ഉയർന്ന ജോലിയിൽ നിന്നു വിരമിച്ച, ഉന്നത വിദ്യാഭ്യാസമുള്ള മുതിർന്ന പൗരന്റെ പെൻഷൻ ആനുകൂല്യങ്ങളിൽ നിന്ന് അടുത്തിടെ തട്ടിയെടുത്തത് 40 ലക്ഷം രൂപ. നിർമിതബുദ്ധിയിൽ പ്രമുഖരുടെ രൂപവും ശബ്ദവും അനുകരിച്ച് തയാറാക്കിയ യുട്യൂബ് റീലുകൾ വിശ്വസിച്ചതാണ് അദ്ദേഹത്തിനു വിനയായത്.
ഉയർന്ന വരുമാനം ലഭിക്കുന്ന നിക്ഷേപം എന്ന പേരിൽ, ആദ്യം തട്ടിയെടുത്ത 12 ലക്ഷം രൂപ ഒറ്റ മാസത്തിനുള്ളിൽ ഇംഗ്ലണ്ടിലെ ബാർക്ലെയ്സ് ബാങ്കിൽ ‘അഞ്ചിരട്ടിയായി വളർന്നതിന്റെ’ രേഖകൾ കാട്ടിയായിരുന്നു പിന്നീടുള്ള തട്ടിപ്പ്.
വിദേശ ഓഹരി വിപണിയിൽ നിന്നുള്ള നേട്ടമായതിനാൽ ഹ്രസ്വകാല നികുതിയായി ഏഴു ലക്ഷം, ഇൻഷുറൻസ് ചാർജ് ഇനത്തിൽ 4.5 ലക്ഷം, സെബിക്കു നല്കാൻ 5.72 ലക്ഷം, റിസർവ് ബാങ്കിന് ഏജൻസി ചാർജായി 7.94 ലക്ഷം എന്നിങ്ങനെയാണ് രണ്ടുമാസം കൊണ്ട് പല തവണയായി തട്ടിയെടുത്തത്.
വിദേശ നാണയ ചട്ടലംഘനം മറികടക്കാൻ റിസർവ് ബാങ്കിന് ഫോർവേഡിങ് ആൻഡ് ക്ലിയറിങ് ചാർജായി വീണ്ടും 11 ലക്ഷം ആവശ്യപ്പെട്ടപ്പോൾ, നാട്ടിലെ അക്കൗണ്ടിൽ പണം വന്നശേഷം തരാം എന്ന് നിർബന്ധംപിടിച്ചു.
പകുതി തുക അടച്ചാൽ മുതലും പലിശയും ക്രിപ്റ്റോ കറൻസി വാലറ്റ് ആയി തരാമെന്ന് വീണ്ടും നിർബന്ധിച്ചപ്പോഴാണ് തട്ടിപ്പ് മണത്തത്.
പാലിക്കാം, പത്ത് കൽപനകൾ
ഓൺലൈൻ തട്ടിപ്പുകളുടെ ഇരകളാകാതിരിക്കാൻ മുതിർന്ന പൗരൻമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?
1.
24 മണിക്കൂർ നിയമം: കിട്ടിയ സന്ദേശങ്ങളിൽ തട്ടിപ്പിന്റെ ലക്ഷണങ്ങൾ സംശയിച്ചാൽ ഉടൻ പ്രതികരിക്കരുത്.
2. വിവരങ്ങൾ നൽകരുത്: ഒറ്റത്തവണ പാസ്വേഡ്, യുപിഐ പിൻ നമ്പർ, കാർഡിന്റെ സിവിവി തുടങ്ങി ഒരു വിവരങ്ങളും ആർക്കും നൽകരുത്.
3.
ലിങ്കുകളിലോ കീപാഡിലോ അമർത്തരുത്: സന്ദേശങ്ങളിലൂടെ ലഭിച്ച ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക, ഫോണിലെ ഏതെങ്കിലും നമ്പരുകളിൽ അമർത്തുക തുടങ്ങിയ നിർദേശങ്ങൾ അനുസരിക്കരുത്. അനുവാദമില്ലാതെ ഫോണിൽ കയറിക്കൂടുന്നതിനുള്ള അനുമതിയാണ് നൽകുന്നതെന്ന് തിരിച്ചറിയുക.
4.
പ്രലോഭനങ്ങളിൽ വീഴരുത്: ലോട്ടറി, സമ്മാനം, റീഫണ്ട്, നിധി കിട്ടിയ തുക, അവിശ്വസനീയമായ ഉയർന്ന വരുമാനം തുടങ്ങിയവയെല്ലാം പണം തട്ടാനുള്ള പ്രലോഭനങ്ങളാണ്.
5. ഔദ്യോഗിക ഫോൺ നമ്പറുകളിൽ മാത്രം വിളിക്കണം: ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, നിയന്ത്രണ അതോറിറ്റികൾ, സർക്കാർ സ്ഥാപനങ്ങൾ ഇവയുടെയൊക്കെ ഔദ്യോഗിക ഫോൺ നമ്പറുകളിൽ വിളിച്ച് കാര്യങ്ങളുടെ വാസ്തവം മനസ്സിലാക്കാം.
6.
ഒറ്റയാൻ തീരുമാനം പാടില്ല: ഉയർന്ന തുകയ്ക്കുള്ള ഇടപാടുകൾക്കെല്ലാം (നിക്ഷേപം, വായ്പ, സഹായം) കൂട്ടുത്തരവാദിത്തം എന്ന നിലയിൽ കുടുംബത്തിലെ ഒരംഗത്തെക്കൂടി തീരുമാനത്തിന്റെ ഭാഗമാക്കുക.
