
ആഭ്യന്തര സമ്പദ്വ്യവസ്ഥ ഉഷാറാണെന്ന് വ്യക്തമാക്കി ദേശീയതല ജിഎസ്ടി സമാഹരണം (GST Collection) കഴിഞ്ഞമാസം (ഏപ്രിൽ) 2.37 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലെത്തി. 2024 ഏപ്രിലിലെ 2.10 ലക്ഷം കോടി രൂപയെന്ന റെക്കോർഡ് തകർന്നു. 12.6% വളർച്ചയോടെ 2.36 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം സമാഹരിച്ചതെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി.
കേന്ദ്ര ജിഎസ്ടി (CGST) സമാഹരണം 2024 ഏപ്രിലിലെ 43,846 കോടി രൂപയിൽ നിന്ന് 48,634 കോടി രൂപയായി മെച്ചപ്പെട്ടു. സംസ്ഥാന ജിഎസ്ടി (SGST) 53,538 കോടി രൂപയിൽ നിന്ന് 59,372 കോടി രൂപയായി. സംയോജിത ജിഎസ്ടിയായി (IGST) പിരിച്ചത് 1.15 ലക്ഷം കോടി രൂപ. 99,623 കോടി രൂപയായിരുന്നു കഴിഞ്ഞവർഷം ഏപ്രിലിൽ. സെസ് (CESS) ഇനത്തിലെ വരുമാനം 13,260 കോടി രൂപയിൽ നിന്ന് 13,451 കോടി രൂപയായും ഉയർന്നു.
ഏപ്രിലിൽ ജിഎസ്ടി സമാഹരണം കൂടിനിൽക്കുന്നത് സാധാരണമാണ്. സാമ്പത്തിക വർഷത്തെ അവസാന മാസമായതിനാൽ മാർച്ചിൽ സാമ്പത്തിക ഇടപാടുകൾ കൂടുതലായിരിക്കും. മാർച്ചിലെ ഈ ഇടപാടുകളിന്മേലുള്ള ജിഎസ്ടി സമാഹരണമാണ് ഏപ്രിലിൽ നടന്നത്. ഓരോ മാസത്തെയും സാമ്പത്തിക പ്രവർത്തനങ്ങളിന്മേലുള്ള ജിഎസ്ടി സമാഹരണം തൊട്ടടുത്തമാസമാണ് നടക്കുക. 2023 ഏപ്രിലിലെ 1.87 ലക്ഷം കോടി രൂപയെന്ന റെക്കോർഡായിരുന്നു 2024 ഏപ്രിലിൽ മറികടന്നത്. ഇക്കഴിഞ്ഞ മാർച്ചിൽ ജിഎസ്ടി വരുമാനം 1.96 ലക്ഷം കോടി രൂപയായിരുന്നു.
കേരളത്തിനു നേട്ടം; പക്ഷേ, വളർച്ചനിരക്കിൽ പിൻനിരയിൽ
കേരളത്തിൽ നിന്നുള്ള ജിഎസ്ടി സമാഹരണം കഴിഞ്ഞമാസം 5% വർധിച്ച് 3,436 കോടി രൂപയായിട്ടുണ്ട്. 2024 ഏപ്രിലിൽ 3,272 കോടി രൂപയായിരുന്നു. അതേസമയം, ജിഎസ്ടി സമാഹരണത്തിലെ വളർച്ചനിരക്കിൽ പിൻനിരയിലാണ് കേരളം. മിസോറം നെഗറ്റീവ് 28 ശതമാനം വളർച്ചയുമായി ഏറ്റവും നിരാശപ്പെടുത്തി. ത്രിപുര നെഗറ്റീവ് 7 ശതമാനം, ആന്ധ്രാപ്രദേശ് നെഗറ്റീവ് 3%, ലഡാക്ക് 3%, ഛത്തീസ്ഗഢ് 3%, ഗോവ 5%, ഡൽഹി 6% എന്നിവയും പിന്നിലാണ്.
287% നേട്ടമുണ്ടാക്കിയ ലക്ഷദ്വീപാണ് ഏറ്റവും മുന്നിൽ. അരുണാചൽ പ്രദേശ് 66%, നാഗാലാൻഡ് 42%, മേഘാലയ 50% എന്നിവയും തിളങ്ങി. അതേസമയം, ജിഎസ്ടി സമാഹരണത്തിൽ ഒന്നാമത് മാഹാരാഷ്ട്ര തന്നെ. ഏപ്രിലിൽ മഹാരാഷ്ട്ര പിരിച്ചെടുത്തത് 11% വളർച്ചയോടെ 41,645 കോടി രൂപ. 17,815 കോടി രൂപയുമായി കർണാടക രണ്ടാമതും 14,970 കോടി രൂപയുമായി ഗുജറാത്ത് മൂന്നാമതുമാണ്. ഹരിയാന (14,057 കോടി രൂപ), ഉത്തർപ്രദേശ് (13,600 കോടി രൂപ), തമിഴ്നാട് (13,831 കോടി രൂപ) എന്നിവയും മുൻനിരയിലുണ്ട്.
അതേസമയം, കേരളത്തിന് കഴിഞ്ഞമാസം സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (Post-Settlement GST) 2,253 കോടി രൂപയാണ്. 2024 ഏപ്രിലിലെ 3,050 കോടി രൂപയേക്കാൾ 26% ഇടിവ്. ഈയിനത്തിൽ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ചേർന്ന് ഏപ്രിലിൽ നേടിയത് 84,152 കോടി രൂപ. 2024 ഏപ്രിലിലെ 95,138 കോടി രൂപയേക്കാൾ 12% കുറവ്.