തിരുവനന്തപുരം ∙ കേരള ബാങ്ക് ദീർഘകാല നിക്ഷേപത്തിന്റെ പലിശയിൽ കുറവു വരുത്തി. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളും മറ്റു സഹകരണ സ്ഥാപനങ്ങളും കേരള ബാങ്കിൽ നിക്ഷേപിച്ചിരിക്കുന്നതുൾപ്പെടെ എല്ലാ നിക്ഷേപങ്ങൾക്കും നിരക്കുമാറ്റം ജൂലൈ 1 മുതൽ ബാധകമാണ്. റിസർവ് ബാങ്കിന്റെ ഷെഡ്യൂൾ പ്രകാരമാണ് കേരള ബാങ്കിലും പലിശ പുതുക്കി നിശ്ചയിച്ചത്. കേരള ബാങ്ക് നിക്ഷേപങ്ങൾക്കു പലിശ കുറയ്ക്കുന്നതോടെ പ്രാഥമിക സംഘങ്ങൾ ഉൾപ്പെടെ എല്ലാ സഹകരണ സ്ഥാപനങ്ങളും പലിശ നിരക്ക് കുറയ്ക്കേണ്ടി വരും.

കേരള ബാങ്കിന്റെ പുതുക്കിയ പലിശ നിരക്ക് (പഴയ നിരക്ക് ബ്രാക്കറ്റിൽ)

∙ 2 വർഷവും അതിലേറെയുമുള്ള നിക്ഷേപത്തിനു പലിശ 7.00 (7.85%)
∙ ഒരു വർഷം മുതൽ 2 വർഷത്തിന് താഴെ 7.10% (7.75%)
∙ 180 ദിവസം മുതൽ 364 ദിവസം വരെ 7.00% (7.35%)
∙ 91 ദിവസം മുതൽ 179 ദിവസം വരെ 6.5% (7.00%)
∙ 46 ദിവസം മുതൽ 90 ദിവസം വരെ 6.00% (6.5%)
∙ 15 ദിവസം മുതൽ 45 ദിവസം വരെ 5.50% (6%)

സഹകരണ ബാങ്കുകൾക്ക് പ്രതിസന്ധി

പാലക്കാട് ∙ സ്ഥിര നിക്ഷേപങ്ങൾക്കു കേരള ബാങ്ക് പലിശ കുറച്ചതോടെ സഹകരണബാങ്കുകൾക്കു പ്രതിസന്ധി. ഇടപാടുകാർക്കു നൽകുന്നതിനെക്കാൾ കുറഞ്ഞ പലിശയാണു കേരള ബാങ്കിൽനിന്നു സഹകരണബാങ്കുകൾക്കു ലഭിക്കുക. 37,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് സഹകരണ ബാങ്കുകൾക്ക് കേരള ബാങ്കിൽ ഉള്ളത്. പലിശ വരുമാനം കുറഞ്ഞാൽ സഹകരണ ബാങ്കുകളുടെ നിലനിൽപ് പ്രതിസന്ധിയിലാകും.

കേരള ബാങ്കിന്റെ പുതുക്കിയ നിരക്കു പ്രകാരം ഒരു വർഷം മുതൽ 2 വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 7.10 ശതമാനമാണ് സഹകരണ ബാങ്കുകൾക്ക് പലിശ ലഭിക്കുക. നേരത്തേ ഇത് 7.75 ശതമാനം ആയിരുന്നു. അതേസമയം, സഹകരണ ബാങ്കുകൾ ഇടപാ‌ടുകാർക്ക് ഇതേകാലയളവിൽ സ്ഥിരനിക്ഷേപത്തിനു നൽകുന്നത് 8 ശതമാനമാണ്.

മുതിർന്ന പൗരൻമാർക്ക് അരശതമാനം കൂടുതലും നൽകണം. ഇതു കുറയ്ക്കാൻ സഹകരണ ബാങ്കുകൾ നിർബന്ധിതമായാൽ നിക്ഷേപങ്ങൾ കുറയും. കൂടിയ പലിശയാണ് ചെറുകിട നിക്ഷേപകരെ സഹകരണ ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്. നിക്ഷേപം കേരള ബാങ്കിൽനിന്നു മാറ്റി കൂടുതൽ പലിശ ലഭിക്കുന്ന മറ്റിടങ്ങളിൽ നിക്ഷേപിക്കുന്നതിനു സഹകരണവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

English Summary:

Kerala Bank has reduced the interest rates on long-term fixed deposits. This change will likely affect the interest rates offered by cooperative banks, potentially leading to a decrease in their deposit rates as well.