കൊച്ചി ∙ ഒരു നഗരത്തിന് സ്വന്തമായി തലച്ചോറുണ്ടെങ്കിലോ? ലഭ്യമാവുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ ഗണിക്കാനും അതനുസരിച്ച് തീരുമാനമെടുക്കാനും സാധിക്കുമെങ്കിലോ? അങ്ങനെയെങ്കിൽ ഏതു പൈപ്പിലായിരിക്കാം ചോർച്ചയുണ്ടാവാൻ സാധ്യത, മാലിന്യക്കുഴലിൽ എവിടെയായിരിക്കും തടസമുണ്ടാവുക, ഏതു ഭാഗത്താണ് ട്രാഫിക് ബ്ലോക് ഉണ്ടാവുക, എങ്ങോട്ട് ഗതാഗതം വഴിമാറ്റി വിട്ടാലാണ് തിരക്കു കുറയ്ക്കുക തുടങ്ങി ദൈനംദിന ജീവിതത്തിലേക്ക് നിർമിതബുദ്ധി (എഐ)യെ ചേർത്തു വച്ചുള്ള ഒരു ടൗൺഷിപ്പാണ് സർക്കാർ ലക്ഷ്യമിട്ടിട്ടുള്ള ഇൻഫോപാർക്ക് ഫെയ്സ് 3. കൊച്ചിയിലെ ഇൻഫോപാർക്ക് ഫെയ്സ് 1, ഫെയ്സ് 2 എന്നിവ ഇനിയൊരു ഐടി കമ്പനിക്കു കൂടി പ്രവർത്തിക്കാനാവാത്ത വിധം നിറഞ്ഞു കഴിഞ്ഞു.
ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ട വികസനം ഐടി പാർക്ക് മാത്രമല്ല, എഐയെ അടിസ്ഥാനമാക്കിയുള്ള ഒരു ടൗൺഷിപ്പായി തന്നെ വികസിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമായി.
പദ്ധതി കടലാസിലായെങ്കിലും സ്ഥലം ലഭ്യമാക്കുക എന്ന ഭഗീരഥ പ്രയത്നം എത്രത്തോളം വിജയിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻഫോപാർക്ക് ഫെയ്സ് 3 നിലവിൽ വരിക. അതിനായി ഇത്തവണ ലാൻഡ് പൂളിങ് എന്ന മാതൃകയാണ് സർക്കാർ പിന്തുടരുന്നത്.
∙ ഇൻഫോപാർക്ക് ഫെയ്സ് 3
300 ഏക്കർ സ്ഥലമേറ്റെടുത്ത് അവിടെ ഒരു ‘ഇന്റഗ്രേറ്റഡ് എഐ ടൗൺഷിപ്’ നിർമിക്കുക എന്നതാണ് ഫെയ്സ് 3.
കൊച്ചിയുടെ വികസന സ്വപ്നങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും പദ്ധതിയെന്നും ഫെയ്സ് 4 മുതൽ ഇതിന്റെ ബാക്കിയായി നിർമാണം നടക്കുമെന്നുമാണ് സർക്കാർ പറയുന്നത്. ഇൻഫോപാർക്ക് ഫെയ്സ് 1, 2 പദ്ധതികൾ ആകെ 92 ലക്ഷം ചതുരശ്ര അടിയാണെങ്കിൽ ഫെയ്സ് 3 ഉദ്ദേശിക്കുന്നത് 2 കോടി ചതുരശ്ര അടിയിലാണ്.
300 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി വേണ്ടി വരിക എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 200 ഏക്കറിലായിരിക്കും എഐ ടൗൺഷിപ്പ്.
100 ഏക്കറിൽ ഐടി പാർക്കും. രണ്ടു ലക്ഷം പേർക്ക് പ്രത്യക്ഷത്തിലും നാലു ലക്ഷം പേർക്ക് പരോക്ഷമായും തൊഴിൽ ലഭ്യമാക്കും എന്നാണ് സർക്കാർ പറയുന്നത്.
25,000 കോടി രൂപയുടെ നിക്ഷേപം ഇവിടെ പ്രതീക്ഷിക്കുന്നു.
