
80 ശതമാനം ഇന്ത്യക്കാരും വിരമിക്കൽ കാലത്തേക്കായി പണം സ്വരുകൂട്ടുന്നില്ല എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. പലരും തങ്ങളുടെ സമ്പാദ്യം വിരമിക്കൽ വരെ പോലും നീണ്ടുനിൽക്കില്ല എന്നും ഭയപ്പെടുന്നവരാണ്. മാക്സ് ലൈഫ് ഇൻഷുറൻസ് ഇന്ത്യ റിട്ടയർമെന്റ് നടത്തിയ പഠനത്തിൽ, നഗരപ്രദേശങ്ങളിലെ ഇന്ത്യക്കാരിൽ വലിയൊരു വിഭാഗത്തിനും വിരമിക്കൽ പദ്ധതികൾ തീരെയില്ലെന്നും കണ്ടെത്തി. ജീവിതച്ചെലവ്, ആരോഗ്യ സംരക്ഷണം, സാമ്പത്തിക സഹായത്തിനായി കുട്ടികളെ ആശ്രയിക്കൽ എന്നീ കാര്യങ്ങളെ ഓർത്ത് ആകുലപ്പെടുന്നവരാണ് അധികം പേരും എന്നും ഈ പഠനത്തിലുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യക്കാർ വിരമിക്കൽ കാലത്തേക്കായി ഒരുങ്ങാത്തത് ?
വിദേശ വിദ്യാഭ്യാസം സമ്പാദ്യം തകിടം മറിക്കുന്നു
വിദേശത്തെ പഠനത്തിന് മക്കൾ പോകുന്നത് മാതാപിതാക്കളുടെ സാമ്പത്തിക പദ്ധതികളെ താളം തെറ്റിക്കാറുണ്ട് എന്ന് പല പഠനങ്ങളും സൂച്ചിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് എച്ച്എസ്ബിസിയുടെ 2024 ലെ ജീവിത നിലവാര റിപ്പോർട്ട് കാണിക്കുന്നത് ഇത് അവരുടെ സാമ്പത്തിക ഭാവിയെ അപകടത്തിലാക്കുമെന്നാണ്. മാത്രമല്ല, വർദ്ധിച്ചുവരുന്ന ചെലവുകൾ സമ്പാദ്യത്തെ ബാധിക്കുന്നു. ആഗോളതലത്തിൽ 11 വിപണികളിലായി 11,000-ത്തിലധികം സമ്പന്ന വ്യക്തികളിൽ എച്ച്എസ്ബിസി നടത്തിയ സർവേയിൽ പ്രതികരിച്ചവരിൽ 68% പേർ ജീവിതച്ചെലവിലെ വർദ്ധനവും സമ്പാദ്യത്തെ ബാധിക്കുന്ന പണപ്പെരുപ്പവും വിദേശ വിദ്യാഭ്യാസ ചെലവുകളെ കൂടുതൽ പ്രശ്നത്തിലാക്കുമെന്ന് കരുതുന്നുണ്ട്.
വിദേശ രാജ്യങ്ങളിൽ യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിന് ഒരുങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് പലിശ കുറഞ്ഞതോ, പലിശ ഇല്ലാത്തതോ ആയ വായ്പകൾ എടുക്കാൻ സൗകര്യം ഉണ്ടെങ്കിൽ, ഇന്ത്യയിലെ കാര്യം അതല്ല. മക്കളുടെ വിദ്യാഭ്യാസത്തിനായി വായ്പ കൊടുക്കുന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്വം ആണെന്ന രീതിയാണ് ഇന്ത്യയിൽ. ഇത് ഇവരുടെ സാമ്പത്തിക ആരോഗ്യത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. 45 ലക്ഷത്തിന് മുകളിൽ ആണ് ഒരു കുട്ടിയെ വിദേശ വിദ്യാഭ്യാസത്തിന് അയക്കുമ്പോൾ മാതാപിതാക്കൾ ചെലവിടേണ്ടി വരുന്നത്. അധികമായി അടക്കേണ്ടി വരുന്ന വായ്പയും മറ്റു ചെലവുകളും വിരമിക്കൽ സമ്പാദ്യത്തെ നേരിട്ട് ബാധിക്കുകയാണ്.
