പ്രവർത്തന ഫണ്ടിനുള്ള ബിൽ പാസാക്കാൻ കോൺഗ്രസിൽ സമവായമാകാത്തതിനെ തുടർന്ന്, യുഎസിൽ ഡോണൾഡ് ട്രംപ് നയിക്കുന്ന ഗവൺമെന്റിന്റെ പ്രവർത്തനം സ്തംഭനത്തിലേക്ക്. ഇന്ത്യൻ സമയം ഇന്നുരാവിലെ 9.30ഓടെ യുഎസ് ഗവൺമെന്റിന് ‘ഷട്ടർ’ വീഴും.
ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും എതിർപക്ഷമായ ഡെമോക്രാറ്റുകളും തമ്മിലെ ചർച്ച പൊളിഞ്ഞതാണ് ഗവൺമെന്റ് ഷട്ട്ഡൗണിനുള് സാധ്യത തുറന്നത്. സെപ്റ്റംബർ 30ന് രാത്രി 12നകം ബിൽ പാസാകേണ്ടതകായിരുന്നു.
ഇതിനുള്ള സാധ്യത മങ്ങിയതിനാൽ ഒക്ടോബർ ഒന്നിന് പുലർച്ചെ ‘ഷട്ട്ഡൗൺ’ പ്രാബല്യത്തിൽ വരും.
ഷട്ട്ഡൗൺ പ്രാബല്യത്തിലായാൽ ആരോഗ്യസേവനം, എയർ ട്രാഫിക് കൺട്രോൾ, അതിർത്തി പട്രോളിങ് എന്നിവയൊഴികെയുള്ള ഫെഡറൽ ഗവൺമെന്റ് പ്രവർത്തനങ്ങളെല്ലാം പൂർണമായി സ്തംഭിക്കും. ഏകദേശം 7.50 ലക്ഷം സർക്കാർ ജീവനക്കാരെ ശമ്പളരഹിത നിർബന്ധിത അവധിയിലേക്ക് പറഞ്ഞുവിടുമെന്നാണ് റിപ്പോർട്ടുകൾ.
പൊതുവേ ഗവൺമെന്റ് ഷട്ട്ഡൗൺ ദിവസങ്ങളോ ഒരാഴ്ചയോ വരെയാണ് നീളാറുള്ളത്. എന്നാൽ, 2018ൽ ഇത് 35 ദിവസം വരെ നീണ്ടിരുന്നു.
ഷട്ട്ഡൗൺ സംഭവിച്ചാൽ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരെ വലിയതോതിൽ പിരിച്ചുവിടുമെന്ന് ട്രംപ് കഴിഞ്ഞദിവസം ഭീഷണിയും മുഴക്കിയിരുന്നു.
ആരോഗ്യ സബ്സിഡി പദ്ധതി പുനരാരംഭിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തിൽ തട്ടിയാണ് ചർച്ച പൊളിഞ്ഞത്. തൽക്കാലം ബില്ലിൽ കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന് ട്രംപും വാശിപിടിച്ചതോടെ സമവായത്തിന്റെ വാതിലടഞ്ഞു.
ആരോഗ്യ സേവന മേഖലയിൽ പ്രശ്നങ്ങളില്ലെന്നും ഡെമോക്രാറ്റുകൾ പ്രതിസന്ധിയുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണെന്നുമാണ് ട്രംപ് തൊടുക്കുന്ന വിമർശനം. ഷട്ട്ഡൗൺ പ്രാബല്യത്തിലായാൽ തൊഴിൽക്കണക്കുകൾ അടക്കമുള്ള റിപ്പോർട്ടുകൾ പുറത്തുവിടുന്നത് ഗവൺമെന്റ് ഏജൻസികൾ തൽക്കാലത്തേക്ക് വേണ്ടെന്നുവയ്ക്കും.
യുഎസിൽ കടുത്ത പ്രതിസന്ധിയാണ് ഗവൺമെന്റ് ഷട്ട്ഡൗൺ സൃഷ്ടിക്കുക.
ജീവനക്കാർക്ക് ശമ്പളം മുടങ്ങും, ജനങ്ങൾക്ക് അവശ്യ സേവനങ്ങൾ ലഭിക്കില്ല. വിവിധ സബ്സിഡി പദ്ധതികൾ നിലയ്ക്കും.
ജിഡിപിയിൽ കനത്ത ഇടിവുണ്ടാകും. ഓഹരി വിപണികൾ തളരും.
മാത്രമല്ല, യുഎസിന്റെ വിശ്വാസ്യതയ്ക്കും കോട്ടംതട്ടും.
പ്രവർത്തന ഫണ്ടിനുള്ള താൽക്കാലിക ബിൽ പാസാക്കുന്നത് സംബന്ധിച്ച ചർച്ചകളാണ് അലസിയത്. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾ ഇതുസംബന്ധിച്ച് പരസ്പരം കുറ്റംചാരുകയുമാണ്.
