
21,000 പെണ്‍കുട്ടികള്‍ക്ക് ഗുണകരമാകുന്ന 16 കോടി രൂപയുടെ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗ്രൂപ്പ്. മലബാര്‍ ഗ്രൂപ്പ് നടപ്പാക്കിവരുന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയില്‍ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ദേശീയ തലത്തില്‍ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചത്. കമ്പനിയുടെ സി എസ് ആര് പ്രവര്‍ത്തനങ്ങളിലെ നാഴികക്കല്ലായി മാറുന്ന സ്കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനം മുംബൈ ബി കെ സിയിലെ ഭാരത് ഡയമണ്ട് ബോഴ്സില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. മലബാര്‍ ഗ്രൂപ്പിന്റെ സ്ത്രീശാക്തീകരണ ലക്ഷ്യത്തിലെ നാഴികക്കല്ലാണ് സ്കോളർഷിപ്പ് പ്രഖ്യാപനം. മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ലോകത്ത് മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് വിദ്യാഭ്യാസമെന്നും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ജീവിതത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം പി അഹമ്മദ് പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നേടുന്നതിന് അവര്‍ക്ക് മുന്നിലുള്ള തടസ്സങ്ങള്‍ നീക്കി അഭിലാഷങ്ങള്‍ നിറവേറ്റാനും സമൂഹത്തിന് അര്‍ത്ഥപൂര്‍ണമായ സംഭാവനകള്‍ നല്‍കാനും അവരെ പ്രാപ്തരാക്കുകയാണ് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രഖ്യാപന ചടങ്ങിൽ വൈസ് ചെയര്മാന് കെ.പി അബ്ദുള്‍ സലാം, മലബാര്‍ ഗ്രൂപ്പ് ഇന്ത്യാ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ. കെ നിഷാദ്, മഹേന്ദ്രാ ബ്രദേഴ്സ് ഡയറക്ടര്‍ ഷൗനക് പരീഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചത് മുതല്‍ തന്നെ വിവിധ സാമൂഹ്യ പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വേണ്ടി നീക്കിവയ്ക്കുന്നുണ്ട്. 2007 മുതലാണ് പെണ്‍കുട്ടികള്‍ക്കായി ദേശീയ സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിച്ചത്. ഇന്ത്യയിലുടനീളം 95,000 ത്തില്‍ അധികം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനായി 60 കോടിയിലേറെ രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി
വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമെ മലബാര്‍ ഗ്രൂപ്പിന്റെ സി എസ് ആര് പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ ഭക്ഷണമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി. ഇത് പ്രകാരം ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലെ 80 നഗരങ്ങളിലായി ദിനംപ്രതി 50,000 പേര്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പുറമെ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദിനംപ്രതി 10,000 ഭക്ഷണപ്പൊതികളും നല്കുന്നു. 200 കേന്ദ്രങ്ങളിലായി ദിനംപ്രതി ഒരു ലക്ഷം ആളുകള്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കാനാണ് മലബാര്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. സാമൂഹിക സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ‘തണല്‍’ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചാണ് മലബാര്‍ ഗ്രൂപ്പ് ‘ഹംഗര്‍ ഫ്രീ വേള്‍ഡ്’ പദ്ധതി നടപ്പാക്കുന്നത്.
ഗ്രാന്റ്മാ ഹോം പദ്ധതി
സമൂഹത്തിലെ നിര്‍ദ്ധനരും അഗതികളുമായ സ്ത്രീകളെ എല്ലാവിധ സൗകര്യങ്ങളോടും കൂടി സൗജന്യമായി താമസിപ്പിച്ച് സംരക്ഷിക്കുന്നതിനായി ‘ഗ്രാന്റ്മാ ഹോം’ പദ്ധതിയും മലബാര്‍ ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ബംഗളൂരുവിലും ഹൈദരാബാദിലുമാണ് ഇപ്പോള്‍ ‘ഗ്രാന്റ്മാ’ ഹോമുകളുള്ളത്. കേരളത്തിലെ പ്രധാന നഗരങ്ങളിലും ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലും കൂടി ഗ്രാന്റ്മാ ഹോമുകള്‍ ഉടന്‍ സ്ഥാപിക്കും.
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സി എസ് ആര് പദ്ധതികളില്‍ നിര്‍ധനര്‍ക്കുള്ള ചികിത്സാ സഹായം, ഭവന നിര്‍മ്മാണത്തിനുള്ള സഹായം, നിര്‍ധന യുവതികള്‍ക്ക് വിവാഹത്തിനുള്ള ധനസഹായം തുടങ്ങിയവയും ഉള്‍പ്പെടുന്നുണ്ട്. വിവിധ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ക്കായി മലബാര്‍ ഗ്രൂപ്പ് 263 കോടിയിലധികം രൂപ ഇതിനകം ചെലവഴിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]