കൊച്ചി∙ വിമാന ഇന്ധന (എടിഎഫ്) വില കുതിച്ചുയർന്നതോടെ ‘തീപിടിച്ച്’ തുടങ്ങി രാജ്യത്തെ വിമാനനിരക്കുകൾ. ഇന്ത്യൻ കമ്പനികൾക്ക് സർക്കാർ സബ്സിഡി തുടരുമെങ്കിലും വിദേശ വിമാനക്കമ്പനികളുടെ സർവീസുകൾക്ക് ചെലവേറും.
ഗൾഫ്, യൂറോപ്യൻ സെക്ടറുകളിൽ ടിക്കറ്റ് വില കുതിച്ചുയരുകയാണ്. അവധിക്കാലമായതോടെ വിവിധ നഗരങ്ങളിൽനിന്നു കേരളത്തിലേക്കുള്ള നിരക്കും കൂടി.
യുഎസ് – ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ഇന്ധന നീക്കം നിലച്ചതാണ് എടിഎഫ് വിലയും കുതിച്ചുയരാൻ വഴിതെളിച്ചത്.
പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ബുധനാഴ്ച മുതൽ എടിഎഫിന്റെ വില കിലോലീറ്ററിന് 2.07 ലക്ഷം രൂപയായി ഉയർത്തിയെന്ന് വാർത്ത പരന്നത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് ഐഒസി തന്നെ ഇക്കാര്യം നിഷേധിച്ചു. സർക്കാർ ഇടപെട്ടതോടെ വില 1.04 ലക്ഷം രൂപയായി കുറച്ചതായും റിപ്പോർട്ടുകളുണ്ട്.
ആഭ്യന്തര വിമാനക്കമ്പനികളുടെ നിലനിൽപ് പരിഗണിച്ച് എടിഎഫ് വിലയിൽ ഭാഗിക വർധന മാത്രമാവും അനുവദിക്കുകയെന്നു കേന്ദ്രം വ്യക്തമാക്കി. വിമാനക്കമ്പനികളുടെ ചെലവിന്റെ 40 ശതമാനം എടിഎഫിനു വേണ്ടിയാണ്.
കേന്ദ്ര പെട്രോളിയം, സിവിൽ വ്യോമഗതാഗത മന്ത്രാലയങ്ങൾ ഇടപെട്ടതോടെ യുദ്ധം മൂലമുള്ള അധിക ബാധ്യതയിൽ 25 ശതമാനത്തോളം (അഥവാ ലീറ്ററിന് 15 രൂപ) മാത്രം എടിഎഫ് വില വർധന വഴി വീണ്ടെടുക്കാൻ പൊതുമേഖല എണ്ണക്കമ്പനികൾ തീരുമാനിക്കുകയായിരുന്നു.
ഡൽഹിയിൽ എടിഎഫ് കിലോലീറ്ററിന് 1,04,927 രൂപയാണ് പുതിയ നിരക്ക്. മുംബൈയിലെ വില 98,247 രൂപ.
അതേസമയം, വിദേശ റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനക്കമ്പനികൾക്ക് ആഗോളതലത്തിലെ എടിഎഫ് വിലക്കയറ്റം സൃഷ്ടിക്കുന്ന അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടി വരും.
രാജ്യത്ത് എടിഎഫിനുള്ള വിലനിയന്ത്രണം 2001ൽ പിൻവലിച്ചതു മുതൽ പ്രതിമാസ അടിസ്ഥാനത്തിലാണു വിമാന ഇന്ധനവില പരിഷ്കരിക്കുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം നിലച്ച സാഹചര്യത്തിൽ ഏപ്രിലിലെ എടിഎഫ് വിലയിൽ 100 ശതമാനത്തിലേറെ വർധന പ്രതീക്ഷിച്ചിരുന്നു.
ഈ പ്രതിസന്ധി മറികടക്കാനാണു കേന്ദ്ര പെട്രോളിയം, സിവിൽ വ്യോമഗതാഗത മന്ത്രാലയങ്ങൾ ചേർന്ന് ഘട്ടംഘട്ടമായുള്ള വില വർധനയെന്ന നിർദേശം പരിഗണിച്ചതും ആഭ്യന്തര സർവീസുകൾക്കുള്ള എടിഎഫ് വില വർധന ലീറ്ററിന് 21 രൂപയെന്ന നിരക്കിൽ പരിമിതപ്പെടുത്തിയതും.
എയർ ഇന്ത്യയും മറ്റും ആഭ്യന്തര സർവീസിന് 400 രൂപയും ഗൾഫ് സെക്ടറിൽ 10 ഡോളറും ഈടാക്കുന്നുണ്ട്.
സെക്ടറുകളനുസരിച്ച് ഇത് വ്യത്യാസപ്പെടും. പശ്ചിമേഷ്യൻ സംഘർഷം മൂലം എയർസ്പേസുകളിൽ വന്ന മാറ്റവും അധികദൂരം സഞ്ചരിക്കേണ്ടി വരുന്നതും ഇന്ധന ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

