കാത്തിരിപ്പിനൊടുവിൽ ഇന്ത്യ-യുഎസ് ഉഭയകക്ഷി വ്യാപാരക്കരാർ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചെന്നും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താമെന്ന് അദ്ദേഹം സമ്മതിച്ചെന്നും വ്യക്തമാക്കിയാണ് ട്രംപ് കരാർ പ്രഖ്യാപിച്ചത്.
റഷ്യൻ എണ്ണ ഇനി വാങ്ങില്ലെന്ന ഇന്ത്യയുടെ തീരുമാനം യുക്രെയ്ൻ-റഷ്യ യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കും.
വെനസ്വേലൻ എണ്ണയാകും പകരം ഇന്ത്യ വാങ്ങുക. ഇന്ത്യയ്ക്കുമേലുള്ള പകരംതീരുവ 25ൽ നിന്ന് 18 ശതമാനമായാണ് കുറയ്ക്കുകയെന്നും ട്രംപ് പറഞ്ഞു.
“It was an Honor to speak with Prime Minister Modi, of India, this morning… He agreed to stop buying Russian Oil, and to buy much more from the United States and, potentially, Venezuela.
This will help END THE WAR in Ukraine” – President Donald J. Trump 🇺🇸
അമേരിക്കയ്ക്ക് പൂജ്യം!
അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യ ഈടാക്കുന്ന തീരുവ പൂജ്യമായി കുറയ്ക്കാമെന്ന് മോദി സമ്മതിച്ചതായും ട്രംപ് പറഞ്ഞു.
പുറമേ പരമാവധി അമേരിക്കൻ ഉൽപന്നങ്ങൾ ഇന്ത്യ വാങ്ങും. 500 ബില്യൻ ഡോളർ (ഏകദേശം 45 ലക്ഷം കോടി രൂപ) മതിക്കുന്ന അമേരിക്കൻ ഊർജോൽപന്നങ്ങൾ, ടെക്നോളജി, കാർഷികോൽപന്നങ്ങൾ, കൽക്കരി തുടങ്ങിയവ വാങ്ങുന്നതിന് പുറമേയാണിത്.
ട്രംപിന് നന്ദിയെന്ന് മോദി
മെയ്ഡ് ഇൻ ഇന്ത്യ ഉൽപന്നങ്ങളുടെ തീരുവ 25ൽ നിന്ന് 18 ശതമാനമായി കുറച്ച ട്രംപിന്റെ നടപടി സ്വാഗതാർഹമാണെന്നും 140 കോടി ഇന്ത്യക്കാരുടെ പേരിൽ ട്രംപിന് നന്ദി പറയുന്നതായും മോദി പറഞ്ഞു.
2 വലിയ സമ്പദ്ശക്തികൾ ഒന്നിക്കുന്നതിന്റെ നേട്ടം ഇരുരാജ്യത്തെയും ജനങ്ങൾക്കുണ്ടാകും. വലിയ അവസരങ്ങളും അതു തുറക്കും.
ട്രംപിന്റെ നേതൃത്വം ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും വളർച്ചയ്ക്കും അനിവാര്യമാണെന്നും മോദി പറഞ്ഞു.
∙ ഇന്ത്യയുടെ ആകെ കയറ്റുമതിയിൽ 18.3% വിഹിതമുള്ള രാജ്യമാണ് അമേരിക്ക. അതുകൊണ്ടുതന്നെ അമേരിക്കൻ വിപണിക്ക് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഏറെ നിർണായകവുമാണ്.
Wonderful to speak with my dear friend President Trump today.
Delighted that Made in India products will now have a reduced tariff of 18%. Big thanks to President Trump on behalf of the 1.4 billion people of India for this wonderful announcement.
When two large economies and the…
എതിരാളികളേക്കാൾ കുറഞ്ഞ തീരുവ
ട്രംപ് ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനമാക്കിയതോടെ ഇനി കയറ്റുമതി രംഗത്ത് എതിരാളികൾക്കുമേൽ മുൻതൂക്കം നേടാൻ ഇന്ത്യയ്ക്ക് കഴിയും. ബംഗ്ലദേശ്, ശ്രീലങ്ക, തായ്വാൻ, വിയറ്റ്നാം എന്നിവയ്ക്ക് 20 ശതമാനമാണ് തീരുവ.
