
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെച്ചൊല്ലി ഏറെക്കാലമായി അമേരിക്ക കടുത്ത വിമർശനങ്ങളുന്നയിക്കുമ്പോഴും, അമേരിക്കയുടെ എണ്ണയും വൻതോതിൽ വാങ്ങിക്കൂട്ടി ഇന്ത്യ. 2024ൽ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ അമേരിക്കയുടെ വിഹിതം 3.5 ശതമാനമായിരുന്നു.
2025ന്റെ ആദ്യപകുതിയിൽ വിഹിതം കുതിച്ചുകയറിയത് 8.5 ശതമാനത്തിലേക്ക്. റഷ്യയുടെ വിഹിതമാകട്ടെ 36.3 ശതമാനത്തിൽ നിന്ന് 33.7 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു.
ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ 5-ാം സ്ഥാനം അമേരിക്ക നിലനിർത്തിയിട്ടുമുണ്ട്.
2024 ജനുവരി-ഡിസംബർ കണക്കനുസരിച്ച് 20.5 ശതമാനം വിഹിതവുമായി ഇറാക്കാണ് രണ്ടാമത്. സൗദി അറേബ്യ (13%), യുഎഇ (9%) എന്നിവ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലും.
അമേരിക്കയ്ക്ക് പിന്നിൽ 2.5% വിഹിതവുമായി നൈജീരിയയാണ് ആറാമത്. കുവൈറ്റ് (2.5%), അംഗോള (2.3%), കൊളംബിയ (1.5%), വെനസ്വേല (1.5%), മെക്സിക്കോ (1.3%), ടർക്കി (0.8%), ഒമാൻ (0.9%), ദക്ഷിണ കൊറിയ (0.8%), ബ്രസീൽ (0.8%), ഖത്തർ (0.6%) എന്നിങ്ങനെയും നീളുന്നു പട്ടിക.
40ലേറെ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്.
മൊത്തം ഉപഭോഗത്തിന്റെ 85-90 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ലോകത്തെ മൂന്നാമത്തെ വലിയ ഇറക്കുമതി രാജ്യവുമാണ്. ഇന്ത്യയുടെ എനർജി ആവശ്യകത ഭീമമായ പശ്ചാത്തലത്തിലാണ്, ഡിസ്കൗണ്ട് നിരക്കിൽ ലഭിച്ച റഷ്യൻ എണ്ണ വൻതോതിൽ വാങ്ങിക്കൂട്ടിയതും.
അൾജീരിയ, മലേഷ്യ., ഈജിപ്റ്റ്, കോംഗോ, ബ്രൂണേയ്, ഘാന, കാനഡ, ഗ്രീസ്, ടോഗോ, ഇക്വഡോർ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നുണ്ട്.
2025 ജനുവരി-ജൂണിലെ കണക്കുനുസരിച്ച് ഇറാക്കിന്റെ വിഹിതം 19 ശതമാനത്തിലേക്ക് കുറഞ്ഞു. സൗദിയുടേത് 13ൽ 11.6 ശതമാനമായി.
എന്നാൽ, യുഎഇ 9ൽ നിന്ന് 9.7 ശതമാനത്തിലേക്ക് വിഹിതം മെച്ചപ്പെടുത്തി. 2.5ൽ നിന്ന് 3 ശതമാനത്തിലേക്ക് വിഹിതംകൂട്ടി കുവൈറ്റ് 6-ാം സ്ഥാനം പിടിച്ചെടുത്തു.
2.9 ശതമാനവുമായി നൈജീരിയ ഏഴാമതായി. 0.8ൽ നിന്ന് 1.1 ശതമാനത്തിലേക്ക് ബ്രസീലും വിഹിതം കൂട്ടിയിട്ടുണ്ട്.
ട്രംപ്-ഇന്ത്യ പോര്
ഇന്ത്യയ്ക്ക് 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ്, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് പിഴയും ചുമത്തുമെന്ന് പറഞ്ഞിരുന്നു.
പിഴ എന്തായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ, കഴിഞ്ഞ ഒരാഴ്ചയായി ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങാനുള്ള പുതിയ കരാറുകളിൽ ഏർപ്പെട്ടിട്ടില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയെന്ന് കേട്ടെന്നും നല്ല കാര്യമാണെന്നും ട്രംപ് പ്രതികരിക്കുകയും ചെയ്തു.
എന്നാൽ, പൊതുമേഖലാ എണ്ണക്കമ്പനികൾ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയതിനെ കുറിച്ച് അറിയില്ലെന്നും ഇറക്കുമതി വേണ്ടെന്ന തീരുമാനമില്ലെന്നുമാണ് കേന്ദ്രം ഇതിനോട് പ്രതികരിച്ചത്. രാജ്യാന്തര വിപണിയിലെ സാഹചര്യവും രാജ്യതാൽപര്യവും വിലയിരുത്തിയാണ് ഇന്ത്യ ഊർജോൽപന്നങ്ങൾ വാങ്ങുന്നതെന്നും കേന്ദ്രം പറഞ്ഞിരുന്നു. 90 ശതമാനത്തോളം ക്രൂഡ് ഓയിലിനും ഇറക്കുമതിയെ ആശ്രയിക്കേണ്ടതുള്ളതിനാൽ, വിപണി സാഹചര്യവും വിലയും നിർണായകമാണെന്നാണ് ഇന്ത്യയുടെ നിലപാട്.
ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക, കയറ്റുമതി രാജ്യങ്ങളിലൊന്നായ റഷ്യയെ ഒറ്റപ്പെടുത്തിയാൽ എണ്ണവില നിലവിലെ 70 ഡോളറിൽ നിന്ന് 130-140 ഡോളർ വരെയായി ഉയരുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
ക്രൂഡ് ഓയിൽ വില ബാരലിന് ശരാശരി 70 ഡോളറിൽ താഴെ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് അഭികാമ്യം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]