
യുഎസുമായി വ്യാപാരക്കരാറിൽ ഏർപ്പെടാൻ അനുവദിച്ച സമയപരിധി ഇന്നലെ അവസാനിച്ചതോടെ, ഇനിയും കരാർ ചർച്ചകൾക്ക് തയാറാകാത്ത 69ഓളം രാജ്യങ്ങൾക്കുമേൽ പകരച്ചുങ്കം കുത്തനെ കൂട്ടി അടിച്ചേൽപ്പിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇനി സാവകാശം നൽകില്ലെന്ന് വ്യക്തമാക്കി 10 മുതൽ 41% വരെ പകരച്ചുങ്കമാണ് (റെസിപ്രോക്കൽ താരിഫ്) ട്രംപ് പ്രഖ്യാപിച്ചത്.
സിറിയയ്ക്കാണ് കൂടുതല് തിരിച്ചടി; തീരുവ 41%. സ്വിറ്റ്സർലൻഡിന് 39%, ഏഷ്യൻ രാജ്യങ്ങളായ മ്യൻമറിനും ലാവോസിനും 30% വീതം, ഇറാക്കിന് 35%.
തായ്വാൻ, ഇന്ത്യ, വിയറ്റ്നാം എന്നിവ 20-25% വിഭാഗത്തിലാണുള്ളത്.
തായ്ലൻഡിന്റെ തീരുവ 36ൽ നിന്ന് 19 ശതമാനത്തിലേക്ക് കുറച്ചു. തായ്വന്റേത് 32ൽ നിന്ന് 20 ശതമാനവുമാക്കി.
ഇറാക്ക്, സെർബിയ, ലബിയ, അൾജീരിയ എന്നിവ 30-35 ശതമാനം വിഭാഗത്തിലാണുള്ളത്. മെക്സിക്കോയുടെ തീരുവ 30ൽ നിന്ന് 25 ശതമാനത്തിലേക്ക് കുറച്ച ട്രംപ്, ചർച്ചകൾക്ക് 90 ദിവസത്തെ സാവകാശവും അനുവദിച്ചു.
ട്രംപ് പുതുതായി പകരച്ചുങ്കം പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇല്ലാത്ത രാജ്യങ്ങൾക്ക് 10% അടിസ്ഥാന തീരുവ മാത്രമായിരിക്കും ബാധകം. 19 ശതമാനമാണ് ട്രംപിന്റെ ‘പുതിയ സുഹൃദ് രാജ്യമായ’ പാക്കിസ്ഥാനുള്ള തീരുവ.
കാനഡയ്ക്കും ചൈനയ്ക്കും പണികിട്ടി!
തൊട്ടയൽ രാജ്യമായ കാനഡയ്ക്കുമേൽ ട്രംപ് നിലപാട് കടുപ്പിച്ചു.
തീരുവ 25ൽ നിന്ന് 35 ശതമാനമായി കൂട്ടി. അതേസമയം, മെക്സിക്കോ-യുഎസ്-കാനഡ സ്വതന്ത്ര വ്യാപാരക്കരാറിൽ ഉൾപ്പെടുന്ന ഉൽപന്നങ്ങൾക്ക് ഇതു ബാധകമല്ല.
അതേസമയം, യുഎസിലേക്ക് ‘വഴിമാറ്റി’ (ട്രാൻസ്ഷിപ്പ്ഡ്) എത്തിക്കുന്ന ഉൽപന്നങ്ങൾക്ക് ട്രംപ് 40% തീരുവ പ്രഖ്യാപിച്ചത് ഏറ്റവുമധികം തിരിച്ചടിയാവുക ചൈനയ്ക്കായിരിക്കും.
∙ തീരുവഭാരം ഒഴിവാക്കാനായി, കുറഞ്ഞ തീരുവയുള്ള രാജ്യങ്ങളിലേക്ക് ആദ്യം ചരക്കെത്തിച്ചശേഷം അവയുടെ ലേബലിൽ യുഎസിൽ എത്തിക്കുന്നതിന് തടയുകയാണ് ട്രംപ് ഇതിലൂടെ ഉന്നമിടുന്നത്.
∙ ചൈന നിരവധി ചരക്കുകൾ ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ തീരുവ കുറഞ്ഞ രാജ്യങ്ങൾ മുഖേന യുഎസിലേക്ക് എത്തിച്ചിരുന്നു. ചൈനയ്ക്കുമേൽ നിലവിൽ യുഎസിന്റെ തീരുവ 30 ശതമാനമാണ്.
