കാത്തിരിപ്പിനൊടുവിൽ ഇന്ത്യക്ക് മേലുള്ള തീരുവ 50ൽ നിന്ന് 18 ശതമാനത്തിലേക്ക് കുറയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതോടെ കുതിച്ചു കയറാൻ ഒരുങ്ങുന്നത് കേരളത്തിന്റെ കയറും. ഇന്ത്യ– യുഎസ് വ്യാപാര കരാറിലെ വ്യവസ്ഥകൾ കേരളത്തിലെ കയർ മേഖലയ്ക്ക് പുത്തൻ ഉണർവാകും.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 50 ശതമാനം പ്രതികാര തീരുവ ചുമത്തിയതോടെ ഈ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതോടെ പല കമ്പനികളും യുഎസിലേക്കുള്ള കയറ്റുമതി താൽകാലികമായി നിർത്തി.
തീരുവ 18 ശതമാനമാക്കി കുറച്ചതോടെ കയർ മേഖല പുതിയ പ്രതീക്ഷയിലാണ്. നഷ്ടം നികത്തുന്നതിനൊപ്പം അടുത്ത രണ്ട് വർങ്ങൾക്കുള്ളിൽ കൂടുതൽ കയർ ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഏതാണ്ട് 10 ലക്ഷത്തോളം പേർ ജോലി ചെയ്യുന്ന കയർ മേഖലയിലും പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്കും കരാർ വലിയ നേട്ടമാകുമെന്നാണ് കരുതുന്നത്.
ഇന്ത്യയിലെ കയർ കയറ്റുമതിയുടെ 40 ശതമാനവും യുഎസ് വിപണിയിലേക്കാണെന്നാണ് കണക്ക്. ഒക്ടോബറിൽ തുടങ്ങി ഡിസംബർ അവസാന വാരത്തോടെ അവസാനിക്കുന്ന ക്രിസ്മസ് സീസണാണ് യുഎസിൽ ഏറ്റവും കൂടുതൽ കയർ ഉൽപന്നങ്ങൾ വിൽക്കപ്പെടുന്നത്.
സീസണ് വേണ്ടിയുള്ള ഷിപ്മെന്റ് ജൂൺ–ജൂലൈ മാസങ്ങളിലാണ് നടക്കുന്നത്. ഈ സമയത്താണ് കഴിഞ്ഞ വർഷം ട്രംപിന്റെ പകര തീരുവ 25 ശതമാനം വരുന്നത്.
തുടർന്ന് യുഎസിലെ കമ്പനികളുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ ചില വിട്ടുവീഴ്ചകൾ നടത്തി കയർ കയറ്റുമതി സാധ്യമാക്കാന്‍ ധാരണയായി.
പിന്നാലെ റഷ്യൻ എണ്ണയെച്ചൊല്ലി 25 ശതമാനം തീരുവ കൂടി ചുമത്തിയതോടെ കാര്യങ്ങൾ വഷളായി. ഉയർന്ന വിലയിൽ കയർ ഉൽപന്നങ്ങൾ വിൽക്കാൻ സാധിക്കാത്തതിനാൽ കേരളത്തിൽ നിന്നുള്ള കയർ കയറ്റുമതി ഏകദേശം നിലച്ചു.
ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ 400 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. ഇതോടെ കേരളത്തിലെ കമ്പനികളോട് ശ്രീലങ്കയിലേക്കും മറ്റും പ്രവർത്തനം മാറാൻ വരെ യുഎസിലെ വ്യാപാരികൾ നിർദേശിച്ചു. കയർ ഉൽപാദനത്തിനുള്ള അസംസ്കൃത വസ്തുക്കൾ ദക്ഷിണ ഇന്ത്യക്ക് പുറത്ത് ലഭ്യമല്ലാത്തതിനാൽ ഇതൊന്നും പ്രായോഗികമായിരുന്നില്ല.
കൂടുതൽ ഓർഡറുകൾ വരും
യുഎസിലേക്കുള്ള ഇന്ത്യൻ ഉൽപന്നങ്ങളുടെ തീരുവ 18 ശതമാനമാക്കിയത് സ്വാഗതം ചെയ്യുന്നതായി കേരള കയർ ഷിപ്പേഴ്സ് കൗൺസിൽ പ്രസിഡന്റും ട്രാവൻകൂർ കോക്കോടഫ്റ്റ് സിഇഒയുമായ അർജുൻ മഹാദേവൻ മനോരമ ഓൺലൈനോട് പറഞ്ഞു.
ഇന്ത്യ യുഎസുമായി കരാറിലെത്തിയ രീതിയും മികച്ചതായിരുന്നു. 10 വർഷത്തിൽ നടക്കേണ്ട
ചർച്ചകളാണ് ട്രംപ് താരിഫിനെ തുടർന്ന് ആറ് മാസത്തിൽ സാധ്യമായത്.
യുഎസിന് പുറമെ മറ്റ് വ്യാപാര പങ്കാളികൾ ഇന്ത്യയ്ക്കുണ്ടെന്ന് തെളിയിക്കാനായിരുന്നു യൂറോപ്യൻ യൂണിയനുമായി കരാറിലെത്തിയത്. ഇതോടെ ഇന്ത്യയുമായുള്ള കരാർ ട്രംപ് വേഗത്തിലാക്കിയെന്ന് വേണം കരുതാൻ.
ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കുറവ് തീരുവയാണ് ഇന്ത്യയ്ക്കുള്ളത്. ഇത് കയറ്റുമതി മേഖലയ്ക്ക് ഗുണം ചെയ്യും.
വ്യാപാര കരാർ വന്നതോടെ കൂടുതൽ ഓർഡറുകൾ നമുക്ക് ലഭിക്കും. കയർ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ വരും.
തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാര കരാർ സാധ്യമായതോടെ യുഎസിലേക്കുള്ള കയർ കയറ്റുമതി പുനരാരംഭിക്കാനാകുമെന്ന് കേരള കയർ കോർപറേഷൻ എംഡി പ്രതീഷ് ജി പണിക്കർ മനോരമ ഓൺലൈനോട് പറഞ്ഞു. 50 ശതമാനം തീരുവയോടെ യുഎസിലേക്കുള്ള കയർ കയറ്റുമതി ഏതാണ്ട് നിലച്ചിരുന്നു.
തീരുവ 18 ശതമാനമാക്കിയതോടെ യുഎസ് വിപണിയിലേക്ക് വീണ്ടും കടന്നുചെല്ലാനാകുമെന്നാണ് കരുതുന്നത്. ജൂൺ – ജൂലൈ മാസങ്ങളില്‍ കയറ്റുമതി സാധ്യമാകുന്ന തരത്തിൽ യുഎസിലെ വ്യാപാരികളുമായി ചര്‍ച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

