
ന്യൂഡൽഹി∙ സ്വർണ വായ്പകൾ നൽകുന്നതിലെ ക്രമവിരുദ്ധ നടപടികൾ തടയാൻ റിസർവ് ബാങ്കിന്റെ നീക്കം. ആർബിഐയുടെ പരിശോധനയിൽ പല ന്യൂനതകളും കണ്ടെത്തിയതായി ഇന്നലെ ധനകാര്യ സ്ഥാപനങ്ങൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. ഇവ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾ 3 മാസത്തിനകം ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളും റിസർവ് ബാങ്കിനെ അറിയിക്കണം. വീഴ്ച വരുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു സാമ്പത്തികവർഷം ഒരേ വ്യക്തി ഒരു പാൻ നമ്പറിനു കീഴിൽ ഒട്ടേറെ സ്വർണവായ്പയെടുക്കുന്നതിൽ ആർബിഐ ആശങ്ക രേഖപ്പെടുത്തി. സ്വർണ വായ്പയെടുത്ത് ദിവസങ്ങൾക്കുള്ളിൽ ക്ലോസ് ചെയ്ത ഒട്ടേറെ സംഭവങ്ങളുണ്ട്. ഇതിനു പിന്നിലെ സാമ്പത്തിക കാരണം സംശയം ജനിപ്പിക്കുന്നതാണെന്നും ആർബിഐ ചൂണ്ടിക്കാട്ടി.
സ്രോതസ്സില്ലാത്ത പണത്തിനു രേഖയുണ്ടാക്കാനാണ് ഇത്തരം വായ്പകളെന്ന് മുൻപ് ആരോപണം ഉയർന്നിട്ടുണ്ട്. ചില ധനകാര്യ സ്ഥാപനങ്ങൾ, തിരിച്ചടവു മുടങ്ങുന്ന സ്വർണവായ്പകളെ നിഷ്ക്രിയ ആസ്തിയുടെ ഗണത്തിൽപ്പെടുത്തുന്നില്ല. തുക തിരിച്ചടയ്ക്കാൻ കഴിയാത്തവർക്ക് ഇവ പുതിയ ലോണാക്കി മാറ്റിനൽകുന്നതിലും (എവർഗ്രീനിങ്) ആർബിഐ ആശങ്ക രേഖപ്പെടുത്തി.
കാർഷിക സ്വർണ വായ്പകളിലെ തുകയുടെ വിനിയോഗം സംബന്ധിച്ച് കൃത്യമായ തെളിവും രേഖകളും ശേഖരിക്കുന്നതിലെ വീഴ്ചയെക്കുറിച്ചും പരാമർശമുണ്ട്. ഉപയോക്താവിന്റെ സാന്നിധ്യമില്ലാതെ സ്വർണത്തിന്റെ മൂല്യം കണക്കാക്കുന്ന രീതി ഒഴിവാക്കണം. തിരിച്ചടവു മുടങ്ങിയ വായ്പകളിലെ സ്വർണം ലേലം ചെയ്യുന്നതിൽ സുതാര്യതക്കുറവുണ്ടെന്നും ആർബിഐ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]