
പ്രാർഥിക്കാൻ എല്ലാവർക്കും ഓരോ കാരണങ്ങളുണ്ട്. ഇഷ്ടകാര്യം നടക്കാനും ആയുരാരോഗ്യ സൗഖ്യം നേടാനുമൊക്കെ ഇഷ്ടദൈവത്തിനു വഴിപാടുകൾ നേരുന്നവർ ധാരാളം. എന്നാൽ, ഉദ്ദേശിച്ച സമയത്ത് വഴിപാടുകളും പൂജകളും നടത്താൻ പറ്റാറുണ്ടോ? പലർക്കും ജീവിതത്തിരക്കുമൂലം അതൊന്നും സമയത്തിന് സാധ്യമാകാറില്ല. മറ്റുചിലരാകട്ടെ ജോലിക്കും മറ്റുമായി ദൂരദേശത്തുമായിരിക്കും. എന്നാൽ, ഇനി വഴിപാടും പൂജകളും നീണ്ടുപോകുന്നതിനെ കുറിച്ച് ടെൻഷനേ വേണ്ടെന്ന് പറയുകയാണ്, കൊച്ചി ആസ്ഥാനമായ ഇൻഇറ്റ് സൊല്യൂഷൻസ് (InIT Solutions) ഒരുക്കിയ ‘ബുക്ക് സേവ’.
സ്വപ്ന സംരംഭങ്ങൾക്ക് സാക്ഷാത്കാരത്തിന്റെ പുതുചിറകു സമ്മാനിച്ച് ഒരുക്കിയ ‘’ ബിസിനസ് പിച്ച് റിയാലിറ്റി ഷോയിൽ നിക്ഷേപക പാനൽ അംഗങ്ങളുടെ വൻ കൈയടിയാണ് ബുക്ക് സേവ ടീം നേടിയത്. കമ്പനിയുടെ തുടർ വളർച്ചയ്ക്കുള്ള പിന്തുണയും സ്വന്തമാക്കി. ജെയിൻ യൂണിവേഴ്സിറ്റിയുമായി ചേർന്നൊരുക്കുന്ന മനോരമ ഓൺലൈൻ എലവേറ്റിന്റെ എപ്പിസോഡ്-5 കാണാം.
ബുക്ക് സേവ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് ഏതാനും ക്ലിക്കിലൂടെ ക്ഷേത്ര വഴിപാടുകളും പൂജകളും ബുക്ക് ചെയ്യാമെന്നതാണ് പ്രത്യേകത. തിരക്കേറിയ ക്ഷേത്രത്തിൽ നേരിട്ടെത്തി പൂജയും വഴിപാടുകളും നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും ബുക്ക് സേവ സഹായിക്കും. ഇഷ്ടപ്പെട്ട പൂജയോ വഴിപാടോ ക്ഷേത്രത്തിലെത്തിയാൽ, സമയനഷ്ടമില്ലാതെ ദർശനം നടത്തി പ്രാർഥിക്കാം. വഴിപാടും പൂജയും ബുക്ക് ചെയ്യാനായി കൗണ്ടറിനു മുന്നിൽ മണിക്കൂറുകൾ ക്യൂ നിൽക്കുന്നത് ഒഴിവാക്കാം.
2016ൽ കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്ന സന്ദർഭത്തിലാണ് ‘ബുക്ക് സേവ’ എന്ന ആശയം മനസ്സിലുദിച്ചതെന്ന് കമ്പനിയുടെ സ്ഥാപകനും ഡയറക്ടറുമായ സുരേന്ദ്രനാഥ കമ്മത്ത് പറഞ്ഞു. അന്നു തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹവും കുടുംബവും. അപകടസ്ഥലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിന് വരുന്നതിനാൽ റോഡാകെ ട്രാഫിക് ബ്ലോക്കിലായി. ഉദ്ദേശിച്ച സമയത്ത് ക്ഷേത്രസന്ദർശനവും സാധ്യമായില്ല.
അപ്പോഴാണ് ‘ബുക്ക് സേവ’ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. ഐടി രംഗത്താണ് ജോലി എന്നതിനാൽ ആശയം എളുപ്പത്തിൽ പ്രവർത്തികമാക്കാനാകുമെന്ന ആത്മവിശ്വാസവുമുണ്ടായി. സുഹൃത്തുക്കളും കമ്പനിയുടെ മറ്റ് സ്ഥാപക ഡയറക്ടർമാരുമായ ശ്രീവിദ്യ വി. പൈ, വി. ഗോവിന്ദരാജ്, സുധീഷ് ഷേണായ് എന്നിവരും ഒപ്പം ചേർന്നു. പിന്നീട്, കോവിഡ്കാലത്ത് ക്ഷേത്രങ്ങൾ അടഞ്ഞുകിടന്നതോടെ ബുക്ക് സേവയെ തേടി ഭക്തരൊഴുകി. കോവിഡനന്തരം രാജ്യത്ത് ഡിജിറ്റൽ സേവനങ്ങൾ കൈവരിച്ച വൻ മുന്നേറ്റവും സ്വീകാര്യതയും ബുക്ക് സേവയ്ക്കും നേട്ടമായി.
