
യുഎസിന്റെ കഴിഞ്ഞ മാസങ്ങളിലെ പുതിയ തൊഴിൽക്കണക്കുകൾ മുഴുവൻ മാറിമറിഞ്ഞു. പരിഷ്കരിച്ച കണക്കുകൾ നിരാശപ്പെടുത്തുകകൂടി ചെയ്തതോടെ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് (ബിഎൽഎസ്) കമ്മിഷണർ ഡോ.
എറീക മക്എന്റാർഫെറിനെ ട്രംപ് പുറത്താക്കി. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിനെ വിജയിപ്പിക്കാനായി ഡോ.
എറീക തൊഴിൽക്കണക്കിൽ തിരിമറി കാണിച്ചെന്ന ഗുരുതര ആരോപണവും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉന്നയിച്ചു. മുൻ പ്രസിഡന്റ് ജോ ബൈഡനാണ് ഡോ.
എറീകയെ നിയമിച്ചത്.
അമേരിക്കയ്ക്ക് വേണ്ടത് വസ്തുതാപരമായ കണക്കുകളാണെന്നും ബൈഡന്റെ രാഷ്ട്രീയ നിയമനത്തിലൂടെ കമ്മിഷണറായ ഡോ. എറീകയെ അടിയന്തരമായി പുറത്താക്കാൻ നിർദേശിച്ചെന്നും ട്രംപ് പറഞ്ഞു.
കഴിവും യോഗ്യതയുള്ളയാൾ കമ്മിഷണറായി എത്തുമെന്നും ട്രംപ് പറഞ്ഞു.
കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ചെയർമാൻ ജെറോം പവൽ ഉടൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ മടിച്ചിട്ടും ‘ട്രംപി’ന്റെ നയങ്ങളിലൂടെ യുഎസ് മികച്ച സമ്പദ്വളർച്ചയാണ് നേടുന്നതെന്ന് ട്രംപ് പറഞ്ഞു.
ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പലിശ കുറയ്ക്കാത്ത ജെറോം പവലിനെ ട്രംപ് ‘‘റ്റൂ ലേറ്റ് പവൽ’’ എന്നാണ് പരിഹസിക്കുന്നത്.
കണക്കുകൾ അപ്പാടെ പൊളിഞ്ഞു
മേയിൽ 1.44 ലക്ഷവും ജൂണിൽ 1.47 ലക്ഷവും പുതിയ തൊഴിലവസരങ്ങൾ യുഎസിൽ എമ്പാടുമായി സൃഷ്ടിക്കപ്പെട്ടെന്നായിരുന്നു നേരത്തേ ബിഎൽഎസ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ പുറത്തുവിട്ട
റിപ്പോർട്ടിൽ കണക്കുകൾ ‘നിലംപൊത്തി’. നേരത്തേ റിപ്പോർട്ട് ചെയ്തത് തെറ്റായിരുന്നെന്നും മേയിൽ ആകെ 19,000 പേർക്കേ പുതുതായി ജോലി കിട്ടിയുള്ളൂ എന്നും ഇന്നലെ ബിഎൽഎസ് മാറ്റിപ്പറഞ്ഞു.
ജൂണിലെ കണക്ക് വെറും 14,000ലേക്കും കുറച്ചു. അതായത്, ആദ്യ കണക്കിൽ നിന്ന് രണ്ടുമാസങ്ങളിലുമായി കുറഞ്ഞത് 2.58 ലക്ഷം തൊഴിലുകൾ.
ജൂലൈയിൽ ഒരുലക്ഷം പുതിയ തൊഴിലുകളെങ്കിലും സൃഷ്ടിക്കുമെന്ന് കരുതിയിരിക്കെ, 73,000ൽ ഒതുങ്ങിയതും ട്രംപിനെ ചൊടിപ്പിച്ചു.
രാജ്യത്തെ മൊത്തം തൊഴിലില്ലായ്മനിരക്ക് 4.1ൽ നിന്ന് 4.2 ശതമാനമായി കൂടുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയിൽ സാഹചര്യം ഒട്ടും ശുഭകരമല്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ തൊഴിൽ റിപ്പോർട്ട് ഇതോടെയാണ് ട്രംപ് കമ്മിഷണറെ പുറത്താക്കിയതും പവലിനോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടതും.