∙ എഐ ഇന്റഗ്രേറ്റഡ് ടൗൺഷിപ്പ്
കൊച്ചിയുടെ അതിവേഗ വളർച്ചയും നിലവിലുള്ള ഇൻഫോപാർക്ക് കാമ്പസുകളിലെ സ്ഥലപരിമിതിയും കണക്കിലെടുത്താണ് ഇൻഫോപാർക്ക് മൂന്നാം ഘട്ടമെന്ന പേരിൽ 300 ഏക്കറിലധികം വിസ്തൃതിയിൽ പദ്ധതി ഒരുങ്ങുന്നത്. വെറുമൊരു ഐടി പാർക്ക് വികസനമല്ല, മറിച്ച് ‘ഇന്റഗ്രേറ്റഡ് എ.ഐ ടൗൺഷിപ്പ്’ എന്ന ആഗോള സങ്കൽപ്പത്തിൽ ഒരുങ്ങുന്ന ഒരു സാങ്കേതിക കേന്ദ്രമാണ്.
ആഗോള ടെക് കമ്പനികളെയും ഗ്ലോബൽ കേപ്പബിലിറ്റി സെന്റർ (ജി.സി.സി) മേഖലയിലെ മുൻനിര കമ്പനികളെയും ആകർഷിക്കാൻ ലക്ഷ്യമിടുന്നു. ഐടി സമുച്ചയങ്ങൾക്കു പുറമെ 5,000ത്തോളം പാർപ്പിട
സൗകര്യങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക–സാംസ്കാരിക കേന്ദ്രങ്ങൾ, ലോകോത്തര ബ്രാന്‍ഡുകളുള്ള ഷോപ്പിങ് മാളുകൾ, ആംഫി തിയറ്റർ, ആധുനിക ആശുപത്രി, ബഹുനില പാർക്കിങ് സംവിധാനങ്ങൾ, പാർക്കുകൾ എല്ലാം അടങ്ങുന്നതാണ് ടൗൺഷിപ്പ്. എല്ലാ നഗര പ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്ന ഒരു കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ തത്സമയം ഡാറ്റ വിശകലനം ചെയ്ത് പ്രശ്നങ്ങൾ മുൻകൂട്ടി പരിഹരിക്കുന്ന സംവിധാനമാണ് ലക്ഷ്യം.
∙ ലാൻഡ് പൂളിങ് എന്ന പുതിയ മാർഗം
എറണാകുളം ജില്ലയിൽ നിലവിലെ ഇൻഫോപാർക്കുകളോട് ചേർന്നു പോകുന്ന വിധത്തിൽ കിഴക്കമ്പലം, കുന്നത്തുനാട് വില്ലേജുകളിലായി 300 ഏക്കർ സ്ഥലമാണ് പദ്ധതിക്കായി ലക്ഷ്യമിടുന്നത്.
ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും ഗുജറാത്ത്, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും പിന്തുടരുന്ന ലാൻഡ് പൂളിങ് മാതൃകയാണ് ഫെയ്സ് 3ക്കുള്ള സ്ഥലം കണ്ടെത്താനും പിന്തുടരുന്നത്. ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിന് പകരം സ്വകാര്യ ഭൂവുടമകളുടെ ചെറിയ തുണ്ട് ഭൂമികൾ ഒരുമിപ്പിച്ച് വലിയ പ്ലോട്ടാക്കി മാറ്റുന്നു.
ഈ ഭൂമിയിൽ റോഡുകൾ, മറ്റ് പൊതു സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി വികസിപ്പിക്കുന്നു. ശേഷം ഈ വികസിപ്പിച്ച ഭൂമിയുടെ ഒരു ഭാഗം 30–35 ശതമാനം പദ്ധതിക്കായി ഉപയോഗിക്കുകയും ബാക്കിയുള്ള ഭാഗം ഭൂവുടമകൾക്ക് തിരികെ നൽകുകയും ചെയ്യുന്നു.
അടിസ്ഥാന വികസനം നടക്കുന്നു എന്നതിനാൽ ഭൂമിയുടെ മൂല്യം പല മടങ്ങ് വർദ്ധിക്കുകയും ഇത് ഭൂവുടമകൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുകയും ചെയ്യും എന്നതാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്. നിക്ഷേപകരുമായി ഈ ഭൂമിയുടെ ഇടപാടുകൾ ഭൂവുടമകൾ നേരിട്ടായിരിക്കും.
∙ ജിസിഡിഎ ഏറ്റെടുക്കുന്നു, ഇൻഫോപാർക്ക് വികസിപ്പിക്കുന്നു
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസമാണ് പദ്ധതിക്കായി ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിലും ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ളയും ധാരണാപത്രം ഒപ്പുവയ്ക്കുന്നത്.