കോട്ടയം കുമാരനല്ലൂർ ദേവിക്ഷേത്രം, മള്ളിയൂർ ഗണപതി ക്ഷേത്രം, കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, തോട്ടുവ ശ്രീ ധന്വന്തരി ക്ഷേത്രം തുടങ്ങി കേരളത്തിലെ 300ലേറെ ക്ഷേത്രങ്ങളിൽ വഴിപാടുകൾ ബുക്ക് സേവ വഴി ബുക്ക് ചെയ്യാം. ഇതിനു പുറമെ ഓരോ ക്ഷേത്രത്തിലെയും ദൈനംദിന മാനേജ്മെന്റ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാവുന്ന എന്റർപ്രൈസസ് റിസോഴ്സ് പ്ലാനിങ് (ഇആർപി) സോഫ്റ്റ്വെയറും കസ്റ്റമൈസ് ചെയ്ത് ബുക്ക് സേവ ടീം നിർമിച്ച് നൽകുന്നുണ്ട്. ‘സോപാനം’ എന്ന പേരിലാണ് ഇതാരംഭിച്ചത്.
ഗുരുവായൂർ ക്ഷേത്രം, പാറമേക്കാവ് ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം തുടങ്ങി കേരളത്തിലെ നിരവധി ക്ഷേത്രങ്ങളും കൊൽക്കത്ത, ചെന്നൈ തുടങ്ങിയ ഇടങ്ങളിലെ നിരവധി ക്ഷേത്രങ്ങളും ബുക്ക് സേവയുടെ സോഫ്റ്റ്വെയർ ഉപയോഗിക്കുന്നു. ഇതിനകം 10,000ലേറെ ഭക്തരാണ് ബുക്ക് സേവ വഴി വഴിപാടുകളും മറ്റും നടത്തിയത്. കൗണ്ടർ ജോലികൾ ഉൾപ്പെടെ ഓൺലൈനിലാക്കി, ക്ഷേത്രങ്ങളെയും ഡിജിറ്റലൈസ് ചെയ്യുകയാണ് ബുക്ക് സേവയെന്ന് സുരേന്ദ്രനാഥ കമ്മത്ത് പറഞ്ഞു.
ഈ വർഷം ജൂണോടെ ബുക്ക് സേവയിൽ ഓൺലൈൻ പൂജാ സ്റ്റോർ, പ്രസാദം ഡെലിവറി, സ്പിരിച്വൽ ടൂറിസം തുടങ്ങിയ സേവനങ്ങളും ആരംഭിക്കും. ഭക്തർക്ക് വീടുകളിൽ പ്രത്യേക പൂജകൾക്കായി പൂജാരിമാരെയും ബുക്ക് ചെയ്യാനാകും. ഇതു പൂജാരിമാർക്കും വരുമാന മാർഗമാകുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു വർഷത്തിനകം 2,500 ക്ഷേത്രങ്ങളെയും 10 ലക്ഷത്തിലധികം ഭക്തരെയും ബുക്ക് സേവയിൽ എത്തിക്കുകയാണ് ലക്ഷ്യം. ഈ രംഗത്ത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഇങ്ങനെ വൈവിധ്യമായ സേവനങ്ങൾ നൽകുന്ന മറ്റൊരു കമ്പനിയുമില്ലെന്ന് അദ്ദേഹം പറയുന്നു. കേരളത്തിലും ഇത്തരമൊരു ആശയം ഇതാദ്യം. പ്രസിദ്ധമായ ക്ഷേത്രങ്ങളിലെ ഭാഗവതസത്രം ഉൾപ്പെടെയുള്ള പ്രധാന ചടങ്ങുകൾ ലൈവായി കാണാനുള്ള സൗകര്യവും ബുക്ക് സേവയിലുണ്ട്.
കേരളത്തിൽ ചെറുതും വലുതുമായ 20,000ഓളം ക്ഷേത്രങ്ങളുണ്ട്. ഇതിൽ 16,000ഓളവും സ്വകാര്യ ക്ഷേത്രങ്ങളാണെന്നത് ബുക്ക് സേവയ്ക്ക് മുന്നിൽ വലിയ അവസരമാണ് തുറക്കുന്നതെന്നും സുരേന്ദ്രനാഥ കമ്മത്ത് പറഞ്ഞു. ഇന്ത്യയുടെ ജിഡിപിയിൽ ക്ഷേത്രങ്ങളുടെ സംഭാവന 2.3 ശതമാനത്തിലധികമാണ്. വലിയൊരു വിപണിയാണിതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.