യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിലെ വാക്പ്പോര് വീണ്ടും രൂക്ഷമാകുന്നു. റഷ്യയെ ‘കടലാസ് പുലി’യെന്ന് വിശേഷിപ്പിച്ച ട്രംപിനെതിരെ ആഞ്ഞടിച്ച് പുട്ടിൻ രംഗത്തെത്തി.
‘റഷ്യ കടലാസ് പുലിയെങ്കിൽ നിങ്ങൾ ആരാ?’ എന്ന് നാറ്റോയുടെ പ്രതിരോധശക്തിയെ പരിഹസിച്ച് പുട്ടിൻ ചോദിച്ചു. യുക്രെയ്ന് ഉഗ്രശേഷിയുള്ള ‘തമഹോക്’ മിസൈലുകൾ നൽകാനുള്ള യുഎസിന്റെ നീക്കം ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും പുട്ടിൻ നൽകി.
ഇന്ത്യയെയും ചൈനയെയും തീരുവകാട്ടി പേടിപ്പിക്കേണ്ടെന്നും പുട്ടിൻ പറഞ്ഞു.
റഷ്യൻ എണ്ണയുടെ വിതരണം തടയാനും ഇന്ത്യയ്ക്കുമേൽ അധിക തീരുവ ചുമത്താനുമുള്ള ട്രംപിന്റെ തീരുമാനം യുഎസിന് തന്നെ ബൂമറാങ്ങാകും. റഷ്യൻ എണ്ണ വിതരണം നിലച്ചാൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കത്തിക്കയറും.
അത് യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിനെ പലിശനിരക്ക് കുത്തനെ കൂട്ടാൻ നിർബന്ധിതരാക്കും. ഫലത്തിൽ യുഎസ് സമ്പദ്വളർച്ച തന്നെയാകും ഇടിയുകയെന്ന് പുട്ടിൻ പറഞ്ഞു.
രാജ്യാന്തരതലത്തിൽ അപമാനിക്കപ്പെടാൻ ഇന്ത്യ ഒരിക്കലും നിന്നുകൊടുക്കില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനു സമ്മതിക്കുകയുമില്ലെന്ന് പുട്ടിൻ പറഞ്ഞു.
റഷ്യൻ എണ്ണ വേണ്ടെന്ന് ഇന്ത്യ തീരുമാനിച്ചാൽ അവർക്ക് 9-10 ബില്യൻ ഡോളർ നഷ്ടമുണ്ടാകും. റഷ്യ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ട്രംപ് അധികത്തീരുവ ഏർപ്പെടുത്തിയാലും നഷ്ടം ഇതേനിരക്കിൽ തന്നെയായിരിക്കും.
പിന്നെ എന്തിനാണ് അമേരിക്കയുടെ ‘രാഷ്ട്രീയത്തിനു’ വഴങ്ങി ഇന്ത്യ റഷ്യൻ എണ്ണ വേണ്ടെന്നുവയ്ക്കുന്നതെന്നും പുട്ടിൻ ചോദിച്ചു.
റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ നീങ്ങുന്നത് യുഎസിന്റെ ഇരട്ടത്താപ്പാണെന്നും പുട്ടിൻ തുറന്നടിച്ചു. ലോകത്ത് ആണവോർജ പ്ലാന്റുകൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ രാജ്യമാണ് യുഎസ്.
അവർക്കതിന് യുറേനിയം ആവശ്യമാണ്. അവരത് ഇപ്പോഴും വാങ്ങുന്നത് റഷ്യയിൽ നിന്നുതന്നെയാണെന്നും പുട്ടിൻ പറഞ്ഞു.
ഇന്ത്യയും റഷ്യയും തമ്മിൽ വ്യാപാര പേയ്മെന്റിൽ ഇപ്പോഴും പ്രശ്നങ്ങളുണ്ട്. ബ്രിക്സ് തലത്തിൽ ചർച്ച ചെയ്ത് ഇതിനുപരിഹാരം കാണുമെന്നും പുട്ടിൻ വ്യക്തമാക്കി.
ഡിസംബറിൽ പുട്ടിൻ ഇന്ത്യ സന്ദർശിക്കും.
ഓഹരി വിപണിക്ക് ‘ഷട്ട്ഡൗൺ’ ആശങ്ക
പ്രവർത്തനച്ചെലവിനുള്ള ഫണ്ട് സംബന്ധിച്ച ബിൽ പാസാകാത്തതിനെ തുടർന്ന് യുഎസിൽ ട്രംപിന്റെ ‘സർക്കാർ അടച്ചുപൂട്ടലിലേക്ക്’ വീണത് രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾക്ക് ആശങ്കയാകുന്നു. യുഎസ് ഓഹരി സൂചികകൾ റെക്കോർഡ് ഉയരത്തിലേക്ക് കടന്നെങ്കിലും മറ്റ് വിദേശ സൂചികകൾ സമ്മിശ്രട്രാക്കിലാണുള്ളത്.
ഏഷ്യയിൽ ഹോങ്കോങ് സൂചിക 0.48%, യൂറോപ്പിൽ എഫ്ടിഎസ്ഇ 0.20% എന്നിങ്ങനെ താഴ്ന്നു.
ജാപ്പനീസ് നിക്കേയ് 1.57%, ഷാങ്ഹായ് 0.52%, ഡാക്സ് 1.28% എന്നിങ്ങനെ നേട്ടത്തിലേറി. യുഎസിൽ എസ് ആൻഡ് പി500 സൂചിക 0.06%, നാസ്ഡാക് 0.39%, ഡൗ ജോൺസ് 0.17% എന്നിങ്ങനെയും ഉയർന്നു.
