
ഭൗമരാഷ്ട്രീയ സംഘർഷങ്ങളും (geopolitical tensions) താരിഫ് തർക്കങ്ങളും (trade risks) വീണ്ടും ആഗോളതലത്തിൽ ആശങ്കയുടെ കാർമേഘമായതോടെ സ്വർണവില (gold rate) കുതിച്ചുകയറുന്നു. കേരളത്തിൽ (Kerala gold price) ഇന്ന് ഗ്രാമിന് 20 രൂപ ഉയർന്ന് വില 9,080 രൂപയും പവന് 160 രൂപ വർധിച്ച് 72,640 രൂപയുമായി.
ഇന്നലെ രണ്ടുതവണയായി ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കൂടിയിരുന്നു. ഇതോടെ രണ്ടുദിവസം കൊണ്ടുമാത്രം ഗ്രാമിന് 160 രൂപയും പവന് 1,280 രൂപയും കൂടി.
ട്രംപ് തൊടുത്ത ആശങ്ക
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (Donald Trump) അലൂമിനിയം, സ്റ്റീൽ എന്നിവയ്ക്ക് 50% ഇറക്കുമതി തീരുവ ഈടാക്കാൻ തീരുമാനിച്ചത് ഇന്ത്യ, ചൈന, യൂറോപ്പ് തുടങ്ങിയവയ്ക്ക് തിരിച്ചടിയാണ്. ഇതിനുപുറമെ വ്യാപാര കരാർ ലംഘനങ്ങളെച്ചൊല്ലി യുഎസും ചൈനയും പരസ്പരം ആരോപണശരങ്ങളെയ്യുന്നതും നേട്ടമാകുന്നത് സ്വർണത്തിന് തന്നെ.
പുറമെ, യുക്രെയ്ൻ-റഷ്യ സംഘർഷം വീണ്ടും വഷളായതും സ്വർണത്തിന് ആഗോളതലത്തിൽ ‘സുരക്ഷിത നിക്ഷേപ’ പെരുമ (safe-haven rush) സമ്മാനിക്കുകയും വില കുതിക്കുകയുമാണ്. ഗോൾഡ് ഇടിഎഫ് ആണ് താരം
പ്രതിസന്ധി വിട്ടൊഴിയുംവരെ നിക്ഷേപം സുരക്ഷിതമാക്കാനായി നിക്ഷേപകർ പണം ഗോൾഡ് ഇടിഎഫ് (Gold ETF) പോലുള്ള നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാണ് വിലയെ സ്വാധീനിക്കുന്നത്.
മാത്രമല്ല യൂറോ, പൗണ്ട്, യെൻ തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് (US Dollar Index) 100ൽ നിന്ന് 98 നിലവാരത്തിലേക്ക് ഇടിഞ്ഞതും സ്വർണത്തെ ആകർഷകമാക്കിയിട്ടുണ്ട്. ഇതോടെ ആഗോളതലത്തിൽ സ്വർണത്തോടുള്ള വാങ്ങൽ താൽപര്യം ഉയർന്നതും വിലക്കുതിപ്പിന് വളമായി.
രാജ്യാന്തര വിലയുടെ സഞ്ചാരം
രാജ്യാന്തരവില ഔൺസിന് 3,361 ഡോളർ നിലവാരത്തിൽ നിന്ന് 3,391 ഡോളർ വരെയെത്തി. ഇന്ന് രാവിലെ കേരളത്തിൽ സ്വർണവില നിർണയിക്കുമ്പോൾ വില 3,364 ഡോളറിലേക്ക് താഴ്ന്നതും രൂപ (Rupee) ഡോളറിനെതിരെ 13 പൈസ മെച്ചപ്പെട്ട് 85.52ൽ വ്യാപാരം ആരംഭിച്ചതും സ്വർണവില വർധനയുടെ ആക്കംകുറച്ചു.
ബോംബെ റേറ്റും കേരളവിലയും
രാവിലെ സ്വർണവില നിർണയ വേളയിൽ ബോംബെ റേറ്റ് (Mumbai Rate) ഗ്രാമിന് 21 രൂപ മാത്രം വർധിച്ച് 9,954 രൂപയും ബാങ്ക് റേറ്റ് (Bank Rate) 29 രൂപ ഉയർന്ന് 10,054 രൂപയുമായിരുന്നു. ഇതോടെയാണ്, ഇന്ന് സംസ്ഥാനത്തെ വില വർധന ഗ്രാമിന് 20 രൂപയിൽ ഒതുങ്ങിയത്.
അതേസമയം, സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി (3-35%) എന്നിവയും ബാധകമാണ്. അതായത്, കേരളത്തിൽ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പോലും 80,000 രൂപയോളം കൈയിൽ കരുതണം.
18 കാരറ്റും വെള്ളിയും
18 കാരറ്റ് സ്വർണവിലയും വെള്ളിവിലയും ഇന്ന് വർധിച്ചിട്ടുണ്ട്. ചില ജ്വല്ലറികളിൽ 18 കാരറ്റിനു വില ഗ്രാമിന് 15 രൂപ ഉയർന്ന് 7,475 രൂപയായപ്പോൾ മറ്റു ജ്വല്ലറികളിൽ വില 15 രൂപ ഉയർന്ന് 7,445 രൂപയാണ്.
വെള്ളി വില ചിലർ ഗ്രാമിന് രണ്ടു രൂപ കൂട്ടി 112 രൂപയാക്കിയപ്പോൾ മറ്റുള്ളവർ വില മാറ്റാതെ 109 രൂപയിൽ തന്നെ നിലനിർത്തിയിട്ടുമുണ്ട്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]