ട്രംപിന്റെ ഗുരുതര ആരോപണം
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് കഴിഞ്ഞവർഷം മാർച്ചിൽ 8.18 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചെന്നെ പെരുപ്പിച്ച കണക്കുകൾ പുറത്തുവിട്ടെന്ന് പറഞ്ഞ ട്രംപ്, പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഓഗസ്റ്റിലും സെപ്റ്റംബറിലും 1.12 ലക്ഷം തൊഴിലുകളുണ്ടായെന്ന ‘വ്യാജ’ കണക്കുകളും റിപ്പോർട്ട് ചെയ്തെന്ന് ട്രൂത്ത് സോഷ്യലിൽ ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ കമലയ്ക്ക് വിജയിക്കാനുള്ള അവസരം സൃഷ്ടിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതെല്ലാം രേഖാമൂലമുള്ള കണക്കാണെന്നിരിക്കെയാണ് അവർ തിരിമറി കാണിച്ചതെന്നും ട്രംപ് പറഞ്ഞു.
ഓഹരികളിൽ തകർച്ച, സ്വർണവിലയിൽ കുതിപ്പ്
അമേരിക്കയുടെ പുതിയ തൊഴിൽക്കണക്ക് നിരാശപ്പെടുത്തിയതും ട്രംപ് വീണ്ടും വ്യാപാരയുദ്ധം കടുപ്പിച്ചതും ഓഹരി വിപണികളെ ഇന്നലെ കനത്ത നഷ്ടത്തിലാക്കി.
ഡൗ ജോൺസ് 542.40 പോയിന്റ് (-1.23%) ഇടിഞ്ഞു. എസ് ആൻഡ് പി 500 സൂചിക 1.60%, നാസ്ഡാക് 2.24% എന്നിങ്ങനെ കൂപ്പുകുത്തി.
∙ കഴിഞ്ഞ ജൂൺ 13ന് ശേഷമുള്ള ഏറ്റവും വലിയ നഷ്ടമാണ് ഡൗ നേരിട്ടത്.
∙ എസ് ആൻഡ് പി 500ന്റേത് മേയ് 21ന് ശേഷമുള്ള വലിയ വീഴ്ച.
∙ ഏപ്രിൽ 21ന് ശേഷമുള്ള ഏറ്റവും വലിയ ഏകദിന നഷ്ടമാണ് നാസ്ഡാക്കിന്റേത്.
∙ അമേരിക്കൻ സമ്പദ്സ്ഥിതിയുടെ നേർചിത്രം വ്യക്തമാക്കുന്ന സാമ്പത്തിക സൂചികകളിലൊന്നാണ് തൊഴിൽക്കണക്ക്.
തൊഴിലവസരം കുറയുന്നത് സമ്പദ്സ്ഥിതി മെച്ചമല്ലെന്നാണ് വ്യക്തമാക്കുക. ഇതാണ് ഓഹരികളെ തളർത്തിയതും.
അമേരിക്കയിലെ മോശം തൊഴിൽക്കണക്കും ഫെഡറൽ റിസർവ് ചെയർമാനെതിരെ ട്രംപ് വീണ്ടും വിമർശനം തൊടുത്തതും വ്യാപാരയുദ്ധവും ഡോളറിന്റെ വീഴ്ചയും സ്വർണത്തിന് തിരിച്ചുകയറാനുള്ള ഊർജമായി.
രാജ്യാന്തരവില ഔൺസിന് 65 ഡോളർ കുതിച്ചുകയറി 3,363 ഡോളറിലെത്തി. കേരളത്തിൽ ഇന്നു പവന് വമ്പൻ വിലവർധന പ്രതീക്ഷിക്കാം.
∙ യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 100ൽ നിന്ന് 98 നിലവാരത്തിലേക്ക് ഇടിഞ്ഞു.
∙ ഡോളർ ഇടിഞ്ഞതോടെ സ്വർണത്തിനുള്ള ഡിമാൻഡ് കൂടി.
കുറഞ്ഞ ചെലവിൽ കൂടുതൽ സ്വർണം വാങ്ങാമെന്നതാണ് നേട്ടം.
∙ ഓഹരി, കടപ്പത്ര വിപണികളുടെ വീഴ്ചയും സ്വർണത്തിന് കരുത്തായി. യുഎസ് ഗവൺമെന്റിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (10-ഇയർ ട്രഷറി നോട്ട്) 4.41ൽ നിന്ന് 4.22 ശതമാനത്തിലേക്ക് ഇടിഞ്ഞു.
∙ ഓഹരിയും കടപ്പത്രങ്ങളും അനാകർഷകമാവുകയും ഡോളർ ഇടിയുകയും െചയ്തതോടെ, നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്നോണം ഗോൾഡ് ഇടിഎഫ് പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് ചുവടുമാറ്റിയതും സ്വർണത്തിന് ആവേശമായി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]