ഒരു എഫ്ഡി (സ്ഥിര നിക്ഷേപം) തുടങ്ങാന്‍ പദ്ധതിയുണ്ടോ? എങ്കില്‍ വെറുതെ പോയങ്ങ് നിക്ഷേപിക്കരുതേ. റിപ്പോ നിരക്ക് കുറച്ച സ്ഥിതിക്ക് മികച്ച നേട്ടം ലഭിക്കുന്ന ബാങ്കുകള്‍ തെരഞ്ഞെടുത്ത് നിക്ഷേപിച്ചില്ലെങ്കിൽ അതു കൊണ്ട് കാര്യമില്ല. 7 ശതമാനത്തില്‍ കൂടുതല്‍ പലിശ നല്‍കുന്ന നാല് സ്വകാര്യ ബാങ്കുകള്‍ ഏതെന്ന് നോക്കാം.

എച്ച്ഡിഎഫ്സി ബാങ്ക്

സ്വകാര്യ മേഖലയിലെ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് സാധാരണ പൗരന് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് 6.6 ശതമാനവും, രണ്ട് വര്‍ഷത്തെ എഫ്ഡിക്ക് 6.7 ശതമാനവും, മൂന്ന് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് (എഫ്ഡി) 6.9 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നു.  മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.5 ശതമാനം അധിക നേട്ടവും ലഭിക്കും. അതായത്, 7 ശതമാനത്തിന് മുകളിലാണ് പലിശ.

ഐസിഐസിഐ ബാങ്ക്

സാധാരണ പൗരന്മാര്‍ക്ക് രണ്ട് വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് ബാങ്ക് 7.05 ശതമാനം ഉയര്‍ന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇത് 7.55 ശതമാനമാണ്. ഒരു വര്‍ഷത്തെ കാലാവധിക്ക് 6.7 ശതമാനം സാധാരണക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.2 ശതമാനവുമാണ്. മൂന്ന് വര്‍ഷത്തെ നിക്ഷേപങ്ങളുടെ നിരക്കുകള്‍ യഥാക്രമം 6.9 ശതമാനവും 7.4 ശതമാനവുമാണ്.

കോട്ടക് മഹീന്ദ്ര ബാങ്ക്

ബാങ്ക് ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തില്‍ സാധാരണ പൗരന്മാര്‍ക്ക് 7.1 ശതമാനത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.6 ശതമാനത്തിനും മുകളില്‍ പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ട് വര്‍ഷത്തെ നിക്ഷേപങ്ങളുടെ  പലിശ നിരക്കുകള്‍ യഥാക്രമം 7.15 ശതമാനവും 7.65 ശതമാനവുമാണ്. മൂന്ന് വര്‍ഷത്തെ എഫ്ഡികള്‍ക്ക്, ഇത് യഥാക്രമം 7 ശതമാനവും 7.5 ശതമാനവുമാണ്.

ഫെഡറല്‍ ബാങ്ക്

ഒരു വര്‍ഷത്തെ സ്ഥിര നിക്ഷേപത്തിന് സാധാരണ പൗരന്മാരുടെ നിക്ഷേപത്തിന് 6.85 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.35 ശതമാനവും വാഗ്ദാനം ചെയ്യുന്നു. രണ്ട് വര്‍ഷത്തെയും മൂന്ന് വര്‍ഷത്തെയും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ യഥാക്രമം 7 ശതമാനവും 7.5 ശതമാനവുമാണ്.

English Summary:

Discover four private banks offering fixed deposit interest rates above 7%! Secure higher returns on your investments with HDFC Bank, ICICI Bank, Kotak Mahindra Bank, and Federal Bank. Compare rates for senior citizens and regular citizens