വഴങ്ങില്ലെന്ന് ഇന്ത്യയും, തുടരട്ടെ ചർച്ച
ട്രംപ് ഇന്ത്യയെ പരസ്യമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും െചയ്തെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന ശക്തമായ നിലപാട് ഇന്ത്യ ആവർത്തിച്ചു.
ഇന്ത്യയെ സമ്മർദത്തിലാക്കി, അമേരിക്കൻ നിലപാടുകൾക്ക് മുന്നിൽ കീഴടങ്ങാനുള്ള കൗശലമാണ് ട്രംപ് പയറ്റുന്നത്. അമേരിക്കൻ ക്ഷീര, കാർഷിക ഉൽപന്നങ്ങൾ, ജനിതകമാറ്റം വരുത്തിയ ഉൽപന്നങ്ങൾ എന്നിവയ്കക് ഇന്ത്യയിൽ തീരുവ ഒഴിവാക്കിക്കൊണ്ട് വിപണി തുറന്നുകിട്ടണമെന്നതാണ് ട്രംപിന്റെ പ്രധാന ആവശ്യം.
∙ എന്നാൽ രാജ്യതാൽപര്യം ബലികഴിച്ചുള്ള കരാറിന് ഇന്ത്യ വഴങ്ങില്ലെന്ന് വാണിജ്യമന്ത്രി പീയുഷ് ഗോയൽ ഇന്നലെ പാർലമെന്റിൽ വ്യക്തമാക്കി.
∙ കർഷകർ, ചെറുകിട
വ്യാപാരികൾ, സംരംഭകർ, തൊഴിലാളികൾ തുടങ്ങിയവരുടെ താൽപര്യം സംരക്ഷിക്കും.
∙ ഇന്ത്യയ്ക്ക് കരാറിനായി പിടിവാശിയില്ല. ഇരുരാജ്യങ്ങളും ഗുണമുള്ള മാന്യമായ കരാറിനായാണ് ഇന്ത്യ ശ്രമിക്കുന്നത്.
യുകെ-ഇന്ത്യ ഡീൽ പോലെ.
∙ ചർച്ച തുടരട്ടെ എന്നാണ് ഇന്ത്യയുടെ നിലപാടെന്നും ഗോയൽ പറഞ്ഞു.
∙ ഒക്ടോബർ-നവംബറിനകം വ്യാപാരക്കരാറിൽ എത്താനാകുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
കരകയറാൻ ഇന്ത്യൻ ഓഹരികൾ
ട്രംപ് ഇന്ത്യയ്ക്ക് കടുത്ത താരിഫ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ഇന്നലെ വ്യാപാരത്തുടക്കത്തിൽ ഇന്ത്യൻ ഓഹരി വിപണി ആടിയുലഞ്ഞിരുന്നു. സെൻസെക്സ് 800 പോയിന്റോളവും നിഫ്റ്റി 200 പോയിന്റിലധികവും ഇടിഞ്ഞു.
വ്യാപാരത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ നിക്ഷേപകർക്ക് നഷ്ടമായത് 5 ലക്ഷം കോടി രൂപയോളം. എന്നാൽ, വൈകിട്ടോടെ ഓഹരി വിപണി നഷ്ടം വൻതോതിൽ കുറച്ചു.
900 പോയിന്റോളം തിരിച്ചുകയറി സെൻസെക്സ് നഷ്ടം 200 പോയിന്റിനടുത്തായി കുറച്ചു. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 18 പോയിന്റ് ഉയർന്നാണുള്ളത്.
സെൻസെക്സും നിഫ്റ്റിയും ഇന്നു നേട്ടത്തിലേറിയേക്കാമെന്ന പ്രതീക്ഷയാണ് ഇതു നൽകുന്നു. എങ്കിലും, ഇന്ന് ആദ്യം ഗിഫ്റ്റ് നിഫ്റ്റി 110 പോയിന്റോളം താഴ്ന്നിരുന്നുവെന്നത് നേരിയ ആശങ്ക പടർത്തുന്നുമുണ്ട്.
∙ മൈക്രോസോഫ്റ്റും മെറ്റയും ആപ്പിളും മികച്ച പ്രവർത്തനഫലം പുറത്തുവിട്ടെങ്കിലും യുഎസ് ഓഹരി വിപണികൾ നഷ്ടത്തിലേക്ക് വീണു.
∙ ഡൗ ജോൺസ് 0.74%, നാസ്ഡാക് 0.03%, എസ് ആൻഡ് പി500 സൂചിക 0.37% എന്നിങ്ങനെ താഴ്ന്നു.
