
സ്വർണ വായ്പയിൽ മുന്നേറി സിഎസ്ബി ബാങ്ക്; നിക്ഷേപത്തിലും തിളക്കം, ഓഹരികളിൽ മികച്ച നേട്ടം
തൃശൂർ ആസ്ഥാനമായ സ്വകാര്യ ബാങ്കായ സിഎസ്ബി ബാങ്കിന്റെ (CSB Bank) ഓഹരികൾ ഇന്നു വ്യാപാരം ചെയ്യുന്നത് മികച്ച നേട്ടത്തിൽ. ഇന്നലെ 301.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓഹരി, ഇന്ന് തുടങ്ങിയതു തന്നെ മികച്ച നേട്ടവുമായി 314 രൂപയിൽ. ഒരുവേള വില 317.65 രൂപവരെയുമെത്തിയിരുന്നു.
നിലവിൽ വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് കടക്കുമ്പോൾ ഓഹരിയുള്ളത് 3.75% ഉയർന്ന് 312.50 രൂപയിൽ. മാർച്ച് 31ന് സമാപിച്ച നാലാംപാദത്തിലെ പ്രാഥമിക ബിസിനസ് വളർച്ചാക്കണക്കുകൾ ബാങ്ക് ഇന്നലെ വൈകിട്ട് പുറത്തുവിട്ട പശ്ചാത്തലത്തിലാണ് ഓഹരികളുടെ നേട്ടം.
സിഎസ്ബി ബാങ്കിന്റെ മൊത്തം വായ്പകൾ മുൻവർഷത്തെ സമാനപാദത്തിലെ 24,572 കോടി രൂപയിൽ നിന്ന് 29.59% കുതിച്ച് 31,843 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപം 27,719 കോടി രൂപയിൽ നിന്ന് 36,861 കോടി രൂപയായും മെച്ചപ്പെട്ടു; വളർച്ച 24.03%. പ്രവർത്തന മികവിന്റെ അളവുകോലുകളിലൊന്നായ കറന്റ് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് നിക്ഷേപം (കാസ/CASA) 8,085 കോടി രൂപയിൽ നിന്ന് 10.31% ഉയർന്ന് 8,918 കോടി രൂപയായതും നേട്ടമാണ്.
ടേം ഡെപ്പോസിറ്റുകളിൽ വളർച്ച 29.16 ശതമാനം. 21,634 കോടി രൂപയിൽ നിന്ന് 27,943 കോടി രൂപയായാണ് വർധന. വായ്പകളിൽ ബാങ്ക് കൂടുതൽ ഊന്നൽ കൊടുക്കുന്ന സ്വർണപ്പണയ വായ്പ 35.43 ശതമാനം ഉയർന്നു. 14,094 കോടി രൂപയാണ് ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദപ്രകാരം ബാങ്കിന്റെ സ്വർണപ്പണയ വായ്പകൾ. മുൻവർഷത്തെ സമാനപാദത്തിൽ ഇതു 10,407 കോടി രൂപയും ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ 13,018 കോടി രൂപയുമായിരുന്നു.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)
English Summary:
CSB Bank Sees Strong Q4 Growth in Gold Loans, Share Price Jumps
mo-business-csbbank anilkumar-sharma mo-business-goldloan mo-business-stockmarket mo-business-business-news 9p20a2ah8ku00bit7mojo2sua 7q27nanmp7mo3bduka3suu4a45-list 3sdn5dbhvlnj360kbfi72l9e03-list