
തന്റെ മുൻകാല നിലപാടുകൾ കാറ്റിൽപ്പറത്തി പാക്കിസ്ഥാനുമായി കൂടുതൽ അടുക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ സഹായിക്കാമെന്ന് കഴിഞ്ഞദിവസം ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
ഇതു സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിലുമെത്തി. പാക്കിസ്ഥാൻ ചിലപ്പോൾ ഭാവിയിൽ ഇന്ത്യയ്ക്ക് എണ്ണ വിറ്റഴിച്ചേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു.
യുഎസ് പ്രസിഡന്റായിരിക്കെ, തന്റെ ആദ്യ ടേമിൽ പാക്കിസ്ഥാനെതിരെ കടുത്ത വിമർശനങ്ങൾ തൊടുത്തയാളാണ് ട്രംപ്. മുൻ പ്രസിഡന്റ് ജോ ബൈഡനും പാക്കിസ്ഥാനോട് അടുപ്പം പുലർത്തിയിരുന്നില്ല.
ട്രംപ് ഇപ്പോൾ നിലപാട് മാറ്റിയതിന് പിന്നിലെന്താണ്?
ആദ്യം സഹായം വെട്ടിക്കുറച്ചു; ഇപ്പോൾ സ്വപ്നതുല്യ സഹായം!
ഭീകരവാദികൾക്ക് സുരക്ഷിതതാവളമൊരുക്കുന്നു എന്നാരോപിച്ച് പാക്കിസ്ഥാനുള്ള സാമ്പത്തിക സഹായം പ്രസിഡന്റ് ആയിരിക്കെ ട്രംപ് 2018ൽ നിർത്തലാക്കിയിരുന്നു. ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങൾക്കുള്ള 30 കോടി ഡോളർ ഉൾപ്പെടെയാണിത്.
പാക്കിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ആ വർഷം ജൂണിൽ പാക്കിസ്ഥാനെ കരിമ്പട്ടികയിലാക്കുകയും ചെയ്തു.
ഭീകരവാദ ഫണ്ടിങ്, പണംതിരിമറി തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ കരിമ്പട്ടികയിലാക്കുന്ന (ഗ്രേ ലിസ്റ്റ്) രാജ്യാന്തര സംഘടനയാണ് എഫ്എടിഎഫ്.
ഗ്രേ ലിസ്റ്റിലകപ്പെട്ടാൽ രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കാനും സാമ്പത്തിക സഹായങ്ങൾ നേടാനും കടുത്ത പ്രതിസന്ധി നേരിടും. അതേവർഷം സെപ്റ്റംബറിലും പാക്കിസ്ഥാനുള്ള മറ്റൊരു 30 കോടി ഡോളറിന്റെ സഹായം യുഎസ് നിഷേധിച്ചിരുന്നു.
ചില ഭീകരവാദ ഗ്രൂപ്പുകൾക്കെതിരെ പാക്കിസ്ഥാൻ നടപടിയെടുക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു. പാക്കിസ്ഥാനികൾക്ക് വീസ നൽകുന്നതിനും ട്രംപ് നിയന്ത്രണം കൊണ്ടുവന്നിരുന്നു.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാൻ ഖാൻ പുറത്താവുകയും പാക്കിസ്ഥാൻ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് വീഴുകയും ചെയ്തിട്ടും യുഎസ് അത് ഗൗനിക്കുകയോ ഇടപെടുകയോ ചെയ്തില്ല.
പിന്നീട്, ട്രംപ് വീണ്ടും പ്രസിഡന്റ് ആവുകയും അദ്ദേഹം ഇന്ത്യൻ പ്രധാനമന്ത്രി മോദിയുമായി ശക്തമായ സൗഹൃദം പുലർത്തുകയും ചെയ്തതോടെ, പാക്കിസ്ഥാൻ-യുഎസ് ബന്ധം കൂടുതൽ വഷളാകുമെന്നാണ് ഏവരും കരുതിയത്. പക്ഷേ, ട്രംപ് മലക്കംമറിയുന്നതായിരുന്നു കാഴ്ച.
ഉച്ചവിരുന്നും നോബേൽ ശുപാർശയും
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയെന്നോണം പാക്കിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളെ ഉന്നമിട്ട് ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ പ്രത്യാക്രമണവും തുടർന്നുണ്ടായ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷവും അവസാനിപ്പിക്കാൻ താനാണ് മുൻകൈ എടുത്തതെന്ന് ട്രംപ് പറഞ്ഞിരുന്നു.
ട്രംപിന്റെ ഇടപെടലിനെ പാക്കിസ്ഥാൻ സ്വാഗതം ചെയ്തു. എന്നാൽ, ബാഹ്യ ഇടപെടൽ ഉണ്ടായില്ലെന്നും പാക്കിസ്ഥാന്റെ അഭ്യർഥന പരിഗണിച്ചാണ് ഇന്ത്യ പ്രത്യാക്രമണം നിർത്തിയതെന്നുമാണ് കേന്ദ്രസർക്കാർ വാദിച്ചത്.
ട്രംപിന്റെ ഇടപെടലുണ്ടായില്ലെന്ന് കഴിഞ്ഞദിവസം വിദേശകാര്യമന്ത്രി എസ്. ജയശങ്കറും വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ജൂണിൽ പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ വൈറ്റ് ഹൗസിൽ ട്രംപ് ഉച്ചവിരുന്നിന് ക്ഷണിച്ചിരുന്നു.
