കഴിഞ്ഞ 9 വർഷത്തിനിടെ കേരളത്തിന്റെ ആരോഗ്യരംഗത്തെ വികസനത്തിലുണ്ടായത് നിരവധി മാറ്റങ്ങൾ. മൾട്ടി സ്പെഷാലിറ്റി ആശുപത്രികളെ വെല്ലുംവിധം സർക്കാർ ആശുപത്രികളും മെഡിക്കൽ കോളജുകളും മാറി. അതിനൂതന സാങ്കേതികവിദ്യകളോട് കൂടിയ ഉപകരണങ്ങൾ, ഓപ്പറേഷൻ തിയേറ്ററുകൾ, ലാബുകൾ എന്നിവ സവിശേഷതകളാണ്. സാധാരണക്കാരന് സാമ്പത്തിക അല്ലലില്ലാതെ തന്നെ അത്യാധുനിക ചികിത്സകൾ നേടാവുന്ന സൗകര്യമാണ് സർക്കാർ ആശുപത്രികളിലും ഒരുക്കിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 

കിഫ്ബിയുടെ സഹായത്തോടെയാണ് കഴിഞ്ഞ 9 വർഷത്തിനിടെ ഈ വികസനങ്ങൾ സാധ്യമായത്. വിവിധ ജില്ലകളിലെ ആശുപത്രികളെ കൂടുതൽ മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ കിഫ്ബി ഇതിനകം ലഭ്യമാക്കിയത് 18,423.5 കോടി രൂപ. കോട്ടയം മെഡിക്കൽ കോളജിന്റെ നവീകരണത്തിന് 28 കോടി രൂപയുടെ പദ്ധതികൾ ആസൂത്രണം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ ആശുപത്രികളുടെ നവീകരണത്തിന് 743.37 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് പുതിയ ജില്ലാ ആശുപത്രിയും നിർമിക്കും.

വിവിധ ജില്ലകളിൽ ഐസൊലേഷൻ വാർഡ്, കാൻസർ സെന്ററുകൾ എന്നിവയുടെ നിർമാണത്തിലും കിഫ്ബിയുടെ പങ്ക് നിർണായകം. മലബാർ കാൻസർ‌ സെന്ററിനെ ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ആക്കുന്നതിന് 75 കോടി രൂപ ചെലവഴിച്ചു. കൊച്ചിൻ കാൻസർ സെന്ററിന്റെ നിർമാണത്തിന് ആദ്യഘട്ടത്തിൽ 4.61 കോടി രൂപയും രണ്ടാംഘട്ടത്തിൽ 379.73 കോടി രൂപയും വിനിയോഗിച്ചു. എറണാകുളം ജില്ലാ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് നിർമാണത്തിനുൾപ്പെടെ ചെലവിട്ടത് 75.18 കോടി രൂപ. കണ്ണൂർ ജില്ലാ ആശുപത്രി നവീകരണത്തിന് 63.49 കോടി രൂപ, പുനലൂർ താലൂക്ക് ആശുപത്രിയിലെ പുതിയ ബ്ലോക്ക് നിർമാണത്തിനുൾപ്പെടെ 68.18 കോടി രൂപ എന്നിങ്ങനെയും ചെലവഴിച്ചു.

വിവിധ ആശുപത്രികളിൽ കാഡിയാക് കെയർ യൂണിറ്റ് സ്ഥാപിക്കാൻ 80 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. ഡയാലിസിസ് സെന്ററുകൾ സ്ഥാപിക്കാൻ 69 കോടി രൂപയും. ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്ക് നിർമിക്കാൻ 52.06 കോടി രൂപയും കിഫ്ബിയിൽ നിന്ന് ലഭിച്ചുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

English Summary:

KIIFB Revolutionizes Kerala Healthcare with Modern Hospital Upgrades