
പാലക്കാട് ∙ ഭൂപരിഷ്കരണ നിയമത്തിൽ മാറ്റം വരുത്താതെ തന്നെ വ്യവസായ സൗഹൃദ നടപടികൾ സർക്കാർ നടപ്പാക്കുന്നതായി മന്ത്രി പി.രാജീവ് അറിയിച്ചു. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി സംബന്ധിച്ച് സംഘടിപ്പിച്ച കോൺക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ നിക്ഷേപവും തൊഴിലും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഭൂമി സംബന്ധിച്ച നടപടികളിൽ ചില ഇളവുകൾ സർക്കാർ ഏർപ്പെടുത്തിയത്. ഭൂപരിഷ്കരണനിയമപ്രകാരം ഒരു വ്യക്തിക്കു കൈവശം വയ്ക്കാവുന്ന ഭൂപരിധി 15 ഏക്കറാണ്. എന്നാൽ, അതിൽ കൂടുതൽ ഭൂമിയുള്ളവർ വ്യവസായത്തിനു സമീപിക്കുമ്പോൾ നിബന്ധനകളോടെയാണ് ഇളവുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. 15 ഏക്കറിൽ അധികമുള്ള ഓരോ ഏക്കറിലും 10 കോടി രൂപയുടെ നിക്ഷേപവും 20 പേർക്കു തൊഴിലും നൽകാൻ പദ്ധതിയുണ്ടെങ്കിൽ പ്രത്യേക അനുമതി നൽകും. അതായത്, 20 ഏക്കറിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തി അധികം വരുന്ന 5 ഏക്കർ ഭൂമിയിൽ 50 കോടി രൂപയുടെ വ്യവസായം ആരംഭിക്കണം. 100 പേർക്കു തൊഴിലും നൽകണം.
വ്യവസായഭൂമിക്കു മാത്രമല്ല, മറ്റു പദ്ധതികൾക്കും ഈ നടപടി ബാധകമാണ്. റവന്യു മന്ത്രിയും അതതു വകുപ്പുകളിലെ മന്ത്രിമാരും സെക്രട്ടറിമാരും ചേർന്ന സമിതിയാണു നടപടി സ്വീകരിക്കുക. ഭൂപരിഷ്കരണ നിയമത്തിൽ ചില മാറ്റങ്ങൾ വേണമെന്ന അഭിപ്രായം പൊതുവേയുണ്ട്. 10 വർഷത്തിൽ കൂടുതൽ ആയുസ്സുള്ള എല്ലാ വിളകളെയും പ്ലാന്റേഷൻ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഇതുമായി ബന്ധപ്പെട്ടു വിദഗ്ധ സമിതി പഠനം നടത്തി ശുപാർശ സമർപ്പിച്ചിട്ടുണ്ട്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റെ 104 ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നുണ്ട്. റവന്യു, വ്യവസായ വകുപ്പിന്റെ 31 ചട്ടങ്ങളിലും ഭേദഗതി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ നഗരത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതിയായ ഗ്രീൻഫീൽഡ് സിറ്റി പുതുശ്ശേരിയിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് പാലക്കാട് എംപി വി.കെ. ശ്രീകണ്ഠൻ നിർദേശിച്ചു.
നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷനുമായി (എൻഐസിഡിസി) സഹകരിച്ച് രാജ്യാന്തര നിക്ഷേപകരെ വ്യവസായനഗരം പദ്ധതിയിലേക്ക് ആകർഷിക്കാൻ നടപടി സ്വീകരിക്കുമെന്നു കോൺക്ലേവിന്റെ മോഡറേറ്ററായിരുന്ന വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴി മുൻപു പ്രഖ്യാപിക്കപ്പെട്ട രീതിയിൽ തന്നെ നടപ്പാക്കാൻ ശ്രമിക്കണമെന്നു എഡിറ്റർ ഫിലിപ് മാത്യു പറഞ്ഞു. അതിന്റെ ഭാഗമായുള്ള കൊച്ചി – കോയമ്പത്തൂർ ഇടനാഴിയിൽ പാലക്കാടിനൊപ്പം കൊച്ചിയിലും തൃശൂരിലും കൂടി വികസന പദ്ധതികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം കാലതാമസമില്ലാതെ നടപ്പാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, എ. പ്രഭാകരൻ എംഎൽഎ, കലക്ടർ ജി. പ്രിയങ്ക, വ്യവസായ വകുപ്പ് ഡയറക്ടർ പി. വിഷ്ണുരാജ്, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്ഐസിസിഐ) ഇന്ത്യാ – അറബ് കൗൺസിൽ കോ ചെയറും ഇറാം ഹോൾഡിങ്സ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടറുമായ സിദ്ദിഖ് അഹമ്മദ് ഉൾപ്പെടെയുള്ള സംരംഭകർ പങ്കെടുത്തു.