ആദ്യമായാണ് പാക്കിസ്ഥാന്റെ ഒരു സൈനിക മേധാവിയെ യുഎസ് വിരുന്നിന് ക്ഷണിച്ചത്. രാജ്യത്തിന്റെ പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങൾ വഹിക്കാത്തൊരാളെ ഇത്തരത്തിൽ ക്ഷണിച്ചതും അസാധാരണം.
വിരുന്നിന് പിന്നാലെ, ട്രംപിനെ 2026ലെ സമാധാന നോബേലിനായി അസിം മുനീർ ശുപാർശയും ചെയ്തു.
ആണവശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലെ സംഘർഷം ഒഴിവാക്കാൻ ഇടപെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ട്രംപിന്റെ കുടുംബത്തിന് ബന്ധമുള്ള വേൾഡ് ലിബേർട്ടി ഫിനാൻഷ്യൽ എന്ന ക്രിപ്റ്റോകറൻസി സ്ഥാപനം ഇതിനിടെ പാക്കിസ്ഥാനുമായി ക്രിപ്റ്റോ രംഗത്ത് സഹകരണത്തിലെത്തി.
∙ പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ യുഎസ് സഹായിക്കണമെന്ന അഭ്യർഥന ട്രംപുമായുള്ള അത്താഴവിരുന്നിൽ അസിം മുനീർ മുന്നോട്ടുവച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
∙ പിന്നീട്, യുഎസ് സന്ദർശിച്ച പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി പാക്കിസ്ഥാനും യുഎസും തമ്മിൽ വ്യാപാരക്കരാർ ചർച്ച ചെയ്തുവെന്നും ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും വ്യക്തമാക്കിയിരുന്നു.
∙ ഇതിനുപിന്നാലെയാണ് ട്രംപ് പാക്കിസ്ഥാന്റെ എണ്ണശേഖരം വികസിപ്പിക്കാൻ യുഎസ് സഹായിക്കുമെന്ന് വ്യക്തമാക്കിയത്.
∙ ഇന്ത്യയ്ക്കെതിരെ കഴിഞ്ഞദിവസം 25% ഇറക്കുമതി തീരുവയും റഷ്യൻ എണ്ണ വാങ്ങുന്നതിനു പിഴയും ചുമത്തിയ ട്രംപ്, പാക്കിസ്ഥാനു പ്രഖ്യാപിച്ച തീരുവ 19 ശതമാനമാണ്.
പാക്കിസ്ഥാനിലേക്ക് ഒഴുകാൻ അമേരിക്കൻ എണ്ണ
പാക്കിസ്ഥാൻ-യുഎസ് എണ്ണ സഹകരണ കരാറിന്റെ പശ്ചാത്തലത്തിൽ, യുഎസിൽ നിന്ന് വമ്പൻ എണ്ണ ഇറക്കുമതിക്ക് പാക്കിസ്ഥാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
10 ലക്ഷം ബാരൽ ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ ഒക്ടോബറോടെ യുഎസിൽ നിന്ന് കറാച്ചി തുറമുഖത്തെത്തും. പരീക്ഷണാടിസ്ഥാനത്തിലാണ് നിലവിൽ യുഎസിന്റെ എണ്ണ വാങ്ങാനുള്ള നീക്കം.
സാമ്പത്തികമായി അനുയോജ്യമാണെങ്കിൽ തുടർന്ന് ഓരോ മാസവും ഇറക്കുമതി നടത്താനാണ് നീക്കം.
പാക്കിസ്ഥാന്റെ എണ്ണശേഖരം
പാക്കിസ്ഥാനിൽ 353.5 മില്യൻ ബാരൽ ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നാണ് കരുതപ്പെടുന്നത്. ഈ എണ്ണശേഖരത്തിൽ നിന്ന് വാണിജ്യഖനനം ആരംഭിക്കണമെങ്കിൽ ലക്ഷം കോടിയിലേറെ രൂപ വേണ്ടിവരും.
ഖനനം വാണിജ്യാടിസ്ഥാനത്തിൽ നടത്താൻ ഒട്ടേറെ വർഷങ്ങളുമെടുക്കും. എണ്ണശേഖരമുണ്ടെന്ന് ഇതുവരെ പഠനങ്ങളിലൂടെ തെളിയിച്ചിട്ടുമില്ല.
അതേസമയം, സാമ്പത്തികഞെരുക്കത്തിലൂടെ കടന്നുപോകുന്ന പാക്കിസ്ഥാന് ട്രംപിന്റെ ഓഫർ രാഷ്ട്രീയമായി ആശ്വാസമാണ്.
∙ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലാണ് എണ്ണശേഖരം.
∙ സ്വതന്ത്ര ബലൂചിസ്ഥാൻ വാദമുന്നയിക്കുന്നവർ ട്രംപിന്റെ ഓഫറിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
∙ എണ്ണശേഖരം പാക്കിസ്ഥാന്റെയല്ലെന്നും സ്വതന്ത്ര ബലൂചിസ്ഥാന്റെയാണെന്നും അവർ വാദിക്കുന്നു. മാത്രമല്ല, ബലൂചിസ്ഥാന്റെ സമ്പത്തുവച്ച് പാക്കിസ്ഥാൻ സർക്കാരും സൈനിക മേധാവിയും വിലപേശലുകൾ നടത്തുകയാണെന്നും അവർ ആരോപിച്ചു.
To the Honorable President of the United States,
Your recognition of the vast oil and mineral reserves in the region is indeed accurate.
However, with due respect, it is imperative to inform your administration that you have been gravely misled by the…
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]