ജിസിഡിഎ ആണ് ലാൻഡ് പൂളിങ് പ്രക്രിയക്ക് നേതൃത്വം നൽകുന്നത്. സ്ഥലം കണ്ടെത്തൽ, സ്ഥല ഉടമകളുമായി ചർച്ച, സര്‍വേ ജോലികൾ, അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ട
പ്രവൃത്തികൾ നടത്തി വികസിപ്പിച്ച പ്ലോട്ടുകളാക്കാനുള്ള നടപടികള്‍, അവ തിരികെ ഭൂവുടമകളുടെ ഉടമസ്ഥാവകാശത്തിലേക്ക് നല്കൽ തുടങ്ങിയവയെല്ലാം ജിസിഡിഎയുടെ ചുമതലയാണ്. കേരള ലാന്‍ഡ് പൂളിങ് ചട്ടങ്ങള്‍ പ്രകാരമാണ് നടപടികളെന്ന് കര്‍ശനമായി ഉറപ്പു വരുത്തേണ്ടതും ജിസിഡിഎ ആണ്.
എന്നാൽ പദ്ധതിയുടെ ഉടമസ്ഥത ഇൻഫോപാർക്കിനായിരിക്കും. ലാൻഡ് പൂളിങ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജിസിഡിഎയും ഇൻഫോപാർക്കും ചേർന്ന് ഒരു വർഷത്തിനുള്ളിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
സ്ഥലത്തിന്റെ മാസ്റ്റര്‍ പ്ലാനിങ്, ഐടി കമ്പനികളെ ആകര്‍ഷിക്കൽ, മാര്‍ക്കറ്റിങ് തുടങ്ങിയവയും ഇന്‍ഫോപാര്‍ക്കിന്റെ ഉത്തരവാദിത്തമാണ്. ലാന്‍ഡ് പൂളിങ്ങിനും മറ്റ് അനുബന്ധ സൗകര്യങ്ങള്‍ക്കുമുള്ള ചെലവ് ഇന്‍ഫോപാര്‍ക്ക് വഹിക്കണം.
∙ വെല്ലുവിളികൾ
ലാൻഡ് പൂളിങ് എങ്കിലും പദ്ധതിക്കായി സ്ഥലം ലഭ്യമാവുക എന്നതു തന്നെയായിരിക്കും പ്രധാന വെല്ലുവിളി.
ലാൻഡ് പൂളിങ് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് നിർദ്ദേശിക്കപ്പെട്ട ഭൂമിയുടെ 75% ഉടമസ്ഥരുടെ സമ്മതം ലഭിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂ.
75% ഭൂവുടമകളുടെ സമ്മതം ലഭിക്കാത്തപക്ഷം അനുയോജ്യമായ മറ്റു ഭൂമി കണ്ടെത്തണം. നിലവിൽ പദ്ധതി വിഭാവനം ചെയ്യുന്ന കിഴക്കമ്പലം, കുന്നത്തൂർ വില്ലേജുകളിൽ ഒറ്റയടിക്ക് ഇത്രയധികം ഭൂമി ലഭിക്കുക എളുപ്പമല്ല.
അങ്ങനെയെങ്കിൽ തിരുവാണിയൂർ അടക്കമുള്ള അടുത്ത പ്രദേശങ്ങളിലേക്കും സ്ഥലലഭ്യത നേക്കേണ്ടി വരും. മറ്റൊന്നാണ് ലാൻഡ് പൂളിങ് എന്ന തീരെ പരിചയമില്ലാത്ത ഭൂമി ഏറ്റെടുക്കൽ മാതൃക ഭൂവുടമകളെ ബോധ്യപ്പെടുത്തുകയും തർക്കങ്ങളില്ലാതെ സ്ഥലം ലഭ്യമാക്കുകയും ചെയ്യുക എന്നത്.
തിരികെ ലഭിക്കുന്ന ഭൂമി കൂടിയ വിലയ്ക്ക് വിൽക്കുന്നത് നിക്ഷേപകരെ കൂടി അടിസ്ഥാനപ്പെടുത്തിയാവും. വില കിട്ടിയാൽ തന്നെ തുണ്ടുഭൂമികൾ ജനങ്ങൾ വിട്ടു നൽകുമോ എന്നതും പ്രധാനമാണ്.
കൊച്ചി നഗരത്തിലെ റോഡ്, ട്രാഫിക്, കണക്ടിവിറ്റി തുടങ്ങിയ പ്രശ്നങ്ങൾക്കും ഇതോടൊപ്പം പരിഹാരം കണ്ടെത്തേണ്ടി വരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]