ആറ്റിൽ കളഞ്ഞാലും അളന്നു കളയണം, വരവറിഞ്ഞേ ചെലവു ചെയ്യാവൂ, ചെലവല്ലാ ചെലവു വന്നാൽ കളവല്ലാക്കളവും വരും തുടങ്ങിയ പഴഞ്ചൊല്ലുകൾ ഓർമപ്പെടുത്തുന്നത് കുടുംബത്തിലെ വരവുകളും ചെലവുകളും സൂക്ഷ്മതയോടെ നടത്തിക്കൊണ്ടു പോകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. അടിക്കടിയുണ്ടാകുന്ന സാമ്പത്തിക അസ്ഥിരതകളുടെയും വെല്ലുവിളികളുടെയും ആഘാതങ്ങളിൽ നിന്ന് കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഫലപ്രദമായ മാർഗമായി കുടുംബ ബജറ്റിനെ കാണണം.
കുടുംബ ബജറ്റ് എന്നാൽ
വില വർധിക്കുമ്പോൾ അവശ്യ സാധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, കറന്റ് ബില്ല് ഉയരുമ്പോൾ ഓടി നടന്ന് ഫാനും ലൈറ്റും ഓഫാക്കുക, പച്ചക്കറി വില കൂടുമ്പോൾ അവിയലും സാമ്പാറും ഒഴിവാക്കുക തുടങ്ങിയ താൽക്കാലിക ശ്രമങ്ങൾ മാത്രമല്ല കുടുംബ ബജറ്റ്. ഓരോ കുടുംബത്തിനും ഒരു നിശ്ചിത കാലയളവിലേക്ക്, സാധാരണയായി ഒരു മാസം എന്ന രീതിയിൽ, വരവും ചെലവും എത്ര കണ്ട് ഉണ്ടാകുമെന്ന് മുൻകൂട്ടി കണക്കാക്കിക്കൊണ്ട് ചെലവുകൾ നിയന്ത്രിച്ച് വരവിനൊപ്പം സമപ്പെടുത്തുകയോ കുറച്ചു നിർത്തുകയോ ചെയ്യുന്ന തുടർ പ്രവർത്തനങ്ങളെയാണ് കുടുംബ ബജറ്റ് എന്ന് ഉദ്ദേശിക്കുന്നത്.
കുടുംബ ബജറ്റ് തയാറാക്കാൻ വലിയ സാമ്പത്തിക വൈദഗ്ധ്യമൊന്നും ആവശ്യമില്ല. അനുഭവങ്ങളും പ്രായോഗിക ചിന്തകളും ധാരാളം. പ്രതീക്ഷിക്കുന്ന വരുമാനങ്ങളും ഉദ്ദേശിക്കുന്ന ചെലവിനങ്ങളും രേഖപ്പെടുത്തി തയാറാക്കാം. ഒരു കടലാസിൽ രണ്ട് കോളത്തിലായി ഇടതു ഭാഗത്ത് വരവും വലതു ഭാഗത്ത് പ്രധാന ചെലവിനങ്ങളും രേഖപ്പെടുത്തുകയോ ആപ്പുകളിലും വെബ്സൈറ്റുകളിലും ലഭ്യമായ ഫോർമാറ്റുകൾ ഉപയോഗിച്ച് തയാറാക്കുകയോ ആവാം.
വരവുകളിൽ കൃത്യത വേണം
കിഴിവുകളെല്ലാം കഴിഞ്ഞ് വീട്ടിൽ കൊണ്ടുവരുന്ന തുകയാണ് കുടുംബ ബജറ്റിൽ വരുമാനമായി കണക്കാക്കേണ്ടത്. ശമ്പളം തുടങ്ങി സ്ഥിര വരുമാനമുള്ളവർക്ക് വരവു കണക്കാക്കുക എളുപ്പമാണെങ്കിലും കർഷകർ, സ്വയം തൊഴിൽ ചെയ്യുന്നവർ തുടങ്ങിയവർക്ക് പ്രവർത്തന ചെലവുകളെല്ലാം കിഴിവു ചെയ്ത് ലഭിക്കുന്ന അറ്റാദായമാണ് വരുമാനമായി കാണേണ്ടത്. സംരംഭങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർ ഉടമസ്ഥൻ എന്ന രീതിയിൽ വീട്ടുചെലവുകൾക്കു വേണ്ടി വ്യക്തിഗതമായി പിൻവലിച്ചെടുക്കുന്ന തുകയാണ് കുടുംബ ബജറ്റിൽ വരവായി കണക്കാക്കേണ്ടത്. സാമ്പത്തിക കാര്യങ്ങളിൽ കൃഷി ഉൾപ്പെടെ സംരംഭങ്ങളെയും കുടുംബത്തെയും രണ്ടായി തന്നെ കണക്കാക്കണം.
