
അമേരിക്കയുടെ കടം നിയന്ത്രണ വിധേയമാക്കിയില്ലെങ്കിൽ, കമ്മി കുതിച്ചുയരുകയാണെങ്കിൽ, ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ ആസ്തികൾ കാരണം ഡോളറിന് ലോക കരുതൽ കറൻസി പദവി നഷ്ടപ്പെടുമെന്ന് ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്ക് നിക്ഷേപകർക്കുള്ള വാർഷിക കത്തിൽ മുന്നറിയിപ്പ് നൽകി.
“പതിറ്റാണ്ടുകളായി ലോകത്തിന്റെ കരുതൽ ധനമായി പ്രവർത്തിക്കുന്ന ഡോളറിൽ നിന്ന് യുഎസിന് പ്രയോജനം ലഭിച്ചിട്ടുണ്ട്, പക്ഷേ അത് എന്നെന്നേക്കും നിലനിൽക്കുമെന്ന് ഒരു ഉറപ്പുമില്ല”, എന്ന് ഫിങ്കിന്റെ കത്തിലുണ്ട്.
“ഈ വർഷം, യുഎസ് ഗവൺമെന്റിന്റെ പലിശ തിരിച്ചടവുകൾ 95200 കോടി ഡോളർ കവിയുകയും പ്രതിരോധ ചെലവുകൾ ഏറുകയും ചെയ്യും. സ്ഥിതിഗതികൾ ശരിയാക്കിയില്ലെങ്കിൽ 2030 ആകുമ്പോഴേക്കും സ്ഥിരമായ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് അമേരിക്ക എത്തുമെന്ന് ” അദ്ദേഹം പറഞ്ഞു.
ഭാവി ഡിജിറ്റൽ ടോക്കണുകളിൽ
ഡിജിറ്റൽ ടോക്കണുകളായിരിക്കും ഭാവിയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുക എന്ന് അദ്ദേഹം പറഞ്ഞു. സ്റ്റോക്കുകൾ, ബോണ്ടുകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ യഥാർത്ഥ ആസ്തികളെ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ വഴി ഓൺലൈനായി വ്യാപാരം ചെയ്യാവുന്ന ഡിജിറ്റൽ ടോക്കണുകളാക്കി മാറ്റിയാണ് ഇത് നടപ്പിലാക്കുക.
“എല്ലാ സ്റ്റോക്കുകളും ബോണ്ടുകളും ഫണ്ടുകളും ആസ്തികളും ടോക്കണൈസ് ചെയ്യാൻ കഴിയും,” ഫിങ്ക് പറഞ്ഞു. അങ്ങനെയാണെങ്കിൽ, അത് നിക്ഷേപത്തിൽ വിപ്ലവം സൃഷ്ടിക്കും. ഇപ്പോഴുള്ള പോലെ സാമ്പത്തിക-ഓഹരി വിപണികൾ അടയ്ക്കേണ്ടി വരില്ല. നിലവിൽ ദിവസങ്ങൾ എടുക്കുന്ന ഇടപാടുകൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാകും. സെറ്റിൽമെന്റ് കാലതാമസം മൂലം നിലവിൽ നിശ്ചലമായിരിക്കുന്ന കോടിക്കണക്കിന് ഡോളറുകൾ ഉടനടി സമ്പദ്വ്യവസ്ഥയിലേക്ക് വീണ്ടും നിക്ഷേപിക്കാനും കൂടുതൽ വളർച്ച സൃഷ്ടിക്കാനും കഴിയും.” ബ്ലാക്ക് റോക് സി ഇ ഒ പറഞ്ഞു.
ടോക്കണൈസ് ചെയ്ത ആസ്തികളുടെ ഏറ്റവും വലിയ വിതരണക്കാരാണ് ബ്ലാക്ക്റോക്ക്. ബ്ലാക്ക്റോക്ക് യുഎസ്ഡി ഇൻസ്റ്റിറ്റ്യൂഷണൽ ഡിജിറ്റൽ ലിക്വിഡിറ്റി (ബിയുഐഡിഎൽ) ഫണ്ട് 2 ബില്യൺ ഡോളറിനടുത്ത് ഉണ്ട്.
ചുരുക്കത്തിൽ പറഞ്ഞാൽ, ഡോളറിന് പകരം ക്രിപ്റ്റോ കറൻസികളും മറ്റു ആസ്തികളുടെ ഡിജിറ്റൽ ടോക്കണുകളും അധികം താമസിയാതെ സാമ്പത്തിക ലോകത്തിൽ സ്ഥാനം പിടിക്കും എന്ന് പറഞ്ഞിരിക്കുകയാണ് ബ്ലാക്ക് റോക്ക് സി ഇ ഒ.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില, 24 മണിക്കൂറിലെയും, ഏഴ് ദിവസത്തേയും വില വ്യത്യാസങ്ങൾ, വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.
ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.