ഫെബ്രുവരി ഒന്നുമുതൽ സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് കനത്ത നികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനത്തിന് പിന്നാലെ ഈ രംഗത്തെ കമ്പനികളുടെ വിപണിമൂല്യത്തിൽ നിന്ന് ഇന്നലെ ഒറ്റദിവസം ചോർന്നുപോയത് 60,000 കോടി രൂപ. സിഗരറ്റ് വിപണിയിൽ 75 ശതമാനവും കൈയടക്കിവച്ചിരിക്കുന്ന ഐടിസി ഓഹരികൾക്കായിരുന്നു കൂടുതൽ ആഘാതം.
10% നഷ്ടത്തോടെ ഇന്നലെ വ്യാപാരം അവസാനിപ്പിച്ച ഐടിസിയുടെ വിപണിമൂല്യത്തിൽ നിന്ന് മാത്രം കൊഴിഞ്ഞത് 40,000 കോടിയിലേറെ രൂപ. മറ്റൊരു കമ്പനിയായ ഗോഡ്ഫ്രേയും 10 ശതമാനത്തിലധികം നഷ്ടം നേരിട്ടു.
ഈ എഫ്എംസിജി ഓഹരികളുടെ വീഴ്ച നിഫ്റ്റി എഫ്എംസിജി സൂചികയിൽ ഇന്നലെ 3.17% നഷ്ടത്തിനും വഴിയൊരുക്കി. ഇന്നലെ തുടക്കത്തിൽ നേട്ടത്തിന്റെ ട്രാക്കുപിടിച്ച സെൻസെക്സും നിഫ്റ്റിയും വ്യാപാരാന്ത്യത്തിൽ നിർജീവമായതിന് പിന്നിലെ മുഖ്യഘടകവും സിഗരറ്റ് കമ്പനികളുടെ വീഴ്ചയായിരുന്നു. ഡിസംബറിലെ വിൽപനക്കണക്കുകൾ പുറത്തുവിട്ടതിന് പിന്നാലെ വാഹനക്കമ്പനികളുടെ ഓഹരികൾ പൊതുവേ നേട്ടമുണ്ടാക്കി.
നിഫ്റ്റി ഓട്ടോ സൂചിക ഒരു ശതമാനം ഉയർന്നു. ഐടി, മെറ്റൽ, ബാങ്കിങ്, റിയൽറ്റി ഓഹരികളും പച്ചതൊട്ടെങ്കിലും വിപണിയെ നേട്ടത്തിലേക്ക് ഉയർത്താൻ പര്യാപ്തമായില്ല.
അതേസമയം, ഇന്ന് നേട്ടത്തിന്റെ ട്രാക്ക് പിടിക്കാമെന്ന പ്രതീക്ഷയിലാണ് സെൻസെക്സും നിഫ്റ്റിയും. ഗിഫ്റ്റ് നിഫ്റ്റി രാവിലെ 35 പോയിന്റ് ഉയർന്നുവെന്നത് ശുഭപ്രതീക്ഷയും നൽകുന്നു.
ഓഹരി വിപണിയെ വരുംദിവസങ്ങളിൽ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങൾ ഇവയാണ്:
1) ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റ്.
2) കോർപ്പറേറ്റ് കമ്പനികളുടെ ഒക്ടോബർ-ഡിസംബർപാദ പ്രവർത്തനഫലം. 3) ഇന്ത്യ-യുഎസ് വ്യാപാരക്കരാർ മാർച്ചിനകം യാഥാർഥ്യമാകുമെന്ന പ്രതീക്ഷ.
4) യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് കുറയ്ക്കുമെന്ന വിലയിരുത്തൽ. ഇത് ഇന്ത്യയിലേക്ക് ഉൾപ്പെടെ വിദേശനിക്ഷേപം ഒഴുകാൻ സഹായിക്കും.
5) ക്രൂഡ് ഓയിൽ വില ഇടിയുമെന്ന ഗോൾഡ്മാൻ സാക്സിന്റെ ഉൾപ്പെടെ നിരീക്ഷണങ്ങൾ. നിലവിൽ 57 ഡോളറിലുള്ള ഡബ്ല്യുടിഐ ക്രൂഡ് വില ഈ വർഷം 50 ഡോളറിലേക്ക് താഴ്ന്നേക്കാം.
ഇന്ത്യയുടെ ജിഎസ്ടി വരുമാനം ദേശീയതലത്തിൽ കഴിഞ്ഞമാസം 2024 ഡിസംബറിനെ അപേക്ഷിച്ച് 6.1% ഉയർന്ന് 1.75 ലക്ഷം കോടി രൂപയിലെത്തി. ഉപഭോക്തൃവിപണി ഉഷാറാകുന്നുവെന്ന സൂചനയാണ് ഇതു നൽകുന്നത്.