ശമ്പളമായാലും മറ്റു വരുമാനങ്ങളായാലും നികുതി ബാധ്യത പരിഗണിച്ച ശേഷം ലഭിക്കുന്ന തുക മാത്രമേ കുടുംബ ബജറ്റിൽ ഉൾപ്പെടുത്താനാകൂ. വരുമാനങ്ങളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നവർ ഉയർന്ന വരുമാനം ഉണ്ടാകുന്ന മാസങ്ങളിൽ ചെലവുകൾ ശരാശരിയിൽ നിയന്ത്രിച്ച് വരുമാനത്തിൽ നീക്കിയിരിപ്പ് എത്രയുണ്ടെന്ന് കണക്കാക്കി അടുത്ത മാസങ്ങളിൽ വരവു കോളത്തിൽ മുൻ ബാക്കി എന്ന് രേഖപ്പെടുത്തി വരവു നില സമാനമാക്കാം. എപ്പോഴെങ്കിലുമൊക്കെ കിട്ടാൻ സാധ്യതയുള്ള ബോണസ്, നികുതി റീഫണ്ട് തുടങ്ങിയവ ലോട്ടറി കിട്ടിയ പോലെ അനിയന്ത്രിതമായി ചെലവാക്കുന്നതിന് പകരം കുടുംബ ബജറ്റിൽ ഉൾപ്പെടുത്തണം.
ഇനം തിരിച്ച് ചെലവുകൾ
ഓരോ മാസവും എന്തെല്ലാം ഇനങ്ങളിൽ പണം ചെലവിടേണ്ടി വരുമെന്ന് വ്യക്തമായി ബജറ്റിൽ രേഖപ്പെടുത്താൻ കൂടുതൽ ശ്രദ്ധ വേണം. ചെലവുകളുടെ പട്ടിക തയാറാക്കുന്നതോടൊപ്പം ഒഴിവാക്കാനാവാത്തവ, മാറ്റി വയ്ക്കാവുന്നവ എന്നിങ്ങനെ പ്രധാനമായി രണ്ടിനങ്ങളിലായി വേർതിരിച്ചെഴുതാം. വായ്പാ തിരിച്ചടവ്, പലിശച്ചെലവ്, കാർഡ് തിരിച്ചടവ് തുടങ്ങിയവ സാമ്പത്തിക ചെലവുകൾ എന്ന് പ്രത്യേക വിഭാഗമായി എഴുതിയാൽ സാമ്പത്തികാസൂത്രണത്തിന് ഉപകരിക്കും. ശ്രദ്ധിക്കപ്പെടാത്ത പലവിധ ചില്ലറ ചെലവുകൾ ഒരുമിച്ച് കണക്കാക്കുമ്പോൾ വലിയ തുക വരും. ഇവ ബജറ്റിൽ വിട്ടു പോകരുത്. ഫീസുകൾ, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം തുടങ്ങി എല്ലാ മാസവും നൽകേണ്ടതല്ലാത്ത ചെലവുകൾ അവ നൽകേണ്ടി വരുന്ന മാസങ്ങളിലെ ബജറ്റ് അവതാളത്തിലാക്കും. സമ്മാനങ്ങൾ, സംഭാവനകൾ തുടങ്ങി സ്ഥിരമായല്ലെങ്കിലും ഉറപ്പായും വേണ്ടി വരുന്ന ചെലവിനങ്ങളും ബജറ്റിന്റെ പരിധിയിൽ വരണം.
വരവ്- ചെലവ് തുല്യമാക്കൽ
നിത്യജീവിതത്തിൽ വരവും ചെലവും തുല്യമാക്കൽ സങ്കീർണമാണെങ്കിലും കുടുംബ ബജറ്റിന്റെ പിൻബലമുണ്ടെങ്കിൽ കുറച്ചൊക്കെ പരിഹാരമാകും. ചെലവ് കൂടി ബജറ്റ് കൂട്ടിമുട്ടിക്കാൻ കഴിയാതെ വരുമ്പോൾ ഒഴിവാക്കാനാവുന്ന ചെലവിനങ്ങൾ മാറ്റി വയ്ക്കാം. ബജറ്റിൽ മിച്ചം വരുന്ന തുക പൂർണമായും അടുത്ത മാസത്തെ ചെലവുകൾക്കായി പരിഗണിക്കാനാകില്ല. മിച്ചം നാലായി തരംതിരിക്കണം. വരും മാസങ്ങളിൽ ഒരുമിച്ച് അടയ്ക്കേണ്ടതായി വരുന്ന ഫീസ്, പ്രീമിയം തുടങ്ങിയ തുകകൾ ഒരു പ്രത്യേക അക്കൌണ്ടിലേക്ക് മാറ്റി സൂക്ഷിക്കേണ്ടതാണ് ഒരു ഭാഗം. പ്രതീക്ഷിക്കാതെ കടന്നു വരുന്ന ചെലവിനങ്ങൾക്കായി ഒരു അടിയന്തര ഫണ്ട് പ്രത്യേകമായി കരുതണം. ഭാവിയിലേക്കുള്ള കരുതലും നിക്ഷേപ ലക്ഷ്യങ്ങളുമായി ഒരു പ്രധാന ഭാഗം സമ്പാദ്യമായി നിക്ഷേപം നടത്തണം. വരുമാനം കുറയാൻ സാധ്യതയുള്ള വരും മാസങ്ങളിലേക്കുള്ള നീക്കിയിരുപ്പ് തുക ഉണ്ടെങ്കിൽ അത്തരം മാസങ്ങളിലെ ബജറ്റിൽ മുൻ ബാക്കി എന്ന രീതിയിൽ ഉൾപ്പെടുത്തി ഉപയോഗിക്കണം.
ബജറ്റ് തയാറാക്കുന്നതിനെക്കാൾ അത് നടപ്പാക്കിയെടുക്കാനുള്ള സാമ്പത്തിക അച്ചടക്കവും നിശ്ചയദാർഢ്യവുമാണ് പ്രധാനം.
(തുടരും)
Content Highlight: How to manage Household Budget
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]