ഫെഡറൽ ബാങ്കിന്റെ ഓഹരികൾ ഇന്ന് വ്യാപാരം ചെയ്യുന്നത് 2 ശതമാനത്തിലധികം നേട്ടവുമായി റെക്കോർഡ് ഉയരത്തിൽ. എൻഎസ്ഇയിൽ വ്യാപാരം അവസാന സെഷനിലേക്ക് കടന്നപ്പോൾ ഓഹരി വിലയുള്ളത് 2.81% നേട്ടവുമായി 219.10 രൂപയിൽ. ഇതോടെ കൊച്ചിൻ ഷിപ്പ്‍യാർഡിനെ പിന്തള്ളി കേരളത്തിൽ നിന്നുള്ള നാലാമത്തെ വലിയ ലിസ്റ്റഡ് കമ്പനി എന്ന നേട്ടവും ഫെഡറൽ ബാങ്ക് സ്വന്തമാക്കി.

ഇന്നു ഉച്ചയ്ക്ക് 2.25 വരെയുള്ള വ്യാപാരപ്രകാരം ഫെഡറൽ ബാങ്ക് ഓഹരിവില 218.83 രൂപയിൽ എത്തിയപ്പോൾ വിപണിമൂല്യം 53,804 കോടി രൂപയായി. ഇതോടെ വിപണിമൂല്യത്തിൽ കൊച്ചിൻ ഷിപ്പ്‍യാർഡിനെ മറികടക്കുകയായിരുന്നു. ഇതേസമയത്ത് കൊച്ചിൻ ഷിപ്പ്‍യാർഡിന്റെ ഓഹരിവില ഉണ്ടായിരുന്നത് 1.05% താഴ്ന്ന് 2,044.10 രൂപയിൽ; വിപണിമൂല്യം 53,776 കോടി രൂപയും.

കടപ്പത്രങ്ങളും ഓഹരികളുമിറക്കി 6,000 കോടി രൂപവരെ മൂലധനം സമാഹരിക്കാൻ ഫെഡറൽ ബാങ്കിന്റെ ഇന്നലെ ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം തീരുമാനിച്ചിരുന്നു. ഓഹരി ഉടമകളുടെയും റഗുലേറ്ററി ഏജൻസികളുടെയും അനുമതിക്ക് വിധേയമായി അവകാശ ഓഹരി (റൈറ്റ്സ് ഇഷ്യൂ), പ്രിഫറൻഷ്യൽ ഓഹരി (മുൻഗണനാ ഓഹരി), പബ്ലിക് ഓഫർ (എഫ്പിഒ), യോഗ്യരായ നിക്ഷേപസ്ഥാപനങ്ങൾക്ക് ഓഹരി വിൽപന (ക്യുഐപി), മസാല ബോണ്ട്, ഗ്രീൻ ബോണ്ട് തുടങ്ങിയ മാർഗങ്ങളിലൂടെയാകും മൂലധന സമാഹരണം.

കഴിഞ്ഞ ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 23 ശതമാനം നേട്ടം സമ്മാനിച്ച ഓഹരിയാണ് ഫെഡറൽ ബാങ്ക്. കഴിഞ്ഞ 5 വർഷത്തിനിടെ ഓഹരിവില 300 ശതമാനവും ഉയർന്നിട്ടുണ്ട്. 2020 ജൂണിൽ 53 രൂപയ്ക്കടുത്തായിരുന്നു ഓഹരിവില. 2024 ജൂലൈ ഒന്നിന് 180 രൂപയും. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2024-25) അവസാനപാദമായ ജനുവരി-മാർച്ചിൽ ബാങ്ക് 13.7% നേട്ടവുമായി 1,030.2 കോടി രൂപ ലാഭം നേടിയിരുന്നു. അറ്റ പലിശ വരുമാനം (എൻഐഐ) കൂടിയതും നിഷ്ക്രിയ ആസ്തി (എൻപിഎ) അനുപാതം കുറഞ്ഞതും നേട്ടമായിരുന്നു.

വിപണിമൂല്യത്തിൽ നാലാമത്

ഇന്ന് അവസാന സെഷനിൽ വ്യാപാരം പുരോഗമിക്കുമ്പോൾ‌ എൻഎസ്ഇയിലെ കണക്കുപ്രകാരം മുത്തൂറ്റ് ഫിനാൻസ് ആണ് കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ വിപണിമൂല്യത്തിൽ ഒന്നാമത്. 1.05 ലക്ഷം കോടിയാണ് വിപണിമൂല്യം. കേരളക്കമ്പനികളിൽ മൂല്യം ഒരുലക്ഷം കോടി കടന്ന ഏക കമ്പനിയും മുത്തൂറ്റ് ഫിനാൻസാണ്. 62,668 കോടി രൂപയുമായി ഫാക്ട് ആണ് രണ്ടാമത്. കല്യാൺ ജ്വല്ലേഴ്സാണ് മൂന്നാമത് (57,760 കോടി).

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Federal Bank shares hit record high as lender plans to raise up to ₹6,000 crore, overtakes Cochin Shipyard in Market Cap.