
ടെസ്‍ല കാർ വിൽപന കുത്തനെ ഇടിഞ്ഞു; മസ്കിന്റെ ‘രാഷ്ട്രീയവും’ തിരിച്ചടി, 2022ന് ശേഷമുള്ള വൻ വീഴ്ച
ലോകത്തെ ഏറ്റവും സമ്പന്നൻ ഉടമസ്ഥതയിലുള്ള പ്രമുഖ യുഎസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‍ല, 2025ലെ ആദ്യപാദമായ ജനുവരി-മാർച്ചിൽ വാഹന ഉൽപാദനത്തിലും വിൽപനയിലും നേരിട്ടത് കനത്ത നഷ്ടം. 2024ലെ സമാനപാദത്തിലെ 3.86 ലക്ഷത്തിൽ നിന്ന് വിൽപന 3.36 ലക്ഷത്തിലേക്കാണ് ഇടിഞ്ഞത്; നഷ്ടം 13 ശതമാനം. 2022 ജൂൺപാദത്തിനു ശേഷം കുറിക്കുന്ന ഏറ്റവും വലിയ നഷ്ടമാണിത്.
വാഹന ഉൽപാദനം 4.33 ലക്ഷത്തിൽ നിന്ന് 3.62 ലക്ഷമായും കുറഞ്ഞു. നിരീക്ഷകർ പ്രതീക്ഷിച്ചതിനേക്കാളും കുറവാണ് വിൽപനക്കണക്ക്. 3.52 ലക്ഷത്തിനും 3.70 ലക്ഷത്തിനും ഇടയിലായിരിക്കും വിൽപനയെന്നായിരുന്നു പൊതുനിരീക്ഷണം. ഉൽപാദനത്തിൽ 3.45 ലക്ഷവും കൂടുതൽ സ്വീകാര്യതയുള്ള മോഡലുകളായ മോഡവ് 3, മോഡൽ വൈ എന്നിവയായിരുന്നു. മൊത്തം വിൽപനയിൽ 3.23 ലക്ഷവും ഇവയാണ്. സൈബർട്രക്ക് ഉൾപ്പെടെയുള്ള മറ്റ് മോഡലുകളുടെ വിൽപന 12,881 എണ്ണം.
തിരിച്ചടിയായി രാഷ്ട്രീയവും മത്സരവും
ചൈനീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ ബിവൈഡി ഉൾപ്പെടെ കാഴ്ചവയ്ക്കുന്ന കടുത്ത മത്സരമാണ് ടെസ്‍ലയുടെ വിൽപനയെ ബാധിച്ച പ്രധാന തിരിച്ചടി. ചൈനയിൽ തന്നെ കഴിഞ്ഞമാസം മാത്രം ടെസ്‍ലയുടെ വിൽപന 11.5% കുറഞ്ഞിരുന്നു.
15 യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ സംയോജിത വിപണിവിഹിതം 17.9 ശതമാനത്തിൽ നിന്ന് കൂപ്പുകുത്തിയത് 9.3 ശതമാനത്തിലേക്ക്.
ജർമ്മനിയിൽ മാത്രം വിപണിവിഹിതം 16 ശതമാനത്തിൽ നിന്ന് 4 ശതമാനത്തിലേക്ക് ഇടിഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഗവൺമെന്റിലെ ഉപദേശക വകുപ്പായ ഡോജിനെ നയിക്കുന്നത് മസ്കാണ്. ചെലവുചുരുക്കലിന്റെ ഭാഗമായി ഒട്ടേറെ ഗവൺമെന്റ് ജീവനക്കാരെ പിരിച്ചുവിട്ട മസ്കിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.
അമേരിക്കയിലുടനീളം ടെസ്‍ല ബഹിഷ്കരണത്തിനു പുറമെ ടെസ്‍ല കാറുകൾക്ക് തീയിടുന്ന സംഭവങ്ങളുമുണ്ടായി. ബഹിഷ്കരണ ആഹ്വാനവും വിൽപനയെ സാരമായി ബാധിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ജനുവരി-മാർച്ച് പാദത്തിൽ ടെസ്‍ല ഓഹരികൾ ഇടിഞ്ഞത് 36 ശതമാനമാണ്. 2022 ജനുവരി-മാർച്ചിനുശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണിത്. ഈ ഇടിവുമൂലം മാത്രം ടെസ്‍ലയുടെ വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 46,000 കോടി ഡോളറുമാണ്.
English Summary:
Tesla sales down 13% in Q1, biggest drop since 2022
mo-news-world-leadersndpersonalities-elonmusk mo-auto-tesla mo-business-business-news mo-auto-teslamodely 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list 12a6s9656kvjv07smdtgkebqpf