
സൗത്ത് ഇന്ത്യൻ ബാങ്കിന് വായ്പയിലും നിക്ഷേപത്തിലും മികച്ച നേട്ടം; കാസയിൽ ക്ഷീണം, ഓഹരികൾ നേട്ടത്തിൽ
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന് (South Indian Bank) ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) നാലാംപാദത്തിലും (ജനുവരി-മാർച്ച്) മികച്ച ബിസിനസ് പ്രവർത്തനനേട്ടം. മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 80,426 കോടി രൂപയിൽ നിന്ന് 9.97% മെച്ചപ്പെട്ട് 88,447 കോടി രൂപയായെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് ബാങ്ക് സമർപ്പിച്ച പ്രാഥമിക ബിസിനസ് പ്രവർത്തനക്കണക്കുകൾ വ്യക്തമാക്കി.
മൊത്തം നിക്ഷേപം 1.01 ലക്ഷം കോടി രൂപയിൽ നിന്ന് 1.07 ലക്ഷം കോടി രൂപയായി വളർന്നു; നേട്ടം 5.50 ശതമാനം. റീട്ടെയ്ൽ ഡെപ്പോസിറ്റ് 1.05 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തിലെ 97,743 കോടി രൂപയേക്കാൾ 7.44 ശതമാനം അധികം. കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം (കാസ/CASA) 32,693 കോടി രൂപയിൽ നിന്ന് 3.17% ഉയർന്ന് 33,730 കോടി രൂപയായി.
എന്നാൽ, കാസ അനുപാതം (CASA Ratio) 32.08 ശതമാനത്തിൽ നിന്ന് 31.37 ശതമാനമായി കുറഞ്ഞു. അതേസമയം, ഇക്കഴിഞ്ഞ ഡിസംബർ പാദത്തിലെ 31.15 ശതമാനത്തെ അപേക്ഷിച്ച് ഇതു മെച്ചപ്പെട്ടുവെന്നത് നേട്ടമാണ്. 0.13% നേട്ടത്തോടെ 23.66 രൂപയിലാണ് ഇന്നലെ ബാങ്കിന്റെ ഓഹരികൾ എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞവർഷം ഏപ്രിൽ 30ന് കുറിച്ച 31.80 രൂപയാണ് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. 52-ആഴ്ചത്തെ താഴ്ച കഴിഞ്ഞ നവംബർ 18ലെ 22.27 രൂപയും. ഇന്നു വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരി വിലയുള്ളത് 1.23% ഉയർന്ന് 23.94 രൂപയിൽ. ഒരുവേള വില 24 രൂപയിലും എത്തിയിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
South Indian Bank’s Deposits and Advances Soar in Q4 FY25, Shares Rise.
mo-business-southindianbank 52voe8r701tn7sd7j7iqja7k0t mo-business-stockmarket mo-business-business-news 7q27nanmp7mo3bduka3suu4a45-list 3sdn5dbhvlnj360kbfi72l9e03-list