യുദ്ധം അവസാനിപ്പിക്കുമെന്ന പ്രതീക്ഷ ആദ്യം നൽകിയശേഷം പിന്നീട് മലക്കംമറിഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിലപാട് ആഗോളതലത്തിൽ ഓഹരി, എണ്ണ (ക്രൂഡ് ഓയിൽ), സ്വർണം, ബോണ്ട് (കടപ്പത്രം), ക്രിപ്റ്റോകറൻസി വിപണികൾക്ക് കനത്ത അടിയാകുന്നു. ഇതിന്റെ ആഘാതം ആഗോളതലത്തിൽ ‘സാധാരണക്കാരിലേക്കും’ എത്തുന്നത് രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറയെത്തന്നെ ഇളക്കുകയാണ്.
‘‘ഇറാനെ തകർത്തിട്ടേ അടങ്ങൂ’’ – എന്ന ട്രംപിന്റെ ഇന്നലത്തെ ‘പുതിയ’ നിലപാടിന് പിന്നാലെ എണ്ണവില ‘തീ’ പിടിച്ച് കത്തിക്കയറുകയാണ്.
‘‘ഞങ്ങൾ ആ ജോലി (ഇറാനെ തകർക്കൽ) പെട്ടെന്ന് തീർക്കാൻ പോവുകയാണ്. വളരെ പെട്ടെന്ന്’’ – ട്രംപ് ഇന്നലെ പറഞ്ഞതിങ്ങനെ.
പിന്നാലെ, യുഎസ് ക്രൂഡ് വില ബാരലിന് 11.41% മുന്നേറി 111.5 ഡോളറിലും ബ്രെന്റ് വില 7.78% ഉയർന്ന് 109 ഡോളറിലുമെത്തി.
ഇത് ‘അവധി വില’യാണ്. ഭാവിയിലൊരു തീയതിയിൽ കരാറനുസരിച്ച് വിതരണം ചെയ്യേണ്ട
വില. എന്നാൽ, അടുത്ത 10 മുതൽ 30 ദിവസത്തിനകം വിതരണം ചെയ്യേണ്ട
വില (സ്പോട്ട് പ്രൈസ്) ബാരലിന് 140 ഡോളർ കഴിഞ്ഞു. 2008ൽ യുഎസിൽ നിന്ന് വീശുകയും ലോകരാജ്യങ്ങളെ കെടുതിയിലാക്കുകയും ചെയ്ത ആഗോള മാന്ദ്യക്കാലത്തിന് തുല്യമായ വിലയാണിത്.
എണ്ണ വിപണിയെ താറുമാറാക്കി യുദ്ധം
യുദ്ധം ‘തുടരുമെന്നാണ്’ ഇന്നലെ പ്രസംഗത്തിൽ ട്രംപ് ഫലത്തിൽ പറഞ്ഞുവച്ചത്.
ആക്രമണം തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകി. തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് കരാജിലേക്ക് നീളുന്ന ‘ബി1 ഹൈലേ പാലം’ യുഎസ് തകർത്തിരുന്നു.
ഇതിന്റെ വിഡിയോ പുറത്തുവിട്ട ട്രംപ് പറഞ്ഞതിങ്ങനെ: ‘‘ഇറാനിലെ ഏറ്റവും വലിയ പാലം തകർത്തു.
ഇനിയും സമയം കളയാതെ ഇറാൻ ഉചിതമായ തീരുമാനമെടുക്കണം’’.
ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച് ട്രംപ് ഒന്നും പറയാതിരുന്നതും ശ്രദ്ധേയമായി. യുദ്ധം കൂടുതൽ കടുപ്പിക്കാനുള്ള നീക്കവും ഹോർമുസിലെ തടസ്സവും ഫലത്തിൽ ലോക വിപണിയിലേക്കുള്ള ഓരോ മാസത്തെയും 100 കോടി ബാരൽ എണ്ണയുടെ ഒഴുക്കിനെയാണ് ബാധിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
ഇതിൽ 60 കോടിയും ക്രൂഡ് ഓയിലാണ്.
35 കോടി വിമാന ഇന്ധനവും ഡീസലും പെട്രോളും. ഇപ്പോൾതന്നെ ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും വിമാന ഇന്ധനവില കത്തിക്കയറി.
