ന്യൂഡൽഹി∙ ജിഎസ്ടി നിരക്കുകൾ വെട്ടിക്കുറയ്ക്കുന്നത് വഴി സംസ്ഥാനങ്ങൾക്ക് വൻ വരുമാന നേട്ടമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ചിന്റെ റിപ്പോർട്ട്. ജിഎസ്ടി നിരക്കുകൾ കുറയ്ക്കുകയും സ്ലാബുകൾ ചുരുക്കുകയും വഴി സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും സംയോജിതമായി 85,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് എസ്ബിഐ റിസർച് നേരത്തേ വ്യക്തമാക്കിയിരുന്നു.
എന്നാൽ, നടപ്പുവർഷം തന്നെ സംസ്ഥാനങ്ങൾക്ക് എസ്ജിഎസ്ടി ഇനത്തിൽ 10 ലക്ഷം കോടി രൂപയും കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതമായി 4.1 ലക്ഷം കോടി രൂപയും ലഭിക്കുമെന്നാണ് കരുതുന്നതെന്ന് എസ്ബിഐ റിസർച് വ്യക്തമാക്കി.
ജിഎസ്ടി പരിഷ്കരണത്തിന്റെ പ്രധാനനേട്ടം സംസ്ഥാനങ്ങൾക്കായിരിക്കുമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു. അതേസമയം, സംസ്ഥാനങ്ങൾക്ക് 2 ലക്ഷം കോടി രൂപവരെ നഷ്ടമുണ്ടാകുമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ വാദിക്കുന്നത്.
നേരത്തേ 2018ലും 2019ലും ജിഎസ്ടി നിരക്കുകൾ കുറച്ചപ്പോൾ വരുമാനത്തിൽ 3-4% ഇടിവ് ഹ്രസ്വകാലത്തിൽ നേരിട്ടിരുന്നു. പ്രതിമാസം ശരാശരി 5,000 കോടിയും വർഷം 60,000 കോടിയുമായിരുന്നു കുറഞ്ഞത്.
എന്നാൽ, വൈകാതെ തന്നെ വരുമാനം 5-6 ശതമാനത്തിലേക്ക് മെച്ചപ്പെട്ടുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ജിഎസ്ടി നികുതിഘടന അടിമുടി പൊളിച്ചെഴുതാൻ ലക്ഷ്യംവച്ചുള്ള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഡൽഹിയിൽ നടക്കുകയാണ്. സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന ശുപാർശകളാണ് യോഗം ചർച്ച ചെയ്യുന്നത്.
നാളെ വൈകിട്ടത്തെ വാർത്താസമ്മേളനത്തിൽ യോഗതീരുമാനങ്ങൾ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിക്കും.
ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നികുതി പരിഷ്കാരത്തിനുള്ള വിജ്ഞാപനങ്ങൾ പുറത്തിറങ്ങും. സെപ്റ്റംബർ 22നോടടുപ്പിച്ച് പുതുക്കിയ നികുതി സ്ലാബുകൾ പ്രാബല്യത്തിലായേക്കുമെന്നാണ് സൂചന.
5%, 12%, 18%, 28% എന്നിങ്ങനെയുള്ള നാല് നികുതി സ്ലാബുകൾ 5%, 18% എന്നിങ്ങനെ രണ്ടാക്കി കുറയ്ക്കാനാണ് നീക്കം.
12 ശതമാനവും 28 ശതമാനവും പൂർണമായും ഇല്ലാതാകും. സാധാരണക്കാർ ഉപയോഗിക്കുന്ന മിക്ക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും നികുതി കുറയുമെന്നതിനാൽ വില ഗണ്യമായി കുറയും.
ദീപാവലി സമ്മാനമായിട്ടാണ് നികുതി പരിഷ്കരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞിരുന്നു.
നിലവിൽ 12% നികുതി ബാധകമാകുന്ന 99% ഇനങ്ങൾക്കും 5% എന്ന കുറഞ്ഞ നികുതി മാത്രമേ ചുമത്തൂ. നിത്യോപയോഗ വസ്തുക്കൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, വിദ്യാഭ്യാസച്ചെലവുകൾ എന്നിവയ്ക്ക് ഇതോടെ നികുതി 5 ശതമാനമോ, അതുമല്ലെങ്കിൽ നികുതിയില്ലാതാവുകയോ ചെയ്യും.
28% നികുതി ബാധകമാകുന്നവയുടെ 90% ഇനങ്ങളും 18% നികുതിയിലേക്കു മാറും. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനു ബാധകമായ 18% നികുതി ഒഴിവായേക്കും.
ചെറുകിട
വ്യാപാരികൾക്ക് ഗുണമെന്ന് മന്ത്രി നിർമല
ചെന്നൈ∙ ജിഎസ്ടി പരിഷ്കാരങ്ങൾ സുതാര്യവും വിശാലവുമായ സമ്പദ്വ്യവസ്ഥ സൃഷ്ടിക്കുമെന്നും ചെറുകിട വ്യാപാരികൾക്കു ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. സിറ്റി യൂണിയൻ ബാങ്കിന്റെ 120–ാം സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരുടെ ഡിജിറ്റൽ സാക്ഷരത, സാമ്പത്തിക അവബോധം എന്നിവയിൽ ഇനിയും ഒട്ടേറെ വെല്ലുവിളികളുണ്ടെന്നു ചടങ്ങിൽ മുഖ്യാതിഥിയായ രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]