ബദ്ധവൈരിയായ പാക്കിസ്ഥാന് 19%. മലേഷ്യ, തായ്ലൻഡ്, ഇന്തൊനീഷ്യ, കംബോഡിയ എന്നിവയ്ക്കും 19 ശതമാനമാണ്.
∙ അഫ്ഗാനിസ്ഥാന് 15% തീരുവയേയുള്ളൂ.
പക്ഷേ, അഫ്ഗാന് യുഎസിലേക്ക് കാര്യമായ കയറ്റുമതി ഇല്ല.
∙ വസ്ത്രം ഉൾപ്പെടെയുള്ള ഉൽപന്ന കയറ്റുമതിയിലാണ് ബംഗ്ലദേശും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് വെല്ലുവിളി ആയിരുന്നത്. ഇനി ഇന്ത്യയ്ക്കാകും മേൽക്കൈ.
∙ വസ്ത്രം, ഇലക്ട്രോണിക്സ്, ഫൂട്വെയർ എന്നിവയിൽ വെല്ലുവിളി ഉയർത്തിയ വിയറ്റ്നാമിനുമേലും മേൽക്കൈ നേടാൻ ഇനി ഇന്ത്യയ്ക്ക് കഴിയും.
∙ ബ്രസീലിന് ഇപ്പോഴും 50% തീരുവ തുടരുന്നു.
മ്യാൻമർ, ലാവോസ് എന്നിവയ്ക്ക് 40%, ദക്ഷിണാഫ്രിക്കയ്ക്ക് 30%, മെക്സിക്കോയ്ക്ക് 25%, കാനഡയ്ക്ക് 35%, സ്വിറ്റ്സർലൻഡിന് 39% എന്നിവയുടെ തീരുവയും ഇന്ത്യയേക്കാൾ കൂടുതലാണ്.
∙ യുകെ (10%), യൂറോപ്യൻ യൂണിയൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവയ്ക്ക് 15 ശതമാനമേയുള്ളൂ.
കയറ്റുമതിക്കാർക്ക് പുനർജന്മം!
കേരളത്തിൽ നിന്നുള്ള സമുദ്രോൽപന്നം, വസ്ത്രം, കയർ തുടങ്ങിയവ ഉൾപ്പെടെ ഇന്ത്യയിൽ നിന്നുള്ള പ്രധാന കയറ്റുമതി മേഖലകളെല്ലാം ട്രംപ് 50% തീരുവ പ്രഖ്യാപിച്ചതോടെ വെട്ടിലായിരുന്നു. കയറ്റുമതിയും വരുമാനവും തൊഴിലുകളും ഏറക്കുറെ സ്തംഭിച്ച അവസ്ഥ.
തമിഴ്നാട് തിരുപ്പുരിലെ വസ്ത്ര നിർമാണശാലകൾ നേരിട്ടത് ശതകോടികളുടെ നഷ്ടമായിരുന്നു.
∙ യുഎസിലേക്ക് പോയിരുന്ന 48.2 ബില്യൻ ഡോളർ (4.38 ലക്ഷം കോടി രൂപ) മതിക്കുന്ന ഉൽപന്നങ്ങൾക്കാണ് തീരുവ 18 ശതമാനമാകുന്നതോടെ വൻ ആശ്വാസം ലഭിക്കുക.
∙ 2024-25 പ്രകാരം 86.51 ബില്യന്റേതാണ് ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി.
∙ 11 ബില്യന്റെ ടെക്സ്റ്റൈൽ, 10 ബില്യന്റെ ജെം ആൻഡ് ജ്വല്ലറി, 2.7 ബില്യന്റെ സമുദ്രോൽപന്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം കിട്ടുന്നത് കേരളത്തിനും നേട്ടമാകും. കിറ്റെക്സ് ഗാർമെന്റ്സ് ഓഹരിവില ഇന്ന് കുതിച്ചുകയറാം.