യുഎസിൽ ഫ്യൂച്ചേഴ്സ് വിപണിയിൽ ഓഹരികൾ ഇടിവിലേക്ക് വീണു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 0.15%, എസ് ആൻഡ് പി, നാസ്ഡാക് എന്നിവ 0.2% വീതം എന്നിങ്ങനെയാണ് ഇടിഞ്ഞത്.
മറ്റ് വിദേശ ഓഹരി സൂചികകൾ പക്ഷേ, സമ്മിശ്ര പ്രകടനമാണ് നടത്തുന്നത്.
ജാപ്പനീസ് നിക്കേയ് 1.17% ഇടിഞ്ഞു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.54%, ഡാക്സ് 0.99% എന്നിങ്ങനെ ഉയർന്നു.
ചൈനയിൽ ഷാങ്ഹായ് 0.52%, ഹോങ്കോങ് സൂചിക 0.87% എന്നിങ്ങനെയും നേട്ടത്തിലായി. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി ഇന്നുരാവിലെ 10 പോയിന്റ് കയറി.
കഴിഞ്ഞ 8 ദിവസമായി തുടർച്ചയായി നഷ്ടത്തിലോടുന്ന സെൻസെക്സും നിഫ്റ്റിയും ഇന്ന് നേട്ടത്തിൽ തുടങ്ങിയേക്കാമെന്ന സൂചനയാണ് ഇതു നൽകുന്നത്.
സസ്പെൻസ് ത്രില്ലറായി ആർബിഐ യോഗം
റിസർവ് ബാങ്ക് പണനയ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കേ, ഏവരും ഉറ്റുനോക്കുന്നത് ‘നവരാത്രി-ദീപാവലി’ ഉത്സവകാല ബംപർ ആയി പലിശനിരക്ക് കുറയ്ക്കുമോ എന്നാണ്. 10 മാസം തുടർച്ചയായി കുറഞ്ഞശേഷം ഓഗസ്റ്റിൽ പണപ്പെരുപ്പം നേരിയതോതിൽ കൂടിയത് പലിശയിറക്കത്തിന് ചെറിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
എന്നാൽ, അതിപ്പോഴും റിസർവ് ബാങ്കിന്റെ 4% എന്ന ‘ലക്ഷ്മണരേഖ’യിൽ നിന്ന് ബഹുദൂരം താഴെയുമാണ്.
ജിഎസ്ടി നിരക്കുകൾ പരിഷ്കരിച്ചത് വിപണിയിൽ പണമൊഴുക്ക് കൂട്ടിയേക്കാമെന്നും പണപ്പെരുപ്പം ഇനിയും കൂടിയേക്കാമെന്നും വിലയിരുത്തലുകളുണ്ട്. മാത്രമല്ല, ട്രംപിന്റെ ഇന്ത്യയ്ക്കെതിരായ താരിഫ് യുദ്ധത്തിന് ഇനിയും ശമനമായിട്ടുമില്ല.
ഇക്കാരണങ്ങളാണ് റിസർവ് ബാങ്ക് പരിഗണിക്കുന്നതെങ്കിൽ പലിശനിരക്ക് നിലനിർത്താനാണ് സാധ്യത. ഓഗസ്റ്റിലെ യോഗത്തിലും പലിശനിരക്ക് മാറ്റിയിരുന്നില്ല.
സ്വർണവില വീണ്ടും കൂട്ടി
ഇന്നലെ ഉച്ചയോടെ കനത്ത ലാഭമെടുപ്പിനെ തുടർന്ന് താഴ്ന്നിറങ്ങിയ സ്വർണവില, ഇന്നു വീണ്ടും കുതിച്ചുകയറി.
ഇന്നലെ ഔൺസിന് 3,870 ഡോളർ നിലവാരത്തിൽ നിന്ന് 3,790 നിലവാരത്തിലേക്ക് രാജ്യാന്തര വില കുറഞ്ഞിരുന്നു. ഇന്നലെ രാവിലെ കേരളത്തിലും കുതിച്ചുകയറിയ വില, അതോടെ ഉച്ചയ്ക്ക് തിരിച്ചിറങ്ങുകയും ചെയ്തിരുന്നു.
ഇന്ന് 40 ഡോളർ ഉയർന്ന് 3,866 ഡോളറിലാണ് രാജ്യാന്തര വിലയുള്ളത്. അതായത്, ഇന്നുരാവിലെ കേരളത്തിലും വില കുതിച്ചുയരുമെന്ന് ഇതു സൂചിപ്പിക്കുന്നു.
രാജ്യാന്തര ക്രൂഡ് ഓയിൽ വില സമ്മിശ്ര പാതയിലാണുള്ളത്. ബാരലിന് 0.16% ഉയർന്ന് 62.47 ഡോളറിലാണ് ഡബ്ല്യുടിഐ ക്രൂഡ് വിലയുള്ളത്.
എന്നാൽ, ബ്രെന്റ് വില ബാരലിന് 1.40% ഇടിഞ്ഞ് 67.02 ഡോളറിലാണുള്ളത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]