ലോകമെമ്പാടുമുള്ള സമ്പന്നരായ മാതാപിതാക്കളിൽ 90% പേരും തങ്ങളുടെ കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. എന്നാൽ ഇന്ത്യക്കാർ തങ്ങളുടെ സമ്പാദ്യം മുഴുവനുപയോഗിച്ചും ആസ്തികൾ വിറ്റും കടമെടുത്തും ഇത് നടത്തുമ്പോൾ വിരമിക്കൽ കാലത്തേക്ക് ഒന്നും ബാക്കിയുണ്ടാകുന്നില്ല എന്ന അവസ്ഥയാണ്.
ആഗ്രഹം കൂടുതൽ, സാമ്പത്തിക ഒരുക്കം കുറവ്
ഇന്ത്യയിലെ സമ്പന്നരായ മാതാപിതാക്കളിൽ ഏകദേശം 78 ശതമാനവും തങ്ങളുടെ കുട്ടികളെ വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി അയക്കാൻ താല്പര്യപ്പെടുന്നവരാണ്. എന്നാൽ ഇതിനായി പഠിക്കാൻ വിടുന്ന സമയത്തിന് രണ്ടോ മൂന്നോ വര്ഷം മുമ്പ് മാത്രമേ അവർ ചിന്തിക്കുന്നുള്ളു എന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം എന്നും പഠനങ്ങളിലുണ്ട്. ആഗ്രഹം കൂടുതലും സാമ്പത്തിക ഒരുക്കം കുറവും എന്ന അവസ്ഥയിലൂടെ പല ഇന്ത്യൻ മാതാപിതാക്കളും കടന്നുപോകുന്നു എന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക തയാറെടുപ്പ് പലപ്പോഴും കുറവാണെന്ന് എച്ച്എസ്ബിസി “ക്വാളിറ്റി ഓഫ് ലൈഫ് റിപ്പോർട്ട് 2024” പറയുന്നുണ്ട്.
വിരമിച്ചിട്ടും ജോലി
റിപ്പോർട്ട് അനുസരിച്ച്, ഈ മാതാപിതാക്കൾ പലപ്പോഴും സ്വന്തം വിരമിക്കൽ ആസൂത്രണത്തേക്കാൾ കുട്ടികളുടെ വിദേശ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്നു. യുഎസ്, യുകെ പോലുള്ള രാജ്യങ്ങളിൽ മൂന്നോ നാലോ വർഷത്തെ ബിരുദ പഠനം, മാതാപിതാക്കളുടെ വിരമിക്കൽ സമ്പാദ്യത്തിന്റെ 64 ശതമാനം വരെ കുറയ്ക്കുമെന്ന് 1,456 സമ്പന്ന ഇന്ത്യക്കാരെ ഉൾപ്പെടുത്തി നടത്തിയ പഠനം പറയുന്നു. 27 ശതമാനം പേർ തങ്ങളുടെ കുട്ടിയുടെ വിദ്യാഭ്യാസത്തിനായി ആസ്തികൾ വിൽക്കാൻ പോലും തയ്യാറാണെന്നും പഠനത്തിലുണ്ട്. ഇതൊക്കെക്കൊണ്ടായിരിക്കണം, ഏകദേശം 60 ശതമാനം സമ്പന്നരായ ഇന്ത്യക്കാരും വിരമിച്ച ശേഷവും ജോലിയിൽ തുടരാൻ പദ്ധതിയിടുന്നവരാണ് എന്നും പഠനത്തിലുണ്ട്.
English Summary:
80% of Indians aren’t saving for retirement, primarily due to children’s education expenses. Learn how foreign education and rising costs impact retirement planning in India and discover solutions to secure your future.