
പുതിയ സാമ്പത്തിക വർഷത്തിലെ (2025-26) ആദ്യ രണ്ടുമാസങ്ങളിലും ചരക്ക്-സേവന നികുതി (GST) 3,000 കോടി രൂപയ്ക്കുമേൽ വരുമാനം സ്വന്തമാക്കി കേരളം (Kerala GST revenue). നടപ്പുവർഷത്തെ ആദ്യമാസമായ ഏപ്രിലിൽ വരുമാനം 2024-25 ഏപ്രിലിലെ 3,272 കോടി രൂപയിൽ നിന്ന് 5% ഉയർന്ന് 3,436 കോടി രൂപയായപ്പോൾ ഇക്കഴിഞ്ഞ മാസത്തെ സമാഹരണം 2024 മേയിലെ 2,594 കോടി രൂപയിൽ നിന്ന് 24% കുതിച്ച് 3,210 കോടി രൂപയിലുമെത്തി.
രാജ്യമെമ്പാടും സാമ്പത്തിക പ്രവർത്തനങ്ങളിൽ കഴിഞ്ഞ മാസങ്ങളിലുണ്ടായ ഉണർവിന്റെ നേട്ടം കേരളത്തിലും പ്രതിഫലിച്ചുവെന്നാണ് വിലയിരുത്തലുകൾ. അതേസമയം, കേരളത്തിന്റെ കഴിഞ്ഞ രണ്ടുമാസങ്ങളിലെ (ഏപ്രിൽ-മേയ്) സംസ്ഥാന ജിഎസ്ടിയും (SGST) ഐജിഎസ്ടിയിൽ (IGST) സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (Post-Settlement GST) 10% ഇടിഞ്ഞിട്ടുണ്ട്.
മുൻവർഷത്തെ സമാനകാലത്തെ 5,547 കോടി രൂപയിൽ നിന്ന് 4,965 കോടി രൂപയായാണ് ഇടിവ്. ഈയിനത്തിൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ് 12%, തെലങ്കാന 2%, തമിഴ്നാട് 6%, കർണാടക 3% എന്നിങ്ങനെയും നെഗറ്റീവ് വളർച്ച കുറിച്ചു.
ലക്ഷദ്വീപ് 94% വളർച്ച നേടിയെങ്കിലും തുക ആകെ 18 കോടി രൂപയേയുള്ളൂ. പുതുച്ചേരി നേരിട്ടത് 19% ഇടിവ്.
ദേശീയതലത്തിൽ മികച്ച ഉണർവ് ദേശീയതലത്തിലെ ജിഎസ്ടി പിരിവ് തുടർച്ചയായ രണ്ടാംമാസവും 2 ലക്ഷം കോടി രൂപ കടന്നു. ഏപ്രിലിൽ റെക്കോർഡ് 2.36 ലക്ഷം കോടി രൂപയായിരുന്നു ലഭിച്ചതെങ്കിൽ കഴിഞ്ഞമാസം പിരിച്ചെടുത്തത് 2.01 ലക്ഷം കോടി രൂപ.
2024 മേയിലെ 1.72 ലക്ഷം കോടി രൂപയേക്കാൾ 16.4% അധികം. കഴിഞ്ഞമാസത്തെ മൊത്തം പിരിവിൽ 35,434 കോടി രൂപ കേന്ദ്ര ജിഎസ്ടിയും 43,902 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്.
സംയോജിത ജിഎസ്ടിയായി 1.08 ലക്ഷം കോടി രൂപയും സെസ് (CESS) ഇനത്തിൽ 12,879 കോടി രൂപയും പിരിച്ചു. കഴിഞ്ഞവർഷം മേയിൽ ഐജിഎസ്ടി 87,781 കോടി രൂപ മാത്രമായിരുന്നു.
കഴിഞ്ഞമാസം ഇറക്കുമതിയിന്മേലുള്ള ജിഎസ്ടി പിരിവ് 25.2% ഉയർന്ന് 51,266 കോടി രൂപയായപ്പോൾ ആഭ്യന്തര ഇടപാടുകളിന്മേലുള്ള പിരിവ് 13.7% മെച്ചപ്പെട്ട് 1.49 ലക്ഷം കോടി രൂപയാണ്. വളർച്ചയിൽ കേരളം നമ്പർ 3 രാജ്യത്ത് ജിഎസ്ടി പിരിവിലെ വളർച്ചാനിരക്കിൽ കഴിഞ്ഞമാസം വലിയ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന് മൂന്നാംസ്ഥാനമുണ്ട്.
38% വളർന്ന ഡൽഹിയാണ് ഒന്നാമത്. തമിഴ്നാട് 25% വളർച്ചയുമായി രണ്ടാമതുമാണ്.
കേരളത്തിന്റേത് 24%. അതേസമയം, എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പരിഗണിച്ചാൽ വളർച്ചയിൽ മുന്നിൽ ലക്ഷദ്വീപാണ് (445%).
രണ്ടാമത് മണിപ്പുർ (102%). ഏറ്റവുമധികം ജിഎസ്ടി പിരിച്ചെടുത്ത സംസ്ഥാനം മഹാരാഷ്ട്ര തന്നെ.
17% വളർച്ചയുമായി 31,530 കോടി രൂപ. കർണാടക (14,299 കോടി രൂപ), തമിഴ്നാട് (12,230 കോടി രൂപ), ഗുജറാത്ത് (11,737 കോടി രൂപ), ഡൽഹി (10,366 കോടി രൂപ), ഹരിയാന (10,170 കോടി രൂപ), ഉത്തർപ്രദേശ് (9,130 കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]