ആലപ്പുഴ∙ രാജ്യത്ത് ദേശീയപാതകളിലെ 25 ടോൾ ബൂത്തുകളിൽ വാഹനം നിർത്താതെ തന്നെ ടോൾ ഈടാക്കാനുള്ള സംവിധാനം അടുത്ത മാർച്ചിനകം നടപ്പാക്കും. കേരളത്തിൽ എൻഎച്ച് 66 വികസനത്തിന്റെ ഭാഗമായുള്ള നിർമാണം പൂർത്തിയായ ശേഷം അടുത്ത ഘട്ടമായി ഇവിടെയും ഇത് ഏർപ്പെടുത്തും.
അങ്ങനെയെങ്കിൽ പ്രധാന ജംക്ഷനുകളിലെ സിഗ്നലുകളിൽ ഒഴികെ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം പാറശാല വരെ ടോൾ നൽകാൻ നിർത്തേണ്ടതില്ലാത്ത തടസ്സരഹിത യാത്ര സാധ്യമാകും.
ശേഷി കൂടിയ സെൻസറുകളും ക്യാമറകളും വരും
ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ മൾട്ടി ലെയ്ൻ ഫ്രീ ഫ്ലോ ടോളിങ് സംവിധാനം ഉപയോഗിച്ചാണു വാഹനം തിരിച്ചറിഞ്ഞു ഫാസ്ടാഗിൽ നിന്നു ടോൾ തുക ഈടാക്കുക. കൂടുതൽ ശേഷിയുള്ള സെൻസറുകളും ക്യാമറകളും ഇതിനായി ഉപയോഗിക്കും.
വാഹനം ബൂത്തിലേക്ക് എത്തുമ്പോൾ തന്നെ തിരിച്ചറിഞ്ഞു ടോൾ ഈടാക്കുന്ന സംവിധാനം എൻഎച്ച് 48ൽ ഗുജറാത്തിലെ ചൊര്യാസി ടോൾ ബൂത്തിലാണ് ആദ്യമായി നടപ്പാക്കുന്നത്. ഈ സാമ്പത്തിക വർഷം ആകെ 25 ടോൾ ബൂത്തുകളിൽ നടപ്പാക്കും.
ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എഎൻപിആർ) സാങ്കേതികവിദ്യ ഉപയോഗിച്ചു വാഹനങ്ങളുടെ നമ്പർ തിരിച്ചറിയും.
നിലവിൽ ഉപയോഗിക്കുന്നതിനെക്കാൾ ഉയർന്ന ശേഷിയുള്ള റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സംവിധാനം ഉപയോഗിച്ചു ഫാസ്ടാഗ് വിവരങ്ങൾ വേഗത്തിൽ തിരിച്ചറിയും. തുടർന്നു ഫാസ്ടാഗിൽ നിന്നു പണം ഈടാക്കും.
ഇതെല്ലാം വാഹനം ടോൾ ബൂത്തിലൂടെ കടന്നുപോകുന്ന മില്ലി സെക്കൻഡുകൾക്കകം പൂർത്തിയാകും.
നിലവിൽ ടോൾ പ്ലാസകളിൽ വാഹനം നിർത്തുമ്പോൾ, മുൻവശത്തെ ഗ്ലാസിൽ ഘടിപ്പിച്ചിട്ടുള്ള ഫാസ്ടാഗിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്ഐഡി) സംവിധാനം വഴിയാണു ടോൾ ഈടാക്കുന്നത്. ടോൾ പ്ലാസയിലെ സ്കാനർ ഫാസ്ടാഗ് തിരിച്ചറിഞ്ഞു ടോൾ ഈടാക്കാൻ രണ്ടു സെക്കൻഡ് മുതൽ മിനിറ്റുകൾ വരെ എടുക്കുന്നുണ്ട്.
അതിനാൽ വണ്ടി ടോൾ പ്ലാസയിൽ നിർത്തേണ്ടി വരും. തിരക്കുള്ള സമയത്ത് വാഹനങ്ങൾ നിരനിരയായി കാത്തുകിടക്കേണ്ടി വരാറുണ്ട്.
ഈ അസൗകര്യവും സമയനഷ്ടവും ഒഴിവാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]