
ഓഗസ്റ്റ് 1 മുതല്‍ ഉപഭോക്താക്കളെ കാര്യമായി ബാധിക്കാന്‍ സാധ്യതയുള്ള പ്രധാന സാമ്പത്തിക മാറ്റങ്ങളറിയാം. ഇവയില്‍ പ്രധാനം യുപിഐ ഉപയോഗ നിയമങ്ങളിലെ മാറ്റങ്ങളാണ്.
കൂടാതെ, ഇന്ധന വിലയിലെ ഏറ്റക്കുറച്ചിലുകള്‍, ചില എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകളിലെ സൗജന്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കൽ ഇവയൊക്കെയുണ്ട്.
യുപിഐ മാറ്റം
ഇടപാട് സമയം കുറയ്ക്കുന്നതിനും പീക്ക്-അവര്‍ ട്രാഫിക് നിയന്ത്രിക്കുന്നതിനുമായി നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐയില്‍ ചില മാറ്റങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്. അതായത് ഇന്ന് മുതല്‍ ഒരു ദിവസം പരമാവധി 50 തവണ മാത്രമേ ബാങ്ക് ബാലന്‍സ് പരിശോധിക്കാനാകൂ.
ഒരു ഉപയോക്താവിന് ഒന്നിലധികം ആപ്പുകള്‍ ഉണ്ടെങ്കില്‍, ഓരോന്നിനും നിശ്ചിത പരിധിയുണ്ട്.
മൊബൈല്‍ നമ്പറിൽ ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ട് പ്രതിദിനം 25 തവണ മാത്രമേ പരിശോധിക്കാനാകൂ.
ഒരു ഇടപാടിന്റെ നില (pending transaction) 3 തവണ മാത്രമേ പരിശോധിക്കാന്‍ കഴിയൂ. ഓരോ ശ്രമത്തിനും ഇടയില്‍ കുറഞ്ഞത് 90 സെക്കന്‍ഡ് ഇടവേള ഉണ്ടായിരിക്കണം.
ഉപയോക്താക്കള്‍ക്ക് ഓരോ ആപ്പിലും പ്രതിദിനം 25 തവണ മാത്രമേ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ കാണാന്‍ കഴിയൂ.
യുപിഐ പേയ്മെന്റ് സ്ഥിരീകരിക്കുന്നതിന് മുമ്പ്, തട്ടിപ്പുകളും തെറ്റായ കൈമാറ്റങ്ങളും കുറയ്ക്കുന്നതിനായി സ്വീകര്‍ത്താവിന്റെ റജിസ്റ്റര്‍ ചെയ്ത ബാങ്കിന്റെ പേര് ഇപ്പോള്‍ കാണിക്കും.
ഓട്ടോ പേ ഇടപാടുകൾ അത്ര തിരക്കില്ലാത്ത സമയങ്ങളിലെ പ്രോസസ് ചെയ്യാനാകൂ (രാവിലെ 10നു മുമ്പ്, ഉച്ചയ്ക്ക് ഒന്നിനും അഞ്ചിനും ഇടയിൽ, രാത്രി 10 നു ശേഷം എന്നിങ്ങനെയാണ് സമയക്രമം).
എല്‍പിജി, സിഎന്‍ജി പരിഷ്കരണങ്ങള്‍
എല്‍പിജി, വിമാനത്തിനുള്ള ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ്) എന്നിവയുടെ വിലയിൽ മാറ്റം വന്നു. ഇന്ന് മുതല്‍ ഇവ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്.
പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽപിജി (19 കിലോഗ്രാം) സിലിണ്ടറിന്റെ വില വെട്ടിക്കുറച്ചപ്പോൾ എടിഎഫ് വില 7.5 ശതമാനം കൂട്ടി. വാണിജ്യാവശ്യത്തിനുള്ള എൽപിജി 34.5 രൂപയാണ് കേരളത്തിൽ കുറച്ചത്.
ഇതോടെ കൊച്ചിയിൽ വില 1.637.5 രൂപയായി. കോഴിക്കോട്ട് 1,670 രൂപ.
തിരുവനന്തപുരത്ത് 1,658.5 രൂപ എന്നിങ്ങനെയാണ് വിലകൾ. വിമാത്തിനുള്ള ഇന്ധനമായ എടിഎഫ് ഡൽഹിയിൽ 6271 രൂപ ഉയർത്തിയതോടെ ഇന്ന് മുതൽ കിലോലിറ്ററിന് 89,344 രൂപയാകും.
വിമാനത്തിന്റെ പ്രവർത്തന ചെലവിന്റെ 40 ശതമാനത്തോളം എടിഎഫിനു വേണ്ടിയാണ്. വിമാനയാത്ര നിരക്ക് ഇതോടെ കൂടാനാണ് സാധ്യത.
കമ്പനികൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇത്തവണയും വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വില (14.2 കിലോഗ്രാം) കുറച്ചില്ല.
എസ്ബിഐ കാര്‍ഡ്
ഓഗസ്റ്റ് 11 മുതല്‍ എസ്ബിഐ കാര്‍ഡ് തിരഞ്ഞെടുത്ത കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം നല്‍കിയിരുന്ന സൗജന്യ എയര്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് കവര്‍ പിന്‍വലിക്കും.
ഓഗസ്റ്റ് 11 മുതല്‍ എസ്ബിഐ കാര്‍ഡ് തിരഞ്ഞെടുത്ത കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം മുമ്പ് നല്‍കിയിരുന്ന സൗജന്യ എയര്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് കവര്‍ പിന്‍വലിക്കും. 50 ലക്ഷം രൂപ മുതല്‍ 1 കോടി രൂപ വരെയായിരുന്ന ഈ കവര്‍, യൂക്കോ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, കരൂര്‍ വൈശ്യ ബാങ്ക്, അലഹബാദ് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി സഹകരിച്ച് നല്‍കിയിരുന്ന എലൈറ്റ്, പ്രൈം കാര്‍ഡുകളില്‍ ലഭ്യമായിരുന്നു.
ഓഗസ്റ്റില്‍ ബാങ്ക് അവധികള്‍ കൂടുതല്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ മാസവും ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കാറുണ്ട്.
ഓഗസ്റ്റ് മാസത്തില്‍ സംസ്ഥാനതലത്തിലുള്ള ഉത്സവങ്ങളും പ്രാദേശിക ആഘോഷങ്ങളും കാരണം അവധികള്‍ കൂടുതലായിരിക്കും. അതുകൊണ്ട് വിവിധ പ്രദേശങ്ങളില്‍ ബാങ്കുകള്‍ വിവിധ ദിവസങ്ങളിലായിരിക്കും അടച്ചിടുക.
പണമിടപാടുകളിലെ കാലതാമസമോ ചെക്ക് ക്ലിയറന്‍സ് പ്രശ്നങ്ങളോ ഒഴിവാക്കാന്‍, പ്രധാനപ്പെട്ട ബാങ്കിങ് ജോലികള്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ പൂര്‍ത്തിയാക്കുന്നത് നല്ലതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]