മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്.
മൂന്നുവർഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് നോട്ടിസ് നൽകിയത്.
ഇ.ഡിയുടെ നടപടിക്ക് പിന്നാലെ കേരളത്തിന്റെ രാഷ്ട്രീയരംഗത്ത് വീണ്ടും വൻ ചർച്ചയായി മാറുകയാണ് ‘മസാല ബോണ്ട്’. തിരഞ്ഞെടുപ്പു കാലത്ത് വീണ്ടും ‘എരിപൊരി’ വിവാദം.
എന്താണ് ഈ മസാല ബോണ്ട്? ആ പേര് എങ്ങനെ കിട്ടി?
ഐസക്കും കിഫ്ബിയും
മസാല ബോണ്ട് എന്താണെന്ന് അറിയുംമുൻപ് ആദ്യം കിഫ്ബിയെ അറിയണം. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് ഫണ്ട് ഉറപ്പാക്കാനായി രൂപീകരിച്ചതാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി.
1999 നവംബർ 11ന് ആയിരുന്നു തുടക്കമെങ്കിലും 2016-17ലെ തന്റെ ബജറ്റിലൂടെ അന്നത്തെ ധനമന്ത്രി തോമസ് ഐസക്കാണ് കിഫ്ബിയെ വീണ്ടും സജീവമാക്കിയത്.
അന്ന് തോമസ് ഐസക്ക് ബജറ്റിൽ പറഞ്ഞതിങ്ങനെ:
‘‘കിഫ്ബി ആക്ടിന്റെ ചട്ടങ്ങൾ പരിഷ്കരിക്കും. സെബിയും റിസർവ് ബാഹ്കും അംഗീകരിച്ചിട്ടുള്ള നൂതന ധനസമാഹരണ മാർഗങ്ങൾ ഉപയോഗപ്പെടുത്താൻ കിഫ്ബിയെ സജ്ജമാക്കും’’.
ഗതാഗതം, ഊർജം, അടിസ്ഥാന സൗകര്യവികസനം, ഐടി, ജലശുചീകരണം തുടങ്ങിയ മേഖലകളിലെ വികസന പദ്ധതികൾക്ക് കിഫ്ബിയിലൂടെ പണമുറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമിട്ടത്.
മസാല ബോണ്ടിലേക്ക് ‘നമ്പർ വൺ’ കേരളം
2018ലാണ് മസാല ബോണ്ട് വഴി പണം സമാഹരിക്കാൻ കിഫ്ബി തീരുമാനിച്ചത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് മൊത്തം 5,000 കോടി രൂപ സമാഹരിക്കാനായിരുന്നു പ്ലാൻ.
ആദ്യ ഗഡുവായി 1,500 കോടി രൂപയും ലക്ഷ്യമിട്ടു. ഇന്ത്യയിൽതന്നെ ഒരു സംസ്ഥാനം ഇങ്ങനെ വിദേശത്തുനിന്ന് ‘കടപ്പത്രം’ വഴി വികസനത്തിന് ധനസമാഹരണം നടത്തുന്നത് ആദ്യമായിരുന്നു.
എന്താണ് മസാല ബോണ്ട്?
വിദേശത്തുനിന്ന് പണം സമാഹരിക്കുന്നതിന് കടപ്പത്രങ്ങളിറക്കിയിരുന്നത് ഡോളറിലായിരുന്നു.
ഇതിനു പകരം ഇന്ത്യയിൽ രൂപയിൽ തന്നെ ഇറക്കുന്ന കടപ്പത്രങ്ങളെയാണ് മസാല ബോണ്ട് എന്നു വിളിക്കുന്നത്. ഇങ്ങനെ രൂപയിൽ കടപ്പത്രമിറക്കുമ്പോൾ ഡോളറിന്റെ മൂല്യവർധന, രൂപയുടെ തളർച്ച എന്നിവ ബാധിക്കുകയോ കടബാധ്യത ഉയരുകയോ ഇല്ലെന്നതാണ് നേട്ടം.
ഡോളറിലാണ് കടപ്പത്രം ഇറക്കുന്നതെങ്കിൽ, പിന്നീട് ഡോളറിന്റെ മൂല്യം വർധിക്കുമ്പോൾ കടബാധ്യതയും അതിനനുസരിച്ച് കൂടും. മസാല ബോണ്ടിൽ ആ ടെൻഷനില്ല.
ഇന്ത്യ ‘മസാലകളുടെ’ നാടായതുകൊണ്ടാണ് ഇന്ത്യൻ രൂപയിലിറക്കുന്ന കടപ്പത്രത്തിന് മസാല ബോണ്ട് എന്ന പേരുവന്നത്.
ഓരോരോ രാജ്യത്തിന്റെയും കറൻസിയിലുള്ള ബോണ്ടിന് ആ നാടിന്റെ പ്രത്യേകതയ്ക്ക് അനുസരിച്ചാണ് പേരുകൾ. ചൈനയിൽ ഡിം സം ബോണ്ട്, പാണ്ടാ ബോണ്ട്, ജപ്പാനിൽ സമുറായ് ബോണ്ട്.
ഓസ്ട്രേലിയയിൽ കങ്കാരു ബോണ്ട്, ന്യൂസിലൻഡിൽ കിവി ബോണ്ട്, യുകെയിൽ ബുൾഡോഗ് ബോണ്ട് എന്നിങ്ങനെയൊക്കെയാണ് പേരുകൾ.
∙ കോർപ്പറേറ്റ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, സർക്കാരുകൾ തുടങ്ങിയവയാണ് മസാല ബോണ്ട് ഇറക്കുന്നത്.
∙ ഇതുവഴി സമാഹരിക്കുന്ന പണം ചട്ടപ്രകാരമുള്ള വികസന, മൂലധന പദ്ധതികൾക്കു തന്നെ വിനിയോഗിക്കണം.
∙ സ്ഥലം വാങ്ങുക, ഓഹരി വാങ്ങുക തുടങ്ങിയ ഇടപാടുകൾ പറ്റില്ല.
വിവാദത്തിനു പിന്നിൽ
2019ലാണ് കിഫ്ബി ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടി സമാഹരിക്കുന്നത്. പലിശ 9.72%.
മസാല ബോണ്ടിലൂടെ ഇത്തരത്തിൽ പണസമാഹരണം നടത്തിയതിൽ വിദേശ നാണയ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് ഇ.ഡിയുടെ അന്വേഷണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

