ഇന്ത്യയും യുഎസും തമ്മിലെ ഉഭയകക്ഷി വ്യാപാരക്കരാർ ആദ്യം പ്രഖ്യാപിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നടപടി വെറും ആവേശം! വ്യാപാരക്കരാർ സംബന്ധിച്ച ഏകദേശ ധാരണയെക്കുറിച്ച് മാത്രമാണ് ട്രംപ് പറഞ്ഞതെന്നും അന്തിമരൂപമായിട്ടില്ലെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു.
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ തീരുവ പൂജ്യമാക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
എന്നാൽ, ഇക്കാര്യത്തിലൊന്നും അന്തിമ തീരുമാനമായിട്ടില്ല. ഇന്ത്യയ്ക്കുള്ള തീരുവ 50ൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചെങ്കിലും പല ഇന്ത്യൻ ഉൽപന്നങ്ങൾക്കും അമേരിക്കയിലും തീരുവ പൂജ്യമായിരിക്കുമെന്നും അവർ വ്യക്തമാക്കി.
ആർക്കും ഒന്നും അറിയില്ല!
വ്യാപാരക്കരാർ സംബന്ധിച്ച വിശദാംശങ്ങൾ ട്രംപോ പ്രധാനമന്ത്രി മോദിയോ ഇന്നലെ പത്രസമ്മേളനം വിളിച്ച കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലോ വെളിപ്പെടുത്താത്തത് ഇന്ത്യയിലും അമേരിക്കയിലും അവ്യക്തത സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യയിൽ പ്രതിപക്ഷം വിമർശനം തൊടുത്തുകഴിഞ്ഞു. അദാനിക്കെതിരായ കേസും എപ്സ്റ്റീൻ ഫയലുകളും ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെ സമ്മർദത്തിലാക്കിയാണ് അമേരിക്ക അവർക്ക് അനുകൂലമായ ഡീൽ ഉറപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുറന്നടിച്ചു.
അമേരിക്കൻ കാർഷികോൽപന്നങ്ങൾ തീരുവയൊന്നുമില്ലാതെ ഇന്ത്യയിലേക്ക് കടന്നുകയറുമോ എന്ന ഭീതി ആഭ്യന്തര കാർഷികരംഗത്തും ശക്തമായി.
എന്നാൽ, ഇന്ത്യയുടെ കാർഷിക, ക്ഷീര മേഖലയെ സംരക്ഷിക്കുമെന്നും കരാർ സംബന്ധിച്ച് ഇന്ത്യയും അമേരിക്കയും സംയുക്ത പ്രസ്താവന ഇറക്കുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു.
സം‘പൂജ്യ’മെന്ന് അമേരിക്ക
അമേരിക്കയുടെ പച്ചക്കറി, പഴവർഗങ്ങൾ, വൈൻ തുടങ്ങി നിരവധി ഉൽപന്നങ്ങൾക്ക് ഇന്ത്യ തീരുവ പൂജ്യമാക്കുമെന്നാണ് ധാരണയെന്ന് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ജേമിസൺ ഗ്രീർ പറഞ്ഞു. അതേസമയം ഇതിൽ അരി, സോയാബീൻ, ബീഫ്, പാലുൽപന്നങ്ങൾ, പഞ്ചസാര എന്നിവയും ഉൾപ്പെടുന്നുണ്ടോ എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇവയ്ക്കും തീരുവ പൂജ്യമാണെങ്കിൽ അത് ഇന്ത്യയിൽ വീണ്ടും കർഷക പ്രക്ഷോഭത്തിന് വഴിയൊരുക്കും.
മലക്കംമറിയുമോ ഓഹരി?
ഇന്ത്യയ്ക്കുമേലുള്ള പകരംതീരുവ 50ൽ നിന്ന് 18 ശതമാനമാക്കുമെന്ന ട്രംപിന്റെ പ്രസ്താവന ഇന്നലെ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ ആഘോഷമാക്കിയിരുന്നു. നിഫ്റ്റി 640 പോയിന്റ് (+2.55%) കുതിച്ച് 25,727ലും സെൻസെക്സ് 2072 പോയിന്റ് (+2.54%) നേട്ടവുമായി 83,739ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
കയറ്റുമതി അധിഷ്ഠിതമായ ചെമ്മീൻ, വസ്ത്രം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികളെല്ലാം കുതിച്ചുകയറി.
കിറ്റെക്സ് പല ഓഹരികളും അപ്പർ-സർക്യൂട്ടിലുമെത്തി. ഇന്ത്യ-യുഎസ് ഊർജ ഇടപാട് നേട്ടമാകുന്ന പ്രതീക്ഷയോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളും മുന്നേറിയിരുന്നു.
ഇന്നുപക്ഷേ, ഗിഫ്റ്റ് നിഫ്റ്റി നൽകുന്നത് കടകവിരുദ്ധ സൂചനയാണ്.
