
യുഎസിന്റെ സാമ്പത്തികരംഗത്തെ ചലനങ്ങളിൽ തട്ടി ആടിയുലഞ്ഞ് രാജ്യാന്തര സ്വർണവില. ഇന്നലെ ഔൺസിന് 3,340 ഡോളറിലായിരുന്ന വില ഇന്ന് 3,364 ഡോളർ വരെ കയറിയെങ്കിലും നിലവിൽ 3,350 ഡോളറിലേക്ക് താഴ്ന്നു. എന്നാൽ, കേരളത്തിൽ ഇന്നും വില കുതിച്ചുകയറി. ഗ്രാമിന് 40 രൂപ ഉയർന്ന് വില 9,105 രൂപയും 320 രൂപ വർധിച്ച് പവന് 72,840 രൂപയുമായി.
ഇതോടെ കഴിഞ്ഞ 3 ദിവസങ്ങളിലായി ഗ്രാമിന് കൂടിയത് 190 രൂപയും പവന് 1,520 രൂപയും. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 35 രൂപ ഉയർന്ന് 7,515 രൂപയായി. വെള്ളി വില ഗ്രാമിന് ഒരു രൂപ ഉയർന്ന് 119 രൂപ.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റിനു നൽകിയ വില ഗ്രാമിന് 35 രൂപ ഉയർത്തി 7,470 രൂപ. വെള്ളിക്കും വില കൂടി; ഗ്രാമിന് ഒരു രൂപ വർധിച്ച് 116 രൂപ. സംസ്ഥാനത്ത് സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ബാധകമാണ്. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇതു 3 മുതൽ 35% വരെയൊക്കെയാകാം.
സ്വർണവില ഇനി ഇടിയുമോ?
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ യുഎസിലെ സാമ്പത്തിരംഗത്തെ ചലനങ്ങൾ സ്വർണവിലയുടെ ദിശയെ ശക്തമായി സ്വാധീനിക്കുകയാണ്. യുഎസിൽ സ്വകാര്യമേഖലയിൽ 33,000 തൊഴിലുകൾ കഴിഞ്ഞമാസം നഷ്ടമായെന്ന് റിപ്പോർട്ടുകളുണ്ട്. 2023 മാർച്ചിനുശേഷമുള്ള ഏറ്റവും വലിയ വീഴ്ച.
യുഎസിൽ കമ്പനികൾക്കിടയിൽ സാമ്പത്തികഞെരുക്കം രൂക്ഷമാണെന്ന് ഇതു വ്യക്തമാക്കുന്നു. കഴിഞ്ഞമാസത്തെ മൊത്തം തൊഴിൽക്കണക്ക് ഇന്ന് ഇന്ത്യൻ സമയം വൈകിട്ടോടെ പുറത്തുവരും. കണക്ക് നിരാശപ്പെടുത്തിയാൽ യുഎസ് സാമ്പത്തിക പ്രതിസന്ധിയിലാണെന്നതിന് തെളിവാകുമത്. ഫലത്തിൽ, സമ്പദ്മേഖലയ്ക്ക് ഉണർവേകാനായി അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ കേന്ദ്രബാങ്ക് യുഎസ് ഫെഡറൽ റിസർവ് നിർബന്ധിതരാകും.
പലിശ കുറഞ്ഞാലോ..?
പലിശനിരക്ക് കുറയുന്നത് സ്വർണത്തിനു ഗുണം ചെയ്യും. അടിസ്ഥാന പലിശനിരക്ക് കുറയുമ്പോൾ ആനുപാതികമായി ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഗവൺമെന്റ് കടപ്പത്രങ്ങളിൽ നിക്ഷേപിക്കുമ്പോൾ കിട്ടുന്ന ആദായം (യീൽഡ്) എന്നിവ കുറയും. ഡോളറിന്റെ മൂല്യവും കുറയും. ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് നിക്ഷേപമൊഴുകാൻ വഴിവയ്ക്കും. ഇങ്ങനെ ഡിമാൻഡ് കൂടുന്നതോടെ സ്വർണവിലയും ഉയരും.
എന്നിട്ടും എന്തിനു പൊന്നേ ഈ ചാഞ്ചാട്ടം?
യുഎസും വിവിധ രാജ്യങ്ങളുമായി താരിഫ് പ്രശ്നങ്ങൾ അകലുന്നത് നിക്ഷേപകർക്ക് ആശ്വാസം നൽകുന്നുണ്ട്. ഓഹരി വിപണികൾ നേട്ടത്തിന്റെ ട്രാക്കിലായി. 3 വർഷത്തെ ഏറ്റവും താഴ്ചയിലേക്ക് വീണ യുഎസ് ഡോളർ ഇൻഡക്സ് മെല്ലെ കരകയറ്റവും തുടങ്ങി. ഇതു സ്വർണ നിക്ഷേപ പദ്ധതികളിൽ സൃഷ്ടിച്ച വിൽപനസമ്മർദമാണ് വിലക്കുതിപ്പിന് തടയിടുന്നത്.
എന്നാൽ, തൊഴിലവസരങ്ങൾ കുറയുകയോ ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കുകയോ ചെയ്താൽ സ്വർണവില തിരിച്ചുകയറിയേക്കാം. നേരത്തേ, ഡിസംബറോടെ പലിശ കുറയ്ക്കുമെന്നു പറഞ്ഞ യുഎസ് ഫെഡ്, ഇപ്പോൾ ഈ മാസത്തെ യോഗത്തിൽ തന്നെ പലിശ പരിഷ്കരിച്ചേക്കുമെന്ന സൂചന നൽകിക്കഴിഞ്ഞു. കഴിഞ്ഞ ഡിസംബർ മുതൽ മാറ്റമില്ലാതെ നിൽക്കുകയാണ് യുഎസിൽ പലിശ.
കേരളത്തിൽ എന്തുകൊണ്ട് വില കൂടി?
രാജ്യാന്തരവില ഔൺസിന് 3,340 ഡോളറിൽ നിന്ന് 3,360 ഡോളറിനടുത്ത് എത്തിനിൽക്കവേയായിരുന്നു കേരളത്തിൽ വില നിർണയം. വില നിർണയഘടങ്ങളായ മുംബൈ വില ഗ്രാമിന് 43 രൂപയും സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്) ഗ്രാമിന് 34 രൂപയും വർധിച്ചത് കേരളത്തിൽ വില കുതിക്കാൻ വഴിയൊരുക്കി.
അതേസമയം, രൂപ ഇന്ന് ഡോളറിനെതിരെ 11 പൈസ ഉയർന്ന് 85.60ലാണ് വ്യാപാരം തുടങ്ങിയത്. അല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നു സ്വർണവില ഇതിലും കൂടുമായിരുന്നു. രൂപ ശക്തമാകുമ്പോൾ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കുറയുമെന്നതാണ് വിലനിർണയത്തിൽ സ്വാധീനിക്കുന്നത്.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)