
ഇടപാടുകാരുടെ അക്കൗണ്ടിൽ നടക്കുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ ബാങ്ക് അപ്പപ്പോൾ അറിയിക്കാറുണ്ട്. മൊബൈൽ ഫോണിലൂടെ ഈ സന്ദേശങ്ങൾ ഇടപാടുകാരിലേക്ക് ഉടനടി എത്തും.
ഇ മെയിൽ ഉള്ള ഇടപാടുകാർക്ക് ഇ മെയിൽ വഴിയും അറിയിപ്പ് ലഭിക്കും. ഓൺലൈൻ, ഇന്റർനെറ്റ്, മൊബൈൽ ബാങ്കിങ്, യുപിഐ ഇടപാടുകൾ സാർവത്രികമായത് ബാങ്കിടപാടുകളും മറ്റു പണമിടപാടുകളും സുഗമവും സൗകര്യപ്രദവുമാക്കിയപ്പോൾ ബന്ധപ്പെട്ട
തട്ടിപ്പുകളും കൂടി വന്നു. ഈ സാഹചര്യത്തിൽ തങ്ങളുടെ അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകൾ തത്സമയം അറിയുന്നത് ഇടപാടുകാർക്ക് ഒഴിവാക്കാനാകില്ല.
നിർബന്ധിത സന്ദേശങ്ങൾ
ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകൾ തൽസമയം ഇടപാടുകാരെ എസ്എംഎസ് വഴിയോ ഇ മെയിൽ വഴിയോ നിർബന്ധമായും അറിയിക്കണം എന്ന് റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുമുണ്ട്.
എടിഎമ്മിലെ പണം പിൻവലിക്കൽ ഉൾപ്പടെയുള്ള കാർഡ് ഇടപാടുകൾ, ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ് ഇടപാടുകൾ നടത്താൻ ഒരാളെ ബനിഫിഷ്യറി ആയി ചേർക്കുന്നത്, പണമിടപാടുകൾ പൂർത്തീകരിക്കുവാൻ വേണ്ടി ഉപയോഗിക്കേണ്ട ഒടിപി, ചെക്ക് ഡെപ്പോസിറ്റ് ചെയ്യൽ, ചെക്ക് പാസാക്കൽ, ചെക്ക് മടങ്ങൽ, ഇലക്ട്രോണിക് ഇടപാടുകളായ എൻഇഎഫ്ടി, ആർടിജിഎസ്, ഐഎംപിഎസ് എന്നിവ എല്ലാം നിർബന്ധമായും എസ് എം എസ് വഴി ഇടപാടുകാരെ അറിയിക്കേണ്ട
ഇടപാടുകളാണ്. ഇടപാടുകാരുടെ സുരക്ഷയാണ് ഇതുവഴി സംരക്ഷിക്കുന്നത്.
സന്ദേശങ്ങൾക്ക് ചാർജ് ഈടാക്കാമോ?
ബാങ്കുകൾ അയക്കുന്ന ഇത്തരം എസ്എംഎസുകൾക്ക് ചില ബാങ്കുകൾ ചാർജ് ഈടാക്കുന്നുണ്ട്.
മെസേജിന് ഒരു രൂപയോ അതിൽ താഴെയോ ആകാം. സന്ദേശങ്ങൾ അയക്കുവാൻ വേണ്ടി വരുന്ന ചിലവായാണ് ഈ ചാർജ് ഈടാക്കുന്നത്. എന്നാൽ ചില ഇടപാടുകാർ ഇതിൽ തൃപ്തരല്ല.
ഇത്തരം സന്ദേശങ്ങൾ അയക്കുവാൻ ബാങ്കുകൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നും അത് റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ അനുസരിച്ചാണെന്നും അതിനാൽ ചാർജ് ഈടാക്കുന്നത് ശരിയല്ല എന്നമുള്ള നിലപാടിലാണ് അവർ.
പരസ്യ സന്ദേശങ്ങൾക്ക് ചാർജ് ഈടാക്കുവാൻ പാടില്ല
റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള, നിർബന്ധമായും അയക്കേണ്ട സന്ദേശങ്ങൾക്ക് ചാർജ് ഈടാക്കുവാൻ പാടില്ല എന്ന് കേന്ദ്ര ബാങ്ക് പറഞ്ഞിട്ടില്ല.
അല്ലാതെ ബാങ്കുകളുടെ ഉൽപ്പന്നങ്ങളെ കുറിച്ചോ സേവനങ്ങളെ കുറിച്ചോ പരസ്യരൂപേണ അയക്കുന്ന സന്ദേശങ്ങൾക്ക് ചാർജുകൾ ഈടാക്കാൻ പാടില്ല. കൂടാതെ, എല്ലാ ഇടപാടുകാരെയോ, അല്ലെങ്കിൽ ഒരു കൂട്ടം ഇടപാടുകാരെയോ അറിയിക്കേണ്ട
അവരെ ബാധിക്കുന്ന എന്തെങ്കിലും പൊതുസ്വഭാവമുള്ള സന്ദേശങ്ങൾ അറിയിക്കുന്നതിനും ചാർജ് ഈടാക്കുവാൻ പാടില്ല.
സുരക്ഷയാണ് പ്രധാനം
ചാർജ് ഈടാക്കുന്നതിനാൽ മുകളിൽ പറഞ്ഞ നിർബന്ധ സ്വഭാവമുള്ള സന്ദേശങ്ങൾ തങ്ങൾക്ക് അയക്കേണ്ട എന്ന് ആവശ്യപ്പെടുന്ന ചില ഇടപാടുകാരുണ്ട്. ഇത് നല്ലതല്ല. എസ് എം എസ് സന്ദേശങ്ങൾക്ക് ബാങ്കുകൾ ഈടാക്കുന്നത് വളരെ ചെറിയ ചാർജാ ണ്.
അത് വഴി സംരക്ഷിക്കപ്പെടുന്നത് ഇടപാടുകാരുടെ പണത്തിന്റെ സുരക്ഷയാണ്. ബാങ്ക് അക്കൗണ്ടിൽ നടക്കുന്ന ഇടപാടുകൾ അറിയാനും, തട്ടിപ്പുകൾ നടന്നാൽ അത് ഉടനടി അറിയാനും ഉടൻ അത് സംബന്ധിച്ച നടപടികൾ എടുക്കുവാനും കഴിയും.
ഇത്തരം സന്ദർഭങ്ങളിൽ സമയം വളരെ പ്രധാനപ്പെട്ടതാണ്. അതിനാൽ ചെറിയ ചാർജിന്റെ പേരിൽ പ്രധാനപ്പെട്ട സന്ദേശങ്ങൾ വേണ്ട
എന്ന് പറയുന്നത് ഉചിതമല്ല.
ഇ മെയിൽ വഴി അയക്കുന്ന സന്ദേശങ്ങൾക്ക് ബാങ്കുകൾ ചാർജ് ഈടാക്കുന്നില്ല. ഇടപാടുകാർ എസ്എംഎസ് നിർബന്ധമായും നോക്കുകയും വേണം.
വിദേശ ഇന്ത്യക്കാർ
വിദേശത്തുള്ള ഇന്ത്യക്കാർക്ക് പല കാരണങ്ങളാൽ എസ് എം എസ് കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ട്. അതിനാൽ വിദേശ ഇന്ത്യക്കാർ എസ് എം എസ് കൂടാതെ ഇ മെയിൽ സന്ദേശങ്ങളും ശ്രദ്ധിക്കുന്നത് നല്ലതാണ്.
ലേഖകൻ ബാങ്കിങ് വിദഗ്ധനാണ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]