നവംബറിൽ വരുമാനം 1.70 ലക്ഷം കോടി രൂപയായിരുന്നു. കേരളം ആസ്ഥാനമായ സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പെടെ ഒട്ടേറെ ബാങ്കുകൾ ഡിസംബറിലെ പ്രാഥമിക ബിസിനസ് കണക്കുകൾ പുറത്തുവിട്ടതും ഇന്ന് ഓഹരി വിപണിയുടെ പ്രകടനത്തെ സ്വാധീനിക്കും.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം വായ്പകൾ 11.27%, നിക്ഷേപം 12.17%, കാസ 14.65% എന്നിങ്ങനെ മെച്ചപ്പെട്ടു. കാസ അനുപാതം 31.15ൽ നിന്ന് 31.84 ശതമാനത്തിലേക്ക് ഉയർന്നതും നേട്ടമാണ്.
ഹ്യുണ്ടായ്, ഹീറോ മോട്ടോകോർപ്, ടിവിഎസ് തുടങ്ങിയ വാഹനക്കമ്പനികൾ മികച്ച വിൽപനയാണ് ഡിസംബറിൽ നേടിയതെന്നും പുറത്തുവന്ന കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. വോഡഫോൺ ഐഡിയക്ക് 87,000ൽപ്പരം കോടി രൂപയുടെ എജിആർ കുടിശിക വീട്ടാൻ കേന്ദ്രം 5 വർഷത്തെ സാവകാശം അനുവദിച്ചത് കമ്പനിയുടെ ഓഹരിക്ക് പുത്തൻ കുതിപ്പേകിയിരുന്നു. എന്നാൽ, അഹമ്മദാബാദ് സൗത്ത് സിജിഎസ്ടി അഡിഷണൽ കമ്മിഷണർ കമ്പനിക്ക് കനത്ത പിഴ നോട്ടിസ് അയച്ചെന്ന റിപ്പോർട്ട് ഇന്ന് ഓഹരികളെ സമ്മർദത്തിലാക്കിയേക്കാം.
∙ വിദേശ സൂചികകൾ: യുഎസ് ഫ്യൂച്ചേഴ്സ് പൊതുവേ നേരിയ നേട്ടത്തിലാണ്. ∙ ജപ്പാൻ, ചൈന വിപണികൾക്ക് ഇന്നും പുതുവത്സര അവധി.
∙ ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 0.21% ഉയർന്ന് റെക്കോർഡിലെത്തി. ∙ ഹോങ്കോങ് സൂചിക നേരിയ നേട്ടത്തിലാണുള്ളത്.
∙ സിംഗപ്പുർ ഡിസംബർ പാദത്തിൽ 5.7% ജിഡിപി വളർച്ച രേഖപ്പെടുത്തി. സാമ്പത്തിക രംഗത്തെ പ്രവാചകർ പ്രതീക്ഷിച്ചതിനേക്കാൾ മികച്ച വളർച്ച.
യുഎസ്-വെനസ്വേല, റഷ്യ-യുക്രെയ്ൻ തുടങ്ങിയ ഭൗമരാഷ്ട്രീയ അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു തുടങ്ങി. അവധിക്കുശേഷം വിപണി വീണ്ടും തുറന്നപ്പോൾ ഡബ്ല്യുടിഐ ക്രൂഡ് വിലയുള്ളത് 0.24% നേട്ടവുമായി 57.56 ഡോളറിൽ.
ബ്രെന്റ് വില 0.21% ഉയർന്ന് 60.98 ഡോളറിലുമെത്തി. പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപമെന്ന പെരുമയും യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതയും മുതലെടുത്ത് സ്വർണവും ഉയരങ്ങളിലേക്ക് നീങ്ങുന്നു.
ഇന്നു രാവിലെ രാജ്യാന്തര സ്വർണവിലയുള്ളത് ഔൺസിന് 18.32 ഡോളർ ഉയർന്ന് 4,347.56 ഡോളറിൽ. ഇന്നും കേരളത്തിൽ വില ഉയർന്നേക്കാമെന്ന് ഇതു സൂചിപ്പിക്കുന്നു.
ഡോളറിനെതിരെ രൂപയുടെ പ്രകടനവും സ്വർണവില നിർണയത്തെ സ്വാധീനിക്കും. ഇന്നലെ രൂപ ഡോളറിനെതിരെ 10 പൈസ താഴ്ന്ന് 89.98ൽ എത്തിയിരുന്നു.
ഓഹരി, കടപ്പത്ര വിപണികളിൽ നിന്ന് വിദേശനിക്ഷേപം ഇടിയുന്നതാണ് രൂപയെ പ്രധാനമായും തളർത്തുന്നത്. ഇന്നലെയും വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത് 3,268 കോടി രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