∙ കെമിക്കലുകൾ (4.2 ബില്യൻ), ലെതർ (1 ബില്യൻ) എന്നിവയ്ക്കും തീരുവക്കുറവ് നേട്ടമാകും.
∙ ഇലക്ട്രോണിക്സ്, ഫാർമ, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയെ താരിഫിൽ നിന്ന് നേരത്തേതന്നെ ഒഴിവാക്കിയിരുന്നു.
∙ അതേസമയം, ട്രംപ് നേരത്തേ പ്രത്യേകതമായി തീരുവ പ്രഖ്യാപിച്ച സ്റ്റീൽ, ചെമ്പ്, അലുമിനിയം, ഫർണിച്ചർ, വാഹനം, വാഹന ഘടകങ്ങൾ എന്നിവയുടെ തീരുവയിലും ഇന്ത്യയ്ക്ക് ഇളവ് കിട്ടുമോ എന്ന് വ്യക്തമല്ല.
സ്റ്റീൽ, അലുമിനിയം, ചെമ്പ് എന്നിവ ഏതു രാജ്യത്തുനിന്ന് അമേരിക്കയിൽ എത്തിയാലും 50 ശതമാനമാണ് തീരുവ. ഫർണിച്ചർ, വാഹനം, വാഹനഘടകം എന്നിവയ്ക്ക് 25%.
∙ 2024 പ്രകാരം 8.2 ബില്യൻ മതിക്കുന്ന ഉൽപന്നങ്ങളാണ് ഈയിത്തിൽ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.
യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10.4 ശതമാനമാണിത്.
ഓഹരി വിപണി ഇന്ന് കുതിച്ചുയരും
ട്രംപ് ഇന്ത്യയ്ക്കുമേലുള്ള തീരുവ 18 ശതമാനത്തിലേക്ക് താഴ്ത്തുമെന്ന് വ്യക്തമാക്കിയതോടെ, ഇന്ന് സെൻസെക്സും നിഫ്റ്റിയും കയറ്റുമതിയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളും കുതിച്ചുകയറുമെന്ന് ഉറപ്പായി.
രാവിലെ ഗിഫ്റ്റ് നിഫ്റ്റി മുന്നേറിയത് 800 പോയിന്റോളമാണ്. സെൻസെക്സും നിഫ്റ്റിയും വൻ നേട്ടത്തോടെ തന്നെ വ്യാപാരം ആരംഭിക്കുമെന്ന് ഏറക്കുറെ ഉറപ്പിക്കാം.
തീരുവ കുറഞ്ഞതിനാൽ വിദേശനാണയ വരുമാനം വലിയതോതിൽ ഉയരുമെന്നത് രൂപയ്ക്കും നേട്ടമാകും. രൂപയുടെ മൂല്യം വൈകാതെ ഡോളറിനെതിരെ മുന്നേറി 90നും താഴെ എത്തിയേക്കും.
∙ ഗിഫ്റ്റ് നിഫ്റ്റിയിലെ ഈ ട്രെൻഡ് വിലയിരുത്തിയാൽ നിഫ്റ്റി ഇന്ന് 1,000 പോയിന്റ് കുതിച്ചാലും അദ്ഭുതപ്പെടാനില്ല.
സെൻസെക്സിന്റെ നേട്ടം അതിലുമേറെയായിരിക്കും.
∙ കയറ്റുമതിയുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികൾ അപ്പർ-സർക്യൂട്ടിലേക്കും മുന്നേറിയേക്കും.
∙ വസ്ത്രം, കെമിക്കൽ, ഐടി, ഫാർമ, ഇലക്ട്രോണിക്സ്, മറൈൻ ഉൽപന്നങ്ങൾ, വാഹനം, എൻജിനിയറിങ് ഉൽപന്നങ്ങൾ തുടങ്ങിയ മേഖലയിലെ കമ്പനികളുടെ ഓഹരികൾ ഇന്ന് തിളങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

