കൊച്ചി∙ സംവത് 2080ൽ ഓഹരി നിക്ഷേപകർക്ക് ലഭിച്ചത് 22% നേട്ടം. ഉത്തരേന്ത്യക്കാരുടെ വിശ്വാസ പ്രകാരമുള്ള സംവത് 2081 വർഷത്തിന് ഇന്നു തുടക്കമാകും. ഇതോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം ഇന്ന് വൈകിട്ട് 6 മുതൽ 7 വരെ ഓഹരി വിപണികളിൽ നടക്കും. വർഷാരംഭത്തിൽ ഓഹരി വാങ്ങിയാൽ വർഷം മുഴുവൻ നേട്ടമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രത്യേക ട്രേഡിങ് നടത്തുന്നത്.
വർഷത്തിന്റെ അവസാന മാസം വിപണിയിലുണ്ടായ തിരുത്തലുകൾ ഒഴിച്ചു നിർത്തിയാൽ വലിയ നേട്ടങ്ങളുടെ വർഷമാണു കടന്നുപോകുന്നത്. സെൻസെക്സ് 14,484 പോയിന്റാണ് ഇക്കാലയളവിൽ ഉയർന്നത്. നിഫ്റ്റി 4,780 പോയിന്റ് (24.60%) ഉയർന്നു. നിക്ഷേപകരുടെ ആസ്തിയിൽ 124.42 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. കഴിഞ്ഞ ഒരു മാസത്തിൽ സെൻസെക്സ് 5.82 ശതമാനവും (4910 പോയിന്റ്) നിഫ്റ്റി 6.22 ശതമാനവും 1605 പോയിന്റ്) ഇടിഞ്ഞു.
വിപണിയിൽ ഇന്നലെയും നഷ്ടം
വൻകിട വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിക്കുന്നതു തുടരുന്നതിനാൽ വിപണിയിൽ ഇന്നലെയും നഷ്ടം. സെൻസെക്സ് സൂചിക 553 പോയിന്റും നിഫ്റ്റി 135 പോയിന്റും ഇടിഞ്ഞു. ടെക് ഓഹരികളിലും വിൽപന സമ്മർദം നേരിട്ടു. അമേരിക്കൻ ഐടി കമ്പനികളിലെ ഇടിവാണു കാരണം. അതേസമയം, മികച്ച രണ്ടാംപാദ ഫലം പുറത്തുവന്നതോടെ എൽ ആൻഡ് ടി ഓഹരി 6% കുതിപ്പു നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]