7. മനക്കരുത്ത് കൈവിടരുത്: മുതിർന്ന പൗരൻമാരെ ഭയപ്പെടുത്തുക, നിസ്സഹായരാക്കുക, പ്രലോഭനങ്ങളിൽ കുടുക്കുക എന്നിങ്ങനെ തട്ടിപ്പുകാരുടെ ഗൂഢ ലക്ഷ്യങ്ങളിൽ വീണുപോകരുത്.
8.
തെളിവുകൾ സംരക്ഷിക്കണം: തട്ടിപ്പുകാർ വിളിച്ച തീയതിയും ഫോൺ നമ്പറുകളും എഴുതി സൂക്ഷിക്കുക, സംഭാഷണങ്ങൾ റെക്കോർഡ് ചെയ്ത് വയ്ക്കുക, ഹ്രസ്വ സന്ദേശങ്ങളും ഇ മെയിലുകളും സ്ക്രീൻ ഷോട്ടുകളും ശേഖരിച്ച് വയ്ക്കുക.
9. വേണം സാമ്പത്തികകാര്യ വിശ്വസ്തൻ: കുടുംബത്തിലോ സുഹൃദ്വലയത്തിലോ ഇടപാടുള്ള ധനകാര്യ സ്ഥാപനങ്ങളിലോ സാമ്പത്തിക കാര്യങ്ങളിൽ വിവരമുള്ള ഒരാളെ ‘രണ്ടാം അഭിപ്രായം’ ആരായുന്നതിന് നിർബന്ധമായും ചേർത്തുപിടിക്കണം.
10.
തട്ടിപ്പിൽപെട്ടാൽ പരാതിപ്പെടണം: തട്ടിപ്പുകളിൽ പെട്ടുപോയാൽ ഇന്ത്യ സൈബർ ഫ്രോഡ് ഹെൽപ് ലൈൻ നമ്പരായ 1930ൽ വിളിച്ചറിയിക്കുകയോ cybercrime.gov.in എന്ന പോർട്ടലിൽ പരാതി നൽകുകയോ ചെയ്യുക. യുപിഐ, കാർഡുകൾ, അക്കൗണ്ടുകൾ എന്നിവ ബാങ്കുകളിൽ വിളിച്ച് ഉടൻ ബ്ലോക്ക് ചെയ്യണം.
അടുത്തുള്ള സൈബർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യണം.
മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്താൽ ഇടപാടുകാരന്റേതല്ലാത്ത കാരണങ്ങളാൽ ഡിജിറ്റൽ തട്ടിപ്പിലൂടെ പണം നഷ്ടപ്പെടുന്നത് ഒഴിവാക്കാം.
തട്ടിപ്പിന്റെ മൂന്ന് ലക്ഷണങ്ങൾ
സ്മാർട് ഫോണുകൾ ഉൾപ്പെടെ പുതിയ സാങ്കേതികവിദ്യകളിൽ മുതിർന്ന പൗരന്മാർ പിന്നിലാണെന്നതല്ല, അവർ അതിനെ കൂടുതൽ വിശ്വസിക്കുന്നു എന്നതാണ് വാസ്തവം. പണം കവരാൻ ഓൺലൈനിലൂടെ നിങ്ങളിലേക്കെത്തുന്ന ഫോൺ വിളികൾ, ഹ്രസ്വ സന്ദേശങ്ങൾ, ഇ മെയിലുകൾ തുടങ്ങി എന്തുമാകട്ടെ, ഈ മൂന്ന് ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിച്ചാൽ അത് ഡിജിറ്റൽ തട്ടിപ്പാണെന്ന് നൂറു ശതമാനം ഉറപ്പിക്കാം.
തട്ടിപ്പുകളെ എങ്ങനെ തിരിച്ചറിയും?
1.
ഓൺലൈനായി ഒഴുകുന്ന സ്നേഹം: നിങ്ങൾക്ക് ഉയർന്ന വരുമാനം വാങ്ങിത്തരിക, നിങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിന്നു പോകാതിരിക്കാൻ സഹായിക്കുക, അതുമല്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെ നിങ്ങൾക്ക് സംഭവിക്കാവുന്ന അനിഷ്ടങ്ങളിൽ നിന്ന് സംരക്ഷണം ഇതിലേതെങ്കിലും വാഗ്ദാനങ്ങൾ നൽകി നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റാൻ ശ്രമിക്കും.
2. ആദ്യം പണം, പിന്നീട് സഹായം: വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ എന്തുമാകട്ടെ, ആദ്യം അങ്ങോട്ടേക്ക് പണം അയപ്പിക്കാനായിരിക്കും തട്ടിപ്പുകാരന്റെ ശ്രമം.
3.
ആവശ്യമില്ലാത്ത ധൃതി: ഉടൻ പ്രതികരിച്ചില്ലെങ്കിൽ അവസരം നഷ്ടമാകും എന്ന് തെറ്റിദ്ധരിപ്പിച്ച്, ഒന്നുകൂടി ആലോചിക്കാനും മറ്റാരോടും പറയാനും സമയം നൽകാതെ ധൃതിപിടിപ്പിച്ച് കിട്ടുന്നത്രയും കവർന്നെടുക്കുകയാണ് രീതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

