
കൊച്ചി∙ സപ്ലൈകോയുടെ പ്രതിദിന വിറ്റുവരവിൽ വൻ ഇടിവ്. 15 കോടിയോളമാണു സംസ്ഥാനത്തെ സപ്ലൈകോ ഔട്ലറ്റുകളിലെ മൊത്തം വിറ്റുവരവ്. ഇത് 8 കോടിയിലേക്ക് കൂപ്പുകുത്തിയതോടെ സപ്ലൈകോ വീണ്ടും കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഭക്ഷ്യോൽപന്നങ്ങൾ വാങ്ങിയ വകയിൽ സപ്ലൈയർമാർക്ക് കഴിഞ്ഞ മേയ് മുതലുള്ള തുക കുടിശികയാണ്. 576.38 കോടി രൂപ വിതരണക്കാർക്ക് നൽകാനുണ്ട്. ഇതോടെ സബ്സിഡി സാധനങ്ങൾ പലരും വിതരണത്തിനെടുക്കാതായതോടെ സപ്ലൈകോ ഔട്ലറ്റുകളിൽ അവശ്യ സാധനങ്ങളില്ലാത്ത സ്ഥിതിയാണ്. കുടിശികത്തുക ലഭിക്കാത്തതിനാൽ ഭക്ഷ്യോൽപന്നങ്ങൾ നൽകാൻ വിതരണക്കാർ വിമുഖത കാട്ടുന്നത് പ്രതിസന്ധി വർധിപ്പിച്ചു.
വറ്റൽ മുളക് വിൽപന നിർത്തി
സബ്സിഡി ഇനങ്ങളിൽ പ്രധാനപ്പെട്ട വറ്റൽമുളക് സപ്ലൈകോ കേന്ദ്രങ്ങളിൽ വിൽപന നിർത്തി. ആന്ധ്രയിൽ നിന്നു പ്രതിമാസം 800 ടൺ മുളകാണു പതിവായി വാങ്ങുന്നത്. ഇതു പൂർണമായും നിർത്തി. ഓണത്തിനു മാത്രമായി 150 ടൺ വാങ്ങിയത് ഔട്ലറ്റുകളിൽ തീർന്നതോടെ വിൽപന അവസാനിപ്പിക്കുകയായിരുന്നു. മാസം തോറും 1000 ടൺ വാങ്ങുന്ന തുവരപ്പരിപ്പ് ഈ മാസം 500 ടൺ മാത്രമാണെടുത്തത്. സബ്സിഡി പഞ്ചസാര പലയിടത്തും തീർന്നു. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വിതരണക്കാർക്ക് പഞ്ചസാര വാങ്ങിയതിനു മാത്രം നിലവിൽ 60 കോടി രൂപ കൊടുക്കാനുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് അരി നൽകിയതിന്റെ കൈകാര്യച്ചെലവിനത്തിൽ മാത്രം 146.61 കോടി രൂപ ലഭിക്കാനുണ്ട്.
Content Highlight: Supplyco Crisis
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]