
കേരളത്തിന്റെ ‘സ്വന്തം’ വിമാനക്കമ്പനി എന്ന പെരുമയോടെ ഉയരുന്ന എയർ കേരള യാഥാർഥ്യത്തിലേക്ക് കൂടുതൽ അടുക്കുന്നു. ഇന്റർനാഷണൽ എയർ ട്രാൻസ്പോർട് അസോസിയേഷനിൽ (IATA) നിന്ന് കമ്പനി വിമാന സർവീസിനുള്ള എയർലൈൻ കോഡ് സ്വന്തമാക്കി. കെഡി (KD) എന്ന കോഡ് ആണ് അനുവദിച്ചത്. ലോകത്തെ എയർലൈനുകളുടെ കൂട്ടായ്മയാണ് അയാട്ട.
വിമാന സർവീസുകളെ തിരിച്ചറിയുന്നതിനുള്ള എയർലൈൻ കോഡ് ആണിത്. എയർ ഇന്ത്യയുടേത് എഐ (AI), ഇൻഡിഗോയുടേത് 6ഇ (6E) എന്നതുമാണ്. പ്രവാസി മലയാളി സംരംഭകർ നേതൃത്വം നൽകുന്ന എയർ കേരള, കൊച്ചിയിൽ കഴിഞ്ഞമാസം ഹെഡ് ഓഫീസ് തുറന്നിരുന്നു.
സർവീസ് ആരംഭിക്കുന്നതിനുള്ള എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (AOC) ഈ മാസം എയർ കേരളയ്ക്ക് ലഭിച്ചേക്കും. ജൂണിൽ സർവീസുകളും ആരംഭിക്കും. 76 സീറ്റുകളുള്ള 3 എടിആർ 72-600 ശ്രേണി വിമാനങ്ങളാണ് തുടക്കത്തിലുണ്ടാവുക. കുറഞ്ഞ ടിക്കറ്റ് നിരക്കിന് പുറമേ സമയബന്ധിതമായ സർവീസുമാണ് എയർ കേരള വാഗ്ദാനം ചെയ്യുന്നത്.
കേരളത്തിലെ 4 വിമാനത്താവളങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ ചെറു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള സർവീസുകളായിരിക്കും ആദ്യം. കൊച്ചിയിൽ നിന്നായിരിക്കും ആദ്യ സർവീസ്. തുടർന്ന് വിമാനങ്ങളുടെ എണ്ണം ഉയർത്തിയശേഷം രാജ്യാന്തര സർവീസുകളും തുടങ്ങും. ഗൾഫ് രാജ്യങ്ങൾക്കായിരിക്കും മുഖ്യ പരിഗണന. കെഡി എന്നതിനെ ‘കേരള ഡ്രീംസ്’ എന്നനിലയിലാണ് കാണുന്നതെന്നും പ്രവാസികളെ സംബന്ധിച്ച് ഇത് ‘കേരള ടു ദുബായ്, കേരള ടു ദോഹ’ തുടങ്ങിയ സ്വപ്നങ്ങളാണെന്നും ഒരു ഗൾഫ് മാധ്യമത്തോട് എയർ കേരള സ്ഥാപകനും ചെയർമാനുമായ അഫി അഹമ്മദ് പറഞ്ഞു.
English Summary:
Air Kerala Secures IATA Code, Set to Launch Operations by June.
mo-news-world-internationalorganizations-iata 6bp9cgt2ds8uutvhiofkj0j814 mo-business-business-news 7q27nanmp7mo3bduka3suu4a45-list 1uemq3i66k2uvc4appn4gpuaa8-list mo-auto-modeoftransport-airways-air-kerala