ഗിഫ്റ്റ് നിഫ്റ്റി രാവിലെ 80 പോയിന്റ് ഇടിഞ്ഞത് ആശങ്കയാകുന്നു. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെ തുടങ്ങുമോ? വിപണിയിൽ വിൽപനസമ്മർദം ആഞ്ഞുവീശുമോ? ഇന്നലെ ഡോളറിനെതിരെ രൂപയും മുന്നേറി.
117 പൈസ കയറി മൂല്യം 90.32ൽ എത്തി. 2018നുശേഷം രൂപ കാഴ്ചവയ്ക്കുന്ന ഏറ്റവും മികച്ച ഏകദിന പ്രകടനമാണിത്.
∙ ഇന്ത്യ-യുഎസ് പിണക്കംമാറുന്നെന്ന വിലയിരുത്തൽ വിദേശ നിക്ഷേപകർക്കും (എഫ്ഐഐ) ആവേശമായി.
അവർ ഇന്നലെ 5,236.28 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങിക്കൂട്ടി.
അമേരിക്കൻ വിപണിയെ തളർത്തി വീണ്ടും എഐ കുമിള
എഐ അധിഷ്ഠിത കമ്പനികളുടെ ഓഹരികളിൽ വീണ്ടും വിൽപനസമ്മർദം ശക്തമായത് യുഎസ് ഓഹരി വിപണികൾക്ക് തിരിച്ചടിയായി. യുഎസ് ഫ്യൂച്ചേഴ്സിൽ നാസ്ഡാക്, എസ് ആൻഡ് പി500, ഡൗ ജോൺസ് എന്നിവ 0.1% വരെ താഴ്ന്നു.
മൈക്രോസോഫ്റ്റ്, എൻവിഡിയ, ഓറക്കിൾ, ബ്രോഡ്കോം തുടങ്ങിയ കമ്പനികളുടെ ഓഹരികൾ 7% വരെ ഇടിഞ്ഞതും തിരിച്ചടി.
യുഎസ് ഓഹരികളുടെ നഷ്ടം ഏഷ്യൻ വിപണികളെയും സ്വാധീനിച്ചു. ജാപ്പനീസ് നിക്കേയ്, ചൈനയിൽ ഷാങ്ഹായ്, ഹോങ്കോങ് തുടങ്ങിയവ 0.60% വരെ നഷ്ടത്തിലായി.
ഇന്ത്യൻ വിപണിക്കും ഇത് സമ്മർദമാകും.
സ്വർണം വീണ്ടും കുതിപ്പിൽ, ‘5000’ ഭേദിച്ചു
സ്വർണവില വീണ്ടും കുതിപ്പിന്റെ ട്രാക്കിലായി. രാജ്യാന്തരവില ഔൺസിന് 400 ഡോളറിലേറെ മുന്നേറി വീണ്ടും 5,000 ഡോളറിന് മുകളിലെത്തി.
ഒരുവേള 5,063 വരെ എത്തിയ വില ഇപ്പോഴുള്ളത് 5,055 ഡോളറിൽ. കേരളത്തിൽ ഇന്ന് പവൻവില 6,000 രൂപയ്ക്കടുത്ത് ഉയർന്നാലും അതിശയിക്കേണ്ട.
∙ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ പുതിയ ചെയർമാനായി തന്റെ വിശ്വസ്തൻ കെവിൻ വാർഷിനെ ട്രംപ് നാമനിർദേശം ചെയ്തിരുന്നു.
∙ കെവിൻ പലിശ കുറയ്ക്കില്ലെന്നും പണപ്പെരുപ്പ പോരാളിയാണെന്നും വിലയിരുത്തപ്പെട്ടതോടെ കഴിഞ്ഞയാഴ്ച സ്വർണവില കുത്തനെ ഇടിഞ്ഞിരുന്നു.
∙ എന്നാൽ, കെവിൻ തന്റെ പഴയ നിലപാട് തുടരില്ലെന്നും പലിശ കുറയ്ക്കണമെന്ന ട്രംപിന്റെ നിലപാടായിരിക്കും പിന്തുടരുകയെന്നും നിരീക്ഷകർ വാദിക്കാൻ തുടങ്ങിയതോടെ സ്വർണവില തിരിച്ചുകയറ്റം തുടരുകയായിരുന്നു.
∙ ഇറാൻ-യുഎസ് ഭിന്നതയ്ക്ക് അയവില്ലാത്തതും ഇറാന്റെ ഡ്രോൺ യുഎസ് വെടിവച്ചിട്ടതും എണ്ണവില വീണ്ടും കൂടാനിടയാക്കി.
ബാരലിന് 1.25% ഉയർന്ന് 68.17 ഡോളറാണ് ബ്രെന്റ് വില.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

