്കും.
എണ്ണയും സ്വർണവും
ക്രൂഡ് ഓയിൽ വില വലിയ കുതിപ്പോ ഇടിവോ ഇല്ലാതെ തുടരുന്നു. ഡബ്ല്യുടിഐ, ബ്രെന്റ് വിലകൾ ബാരലിന് 67-68 നിലവാരത്തിൽ തന്നെയാണുള്ളത്. ഈ വർഷം അവസാനത്തോടെ വില 60 ഡോളറിനും താഴെയെത്തിയാക്കമെന്ന് എസ് ആൻഡ് പി ഗ്ലോബൽ പ്രവചിക്കുന്നു. വില കുറയുന്നത് ഇന്ത്യക്ക് വൻ നേട്ടമാകും. സൗദിയും റഷ്യയും ഉൾപ്പെടുന്ന ക്രൂഡ് ഓയിൽ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് വൈകാതെ ഉൽപാദനം വർധിപ്പിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും. ഇതും വില കുറയാൻ വഴിതുറക്കും.
ഇന്നലെ ഔൺസിന് 3,350 ഡോളറിന് മുകളിലായിരുന്ന രാജ്യാന്തര സ്വർണവില ഇപ്പോഴുള്ളത് 3,330 ഡോളറിൽ. യുഎസിൽ പലിശയിറക്കത്തിന് സാധ്യത മങ്ങിയത് സ്വർണത്തിന് തിരിച്ചടിയായി. കേരളത്തിൽ ഇന്നു വില കുറയുമെന്ന സൂചനയാണ് രാജ്യാന്തര വിലയിലെ ഇടിവു നൽകുന്നത്.
ഓഹരി ഇടപാടിൽ തിരിമറി; യുഎസ് കമ്പനിക്ക് സെബിയുടെ വിലക്ക്
ഇന്ത്യയിൽ ഓഹരി ഇടപാടുകളിൽ തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎസ് സ്റ്റോക്ക് ട്രേഡിങ് കമ്പനിയായ ജെയിൻ സ്ട്രീറ്റ് ഗ്രൂപ്പിന് വിലക്ക് ഏർപ്പെടുത്തി സെബി. ഇന്ത്യയിൽ ഓഹരി വാങ്ങാനോ വിൽക്കാനോ ആണ് വിലക്ക്. പുറമെ കമ്പനിയുടെ 4,840 കോടി രൂപ വരുന്ന നിക്ഷേപം മരവിപ്പിക്കാനും സെബി തീരുമാനിച്ചു. അനധികൃത നേട്ടം സമ്പാദിച്ചു എന്നു ചൂണ്ടിക്കാട്ടിയാണിത്. കഴിഞ്ഞവർഷം കമ്പനി ഇന്ത്യയിൽ നിന്നു നേടിയ വരുമാനം 230 കോടി ഡോളറായിരുന്നു (ഏകദേശം 20,000 കോടി രൂപ).
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)