നിലവിലെ ‘ഷട്ട്ഡൗൺ’ യുഎസിന്റെ ജിഡിപി വളർച്ചയുടെ വീഴ്ചയ്ക്ക് വഴിവയ്ക്കുമെന്ന് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പറഞ്ഞെങ്കിലും പ്രതിസന്ധി വൈകാതെ അവസാനിക്കുമെന്ന പ്രതീക്ഷയിൽ ഓഹരി വിപണികൾ നേട്ടത്തിലേറുകയായിരുന്നു.
ഷട്ട്ഡൗൺ രണ്ടാഴ്ചയെങ്കിലും നീളുമെന്നാണ് കരുതുന്നത്. യുഎസിൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടാനുള്ള നീക്കത്തിലാണ് ട്രംപ്.
യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ, നാസ്ഡാക്, എസ് ആൻഡ് പി എന്നിവ നേരിയ നേട്ടവും രേഖപ്പെടുത്തി. ഷട്ട്ഡൗണിനെ തുടർന്ന് ഏഴരലക്ഷം സർക്കാർ ജീവനക്കാരാണ് ശമ്പളരഹിത നിർബന്ധിത അവധിയിലേക്ക് പോയത്.
ഗിഫ്റ്റ് നിഫ്റ്റി നഷ്ടത്തിൽ
വിജയദശമി-ഗാന്ധി ജയന്തി അവധിക്കുശേഷം ഇന്നുവീണ്ടും തുറക്കുന്ന ഇന്ത്യൻ ഓഹരി വിപണിയെ കാത്തിരിക്കുന്നത് വെല്ലുവിളികളാണ്.
രാവിലെ ഗിഫ്റ്റ് നിഫ്റ്റി നേരിയ നഷ്ടത്തിലേക്ക് വീണു. സെൻസെക്സും നിഫ്റ്റിയും ഇന്നു നഷ്ടത്തിൽ തുടങ്ങിയേക്കാമെന്ന സൂചനയാണ് ഇതു നൽകുന്നത്.
അതേസമയം ജിഎസ്ടി ഇളവിന് പിന്നാലെ കഴിഞ്ഞദിവസം റിസർവ് ബാങ്കിന്റെ പണനയത്തിൽ നിരവധി അനുകൂല പ്രഖ്യാപനങ്ങളുണ്ടായ പശ്ചാത്തലത്തിൽ, ബുധനാഴ്ച സെൻസെക്സും നിഫ്റ്റിയും മികച്ച നേട്ടം കൊയ്തിരുന്നു.
സെൻസെക്സ് 716 പോയിന്റ് (+0.89%) ഉയർന്ന് 80,983ലും നിഫ്റ്റി 225 പോയിന്റ് (+0.92%) നേട്ടവുമായി 24,836ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. അധികരിക്കുന്ന ഉൽപാദനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ബാരലിന് 60 ഡോളർ നിലവാരത്തിലേക്ക് വീണത് ഇന്ത്യയ്ക്ക് അനുകൂലഘടകമാണ്.
രൂപ കഴിഞ്ഞ സെഷനിൽ ഡോളറിനെതിരെ 9 പൈസ ഉയർന്ന് 88.71ലുമെത്തി.
അതേസമയം, വിദേശ നിക്ഷേപകർ (എഫ്ഐഐ) ഇപ്പോഴും വിറ്റൊഴിയൽ മനോഭാവത്തിലാണ്. കഴിഞ്ഞദിവസം അവർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത് 1,605 കോടി രൂപ.
∙ സെപ്റ്റംബറിലെ ഭേദപ്പെട്ട
വാഹന വിൽപ്പനക്കണക്കുകൾ ഓട്ടോ ഓഹരികളെ ഇന്ന് സ്വാധീനിച്ചേക്കും. ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, മാരുതി സുസുക്കി, ഹീറോ മോട്ടോകോർപ്പ് ഓഹരികളാണ് ശ്രദ്ധാകേന്ദ്രം.
∙ സൗരോർജ വിതരണ പദ്ധതിയിൽ ആന്ധ്രാസർക്കാരുമായി ട്രാൻസ്മിഷൻ ഫീസ് സംബന്ധിച്ച് ധാരണയിലെത്താനാകാത്തത് അദാനി ഗ്രീൻ എനർജിയുടെ ഓഹരികളെ സമ്മർദത്തിലാക്കിയേക്കും.
നേരത്തേ അദാനിക്കെതിരെ യുഎസ് കൈക്കൂലി ആരോപണം ഉന്നയിച്ച പദ്ധതിയാണിത്.
സ്വർണത്തിൽ ചാഞ്ചാട്ടം
രാജ്യാന്തര വിപണിയിൽ സ്വർണവില കനത്ത ചാഞ്ചാട്ടത്തിലാണ്. കഴിഞ്ഞദിവസങ്ങളിൽ വില കുതിച്ചുകയറിയെങ്കിലും പിന്നാലെ ലാഭമെടുപ്പ് ഉണ്ടായത് തിരിച്ചടിയുമായി.
യുഎസിലെ ഭരണസ്തംഭനം, പലിശനിരക്ക് കുറയാനുള്ള സാധ്യത എന്നിവ സ്വർണത്തിന് തിരിച്ചുകയറാനുള്ള ഊർജമാണ്. ഒരുഘട്ടത്തിൽ ഔൺസിന് 3,863 ഡോളറിൽ നിന്ന് 3,841 ഡോളർ വരെ ഇടിഞ്ഞവില ഇപ്പോഴുള്ളത് 3,856 ഡോളറിൽ.
കേരളത്തിൽ ഇന്നും ചെറിയ മാറ്റം പ്രതീക്ഷിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]