കൊൽക്കത്ത∙ തദ്ദേശീയ കപ്പൽ നിർമാണ മികവിന്റെ ഉദാഹരണമായി കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് (ജിആർഎസ്ഇ) ലിമിറ്റഡ് നിർമിച്ച 3 യുദ്ധക്കപ്പലുകൾ ഇന്ത്യൻ നാവികസേനയ്ക്കു കൈമാറി.
ഡുണഗിരി, സംശോധക്, അഗ്രെ എന്നീ യുദ്ധക്കപ്പലുകളാണു ജിആർഎസ്ഇ ചെയർമാനും മാനേജിങ് ഡയറക്ടറുമായ കമഡോർ (റിട്ട.) പി.ആർ. ഹരിയിൽ നിന്ന് റിയർ അഡ്മിറൽ ഗൗതം മർവാഹയും കമഡോർ ശിശിർ ദീക്ഷിത്തും ചേർന്ന് ഏറ്റെടുത്തത്.
നാവിക സേനയിൽ നിന്ന് ജിആർഎസ്ഇയ്ക്കു ലഭിച്ച കരാർ പ്രകാരമുള്ള 118 യുദ്ധക്കപ്പലുകളിൽ 80 എണ്ണത്തിന്റെ നിർമാണമാണ് ഇതോടെ പൂർത്തിയായത്.
പ്രോജക്ട് 17എ പദ്ധതിയുടെ ഭാഗമായി ജിആർഎസ്ഇ നിർമിച്ച രണ്ടാമത്ത അഡ്വാൻസ്ഡ് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ആണു ഡുണഗിരി.
149 മീറ്റർ നീളവും 6,670 ടൺ കേവുഭാരവുമുള്ള കപ്പലിൽ അത്യാധുനിക പടക്കോപ്പുകളും അഡ്വാൻസ്ഡ് മിസൈൽ സിസ്റ്റമടക്കമുള്ള സജ്ജീകരണങ്ങളും എഇഎസ്എ റഡാറും സംയോജിത കോംബാറ്റ് മാനേജ്മെന്റ് സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. ബ്രഹ്മോസ് കപ്പൽ വേധ, ലാൻഡ് അറ്റാക്ക് ക്രൂസ് മിസൈലുകളും കപ്പലിലുണ്ട്.
നാവിക സേനയുടെ ഹൈഡ്രോഗ്രാഫിക് സർവേ ക്ഷമത വർധിപ്പിക്കാൻ ലക്ഷ്യമിട്ടു നിർമിക്കുന്ന നാല് വലിയ സർവേ കപ്പലുകളിൽപ്പെട്ടതാണു സംശോധക്.
തുറമുഖ കവാടം, കപ്പൽ ചാൽ, സമുദ്രാതിർത്തി തുടങ്ങി തീരമേഖലയിലും ആഴക്കടലിലും ഹൈഡ്രോഗ്രാഫിക് സർവേ നടത്താനും പ്രതിരോധ ആവശ്യങ്ങൾക്കായി ഓഷ്യനോഗ്രഫിക്, ജ്യോഗ്രഫിക്കൽ വിവരങ്ങൾ ശേഖരിക്കാനും ഈ കപ്പലിനാവും.
ഹെലികോപ്റ്റർ ഇറങ്ങാനുള്ള സജ്ജീകരണവും മറ്റും ലഭ്യമായതിനാൽ ദുരന്തവേളകളിലെ രക്ഷാപ്രവർത്തനത്തിനും കപ്പൽ ഉപയോഗിക്കാം. അടിയന്തര ഘട്ടത്തിൽ ആശുപത്രിയായി രൂപമാറ്റം വരുത്താനും കഴിയുംവിധമാണു കപ്പലിന്റെ ഘടന.
ആന്റി സബ് മറൈൻ വാർഫെയർ – ഷാലോ വാട്ടർ ക്രാഫ്റ്റ് (എഎസ്ഡബ്ല്യു – എസ്ഡബ്ല്യുസി) വിഭാഗത്തിൽ ജിആർഎസ്ഇ നിർമിക്കുന്ന എട്ട് യാനങ്ങളിൽ പെട്ടതാണ് അഗ്രെ. ഭാരം കുറഞ്ഞ ടോർപിഡോകളും ആന്റി സബ് മറൈൻ വാർഫെയർ റോക്കറ്റുകളും വഹിക്കാൻ ശേഷിയുള്ള കപ്പലിന്റെ 88 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി സമാഹരിച്ചതാണ്.
2.7 മീറ്റർ ആഴമുള്ള ഭാഗത്തും സഞ്ചരിക്കാൻ കഴിയും വിധം രൂപകൽപന ചെയ്ത കപ്പലിൽ 30 എം എം നേവൽ സർഫസ് ഗണ്ണും ഘടിപ്പിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