ഇന്ത്യയിൽ പ്രീമിയം പെട്രോളിനും ചില സ്വകാര്യ കമ്പനികളുടെ പെട്രോൾ, ഡീസൽ വിലകളിലും വിമാന ഇന്ധനത്തിനും വില കുത്തനെ കൂടി.
ഇതിനിടെ ടെഹ്റാനിലെ പലയിടത്തും ഉഗ്രസ്ഫോടനങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. കൂടുതലും ജനവാസ മേഖലയാണെന്ന് ഇറാൻ പറയുന്നു.
‘‘ജനവാസ മേഖലകളും അടിസ്ഥാന സൗകര്യങ്ങളുമാണ് അവർ ആക്രമിക്കുന്നത്. ഇതുകൊണ്ടൊന്നും ഇറാൻ കീഴടങ്ങുമെന്ന് കരുതേണ്ട.
ശത്രുവിനെ വീഴ്ത്തുംവരെ ഇറാൻ പൊരുതും’’ – ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
വിപണികൾക്ക് ‘ആശ്വാസ വെള്ളി’ അവധി
ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടക്കുന്നത് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയെ, ജിഡിപി വളർച്ചയെ സാരമായി ബാധിക്കുമെന്ന് റേറ്റിങ് ഏജൻസികൾ വിലയിരുത്തുന്നു. ക്രൂഡ് വില ബാരലിന് ശരാശരി 60-65 ഡോളറിൽ തുടരുന്നതാണ് ഇന്ത്യയ്ക്ക് അഭികാമ്യം.
ഉപഭോഗത്തിനുള്ള ക്രൂഡ് ഓയിലിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ∙ ജിഡിപി ആഘാതം:
വില ബാരലിന് 100 ഡോളർ പിന്നിടുന്നത് ഇന്ത്യൻ ജിഡിപി വളർച്ചയെ നടപ്പുവർഷം (2026-27) 6.5 ശതമാനത്തിന് താഴേക്ക് വീഴ്ത്തിയേക്കാം.
∙ പലിശഭാരം കടുക്കും:
ക്രൂഡ് ഓയിൽ വില ബാരലിന് 60-70 ഡോളർ ആയിരുന്നപ്പോഴാണ് രാജ്യത്ത് പണപ്പെരുപ്പം 4.3 ശതമാനമായേക്കുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തിയത്. വില 100 കടന്നതോടെ പണപ്പെരുപ്പ അനുമാനം റിസർവ് ബാങ്ക് കൂട്ടും.
ഫലത്തിൽ ഇന്ത്യക്കാരെ കാത്തിരിക്കുന്നത് ഉയർന്ന പലിശഭാരത്തിന്റെ നാളുകളായേക്കും. ∙ ഓഹരിക്ക് അവധി:
ദുഃഖവെള്ളി പ്രമാണിച്ച് ഓഹരി വിപണികൾക്ക് ആഗോളതലത്തിൽ തന്നെ ഇന്ന് അവധിയാണ്.
സെൻസെക്സും നിഫ്റ്റിയും ഇന്ന് പ്രവർത്തിക്കില്ല. ട്രംപിന്റെ പ്രസംഗത്തിന് പിന്നാലെ ഇന്നലെ ചോരക്കളമായ ഇന്ത്യൻ വിപണി വൈകിട്ട് നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചിരുന്നു.
∙ രൂപയുടെ മുന്നേറ്റം:
ഡോളറിനെതിരെ രൂപ ഇന്നലെ ഉഗ്രൻ തിരിച്ചുവരവാണ് നടത്തിയത്.
1.8% മുന്നേറ്റം ഒറ്റദിവസം നടത്തി 93.17ൽ എത്തി. 2013 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന നേട്ടം.
റിസർവ് ബാങ്കിന്റെ ഇടപെടലാണ് കരുത്തായത്.
കണ്ണീർ വിപണികൾ, സമ്മിശ്ര വിപണികൾ
ട്രംപിന്റെ നിലപാടുമാറ്റം യുഎസ് വിപണിക്കും ആഘാതമായി. ഇന്നലെ ഡൗ ജോൺസ് 0.13% നഷ്ടത്തിലേക്ക് വീണു.