∙ ട്രംപ് താരിഫ് യുദ്ധം കടുപ്പിച്ചതും യുഎസിൽ തൊഴിലില്ലായ്മക്കണക്ക് ഉടൻ പുറത്തുവരുമെന്നതുമാണ് ഓഹരി വിപണികളെ തളർത്തിയത്.
∙ മൈക്രോസോഫ്റ്റിന്റെ വിപണിമൂല്യം 4 ട്രില്യൻ ഡോളർ കടന്നു; ഈ നേട്ടം ഇതിനുമുൻപ് കൈവരിച്ചത് എൻവിഡിയ മാത്രം.
ഏഷ്യൻ വിപണികൾ സമ്മിശ്രം
ട്രംപ് താരിഫ് പോര് കടുപ്പിച്ചതോടെ ഏഷ്യൻ ഓഹരി വിപണികൾ തളർച്ചയിലായി.
ദക്ഷിണ കൊറിയയുടെ കോസ്പി 3 ശതമാനത്തോളം ഇടിഞ്ഞു. ജാപ്പനീസ് നിക്കേയ് 0.39% നഷ്ടത്തിലായി.
ചൈന, ഹോങ്കോങ് വിപണികൾ നേരിയ നേട്ടം മാത്രം കുറിച്ചു. യൂറോപ്പിൽ എഫ്ടിഎസ്ഇ 0.05%, ഡാക്സ് 0.81% എന്നിങ്ങനെയും താഴ്ന്നു.
∙ ട്രംപിന്റെ പുതിയ പകരച്ചുങ്കപ്പട്ടികയിൽ യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളും ഉൾപ്പെടുന്നുണ്ട്.
∙ ട്രംപിന്റെ താരിഫ് പിടിവാശിയുടെ പശ്ചാത്തലത്തിൽ യുഎസ് ഡോളർ ഇൻഡക്സ് 100ന് മുകളിലേക്ക് കുതിച്ചുകയറി.
കഴിഞ്ഞയാഴ്ച ഇതു 98ന് താഴെയായിരുന്നു.
∙ യൂറോ, യെൻ, പൗണ്ട് തുടങ്ങി 6 പ്രധാന കറൻസികൾക്കെതിരായ സൂചികയാണിത്.
∙ യുഎസ് കടപ്പത്ര ആദായനിരക്കുകളും ഉയർന്നു.
∙ ഡോളർ ശക്തമായതോടെ സ്വർണവില വീണ്ടും താഴ്ന്നു. രാജ്യാന്തരവില ഔൺസിന് 11 ഡോളർ താഴ്ന്ന് 3,288 ഡോളറായി.
കേരളത്തിലും ഇന്നു സ്വർണവില കുറയും.
∙ ക്രൂഡ് ഓയിൽ വിലയും നേരിയ നഷ്ടത്തിലായി. ബ്രെന്റ് വില 73 ഡോളറിൽ നിന്ന് 72ലേക്ക് ഇറങ്ങി.
വിട്ടൊഴിയാത്ത വെല്ലുവിളികൾ
ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (എഫ്ഐഐ) പിന്മാറ്റം ശക്തമാണ്.
ഇന്നലെ അവർ തിരിച്ചെടുത്തത് 5,588 കോടി രൂപ. രൂപ ഡോളറിനെതിരെ 52 പൈസ താഴ്ന്ന് 87.43ലും എത്തി.
∙ അദാനി എന്റർപ്രൈസസിന്റെ ജൂൺപാദ ലാഭം 45% ഇടിഞ്ഞ് 976.48 കോടിയായി.
ഇത്, കമ്പനിയുടെ ഓഹരികളിൽ ഇന്നു സമ്മർദത്തിന് വഴിവച്ചേക്കും.
∙ ഐടിസി, അദാനി പവർ, ടാറ്റ പവർ, എൽഐസി ഹൗസിങ് ഫിനാൻസ്, ഡെൽഹിവെറി, ഗോദ്റെജ് പ്രോപ്പർട്ടീസ്, ഫെഡറൽ ബാങ്ക് തുടങ്ങിയവ ഇന്നും നാളെയുമായി ജൂൺപാദ ഫലം പുറത്തുവിടും.
∙ സ്വിഗ്ഗിയുടെ നഷ്ടം 611 കോടി രൂപയിൽ നിന്ന് 1,197 കോടി രൂപയായി കൂടി.
∙ കോൾ ഇന്ത്യയുടെ ലാഭം 20.2% കുറഞ്ഞു.
∙ ഐഷറിന്റെ ലാഭം 9.4% കൂടി. പിബി ഫിൻടെക്കിന്റെ ലാഭം 40.6% മെച്ചപ്പെട്ടു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]