ഇറക്കുമതി തീരുവ സംബന്ധിച്ച കടുത്ത നിലപാടില്‍ നിന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ പിന്നോക്കം പോയെങ്കിലും വ്യാപാരബന്ധങ്ങളെ അട്ടിമറിക്കാന്‍ പോന്ന നീക്കങ്ങള്‍ നടത്തിയതിന്റെ പ്രത്യാഘാതം ഇതിനകം യുഎസ്‌ സമ്പദ്‌വ്യവസ്ഥയില്‍ പ്രതിഫലിച്ചു കഴിഞ്ഞു. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തിനിടെ ആദ്യമായി യുഎസിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) താഴേക്ക്‌ പോയി. 

2025 ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള ത്രൈമാസ കാലയളവില്‍ 0.3 ശതമാനം ഇടിവാണ്‌ യുഎസിന്റെ ജിഡിപിയിലുണ്ടായത്‌. ട്രംപ്‌ തുടങ്ങിവച്ച വ്യാപാരയുദ്ധം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്‌ടിച്ച പ്രത്യാഘാതം എന്ന നിലയിലാണ്‌ സാമ്പത്തിക തളര്‍ച്ച നേരിടേണ്ടി വന്നത്‌. തുടര്‍ച്ചയായി രണ്ട്‌ ത്രൈമാസങ്ങളില്‍ ജിഡിപി  കുറയുമ്പോഴാണ്‌ സാമ്പത്തികമാന്ദ്യം സ്ഥിരീകരിക്കപ്പെടുന്നത്‌. അതായത്‌ ഈ വര്‍ഷം രണ്ടാം ത്രൈമാസത്തിലും ജിഡിപി ഇടിയുകയാണെങ്കില്‍ യുഎസ്‌ സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നീങ്ങും.

Image: Shutterstock/FOTOGRIN

ജിഡിപിയുടെ കണക്കുകള്‍ പുറത്തുവരുന്നതിനു മുമ്പു തന്നെ സ്വകാര്യ മേഖലയില്‍ ട്രംപിന്റെ നയങ്ങള്‍ വരുത്തിവെച്ച ആഘാതം വെളിപ്പെട്ടിരുന്നതാണ്‌. ഏപ്രിലില്‍ യുഎസിലെ സ്വകാര്യ മേഖലയില്‍ 62,00 പുതിയ തൊഴിലുകള്‍ മാത്രമാണ്‌ ഉണ്ടായത്‌. മാര്‍ച്ചില്‍ 1,47,000 പുതിയ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സ്ഥാനത്താണ്‌ ഇത്‌. സാമ്പത്തിക നില പ്രതികൂല സ്ഥിതിയിലേക്ക്‌ നീങ്ങുമെന്ന ആശങ്കയുടെ അടിസ്ഥാനത്തിലാണ്‌ സ്വകാര്യ മേഖല പുതിയ നിയമനങ്ങള്‍ വെട്ടിക്കുറച്ചത്‌. 

ഈ വര്‍ഷം രണ്ടാം ത്രൈമാസത്തിലും ജിഡിപി ഇടിയുകയാണെങ്കില്‍ യുഎസ്‌ സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നീങ്ങിയതായി സ്ഥിരീകരിക്കപ്പെടുമെന്നതിനാല്‍ പിരിച്ചുവിടലുകള്‍ സ്വകാര്യ മേഖലയില്‍ ശക്തമാകാനും സാധ്യതയുണ്ട്‌. യുഎസ്‌ കമ്പനികളുടെ ലാഭം കുറയുന്ന പ്രവണത ഇതിനകം കണ്ടുതുടങ്ങിയിട്ടുണ്ട്‌. ഉപഭോഗം കുറയുന്ന സാഹചര്യത്തിലേക്ക്‌ യുഎസ്‌ നീങ്ങാനും സാധ്യതയേറെയാണ്‌. 

”ഒരു ആവേശത്തിന്‌ കിണറ്റില്‍ ചാടിയാല്‍ രണ്ട്‌ ആവേശത്തിന്‌ തിരിച്ചുകയറാന്‍ കഴിഞ്ഞുവെന്ന്‌ വരില്ല” എന്ന പഴഞ്ചൊല്ല്‌ പോലെയാണ്‌ ട്രംപിന്റെ നടപടികളുടെ പ്രത്യാഘാതം യുഎസ്‌ നേരിടുന്നത്‌. താന്‍ യുഎസിനെ വീണ്ടും മഹത്തരമാക്കും എന്ന വീരവാദവുമായി വ്യാപാരയുദ്ധത്തിന്റെ പടുകുഴിയിലേക്ക്‌ എടുത്തുചാടിയ ആള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ ചാടുമ്പോള്‍ കാണിച്ചതിന്റെ ഇരട്ടി ആവേശം പ്രകടിപ്പിച്ചാലും കാര്യമില്ല. വീണതിന്റെ ആഘാതങ്ങള്‍ സാമ്പത്തിക തളര്‍ച്ചയായും തൊഴിലുകളുടെ ശോഷണം ആയും പ്രകടമായി കഴിഞ്ഞു. അത്‌ മാറ്റിയെടുക്കാന്‍ ദീര്‍ഘകാലത്തെ ചികിത്സ തന്നെ വേണ്ടി വരും. 

യുഎസ്‌ ഇന്ന്‌ കടന്നുപോകുന്ന സാഹചര്യം ഒരു വ്യക്തിയുടെ വിചിത്രമായ ആശയങ്ങള്‍ മൂലം മാത്രമുണ്ടായതാണ്‌. താന്‍ കാണിച്ച ബുദ്ധിമോശം സമ്മതിച്ചുതരാന്‍ ട്രംപ്‌ ഒരു കാലത്തും തയാറായെന്നു വരില്ല. പക്ഷേ ആ ബുദ്ധിമോശത്തിന്റെ പ്രതികൂല ഫലങ്ങള്‍ അമേരിക്കക്കാര്‍ അനുഭവിച്ചേ മതിയാകൂ.

(ഹെഡ്‌ജ്‌ ഗ്രൂപ്പ്‌ ഓഫ്‌ കമ്പനീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്‌ടറുമാണ്‌ ലേഖകന്‍)

English Summary:

US GDP decline signals potential recession linked to Trump’s trade policies. The economic downturn and job losses highlight the long-term consequences of his actions.