അതേസമയം എസ് ആൻഡ് പി500, നാസ്ഡാക് എന്നിവ 0.18% വരെ നേട്ടമുണ്ടാക്കി. ഹോർമുസ് കടലിടുക്കിൽ ഇറാൻ ടോൾ ബുത്ത് വരെ സ്ഥാപിച്ച് നിയന്ത്രണം കടുപ്പിച്ചിരുന്നു.
എന്നാൽ, ഒരു സമീപ രാജ്യവുമായി ചേർന്ന് ഹോർമുസിൽ പുതിയ ‘പ്രോട്ടോക്കോൾ’ കൊണ്ടുവരാൻ ഇറാൻ തയാറെടുക്കുകയാണെന്ന് ഇറാനിയൻ മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു.
ഇതോടെയാണ് എസ് ആൻഡ് പിയും നാസ്ഡാക്കും നേട്ടത്തിലേറിയത്. ക്രിപ്റ്റോകറൻസികളിലും ആശങ്ക അലയടിക്കുന്നു.
ബിറ്റ്കോയിൻ വില 65,000 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞു.
മരുന്നിനോടും ട്രംപിന്റെ ‘യുദ്ധം’
യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന ചില മരുന്നുകൾക്ക് 100% തീരുവ ഈടാക്കാനുള്ള നീക്കം ട്രംപ് ഭരണകൂടം തുടങ്ങി. ഉൽപാദനം യുഎസിൽ തന്നെ നടത്തുന്ന കമ്പനികൾക്ക് തീരുവ 20 ശതമാനമായിരിക്കും.
യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിങ്ങനെ യുഎസുമായി വ്യാപാര ഡീലിൽ എത്തിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 15%. യുകെയ്ക്ക് ഡീൽ പ്രകാരം 10%.
ഇന്ത്യയ്ക്കുള്ള ആഘാതം
ക്രൂഡ് വില ബാരലിന് 110-115 ഡോളർ നിലവാരത്തിൽ നിൽക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്.
ഇന്ത്യ വാങ്ങുന്ന സ്പോട്ട് വില (ഇന്ത്യൻ ബാസ്കറ്റ്) ബാരലിന് 120 ഡോളറാണ്. ഇന്ത്യ വാങ്ങുന്ന ചില ഗൾഫ് എണ്ണകളുടെ സംയോജിത ശരാശരി വിലയാണിത്.
അടുത്ത 30 ദിവസത്തിനകമുള്ള ഡെലിവറിക്ക് ഈ വിലയാണ് നൽകേണ്ടത്. അതിനുശേഷം വാങ്ങാൻ കരാറിലേർപ്പെടുന്ന വിലയാണ് 110-115 ഡോളർ. അവസരമാക്കി റഷ്യ റഷ്യൻ എണ്ണയിനമായ യൂറലിനും ബാരലിന് 120 ഡോളറിന് മുകളിൽ വിലയെത്തി.
അമേരിക്കയുടെ ഉപരോധം തൽക്കാലം നീങ്ങിയതും ഗൾഫ് എണ്ണയുടെ ഒഴുക്ക് ഏറക്കുറെ നിലച്ചതും അവസരമാക്കിയെടുത്ത റഷ്യ ഇന്ത്യയ്ക്കും ചൈനയ്ക്കുമൊന്നും നിലവിൽ ഡിസ്കൗണ്ട് നൽകുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല, കൂടിയ വിലയുമാണ് ഈടാക്കുന്നത്.
സ്വർണവില താഴോട്ട്
എണ്ണവില കുതിച്ചുകയറ്റം തുടങ്ങിയതും ലോകമാകെ പണപ്പെരുപ്പ, പലിശഭാരപ്പേടി കനത്തതും ഇതു മുതലെടുത്ത് യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിൽ എത്തിയതും സ്വർണത്തിന് തിരിച്ചടിയായി.
വില താഴുകയാണ്. രാജ്യാന്തര വില രാവിലെയുള്ളത് ഔൺസിന് 109 ഡോളർ ഇടിഞ്ഞ് 4676 ഡോളറിൽ.
കേരളത്തിൽ ഇന്നും വില കുറയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

