
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പഴയ ചങ്ങാതിയും ടെസ്‍ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കും തമ്മിലെ ഭിന്നത അതിരൂക്ഷം. യുഎസ് ഗവൺമെന്റിന്റെ ചെലവുകൾ വെട്ടിച്ചുരുക്കുന്നത് ലക്ഷ്യമിട്ട് ട്രംപ് കൊണ്ടുവന്ന ‘ബിഗ് ബ്യൂട്ടിഫുൾ ടാക്സ്’ ബില്ലിനെ മസ്ക് കടുത്തഭാഷയിൽ എതിർത്തിരുന്നു. ബിൽ ശുദ്ധ വിഡ്ഢിത്തവും യുഎസിന് വിനാശകരവുമാണെന്ന് പറഞ്ഞ മസ്ക്, ബിൽ പാസായാൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് ബദലായി താൻ ‘അമേരിക്ക പാർട്ടി’ രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു.
നിലവിൽ തന്നെ 30 ട്രില്യൻ ഡോളറിന്റെ (ഏകദേശം 3,000 ലക്ഷം കോടി രൂപ) കടബാധ്യത അമേരിക്കയ്ക്കുണ്ട്. ഇതിനോട് 5 ട്രില്യൻ ഡോളർ (430 ലക്ഷം കോടി രൂപ) കൂടിച്ചേർക്കാൻ ഇടവരുത്തുന്നതാണ് ബില്ലെന്നും അമേരിക്ക വൈകാതെ പാപ്പരാകുമെന്നും മസ്ക് പറഞ്ഞിരുന്നു.
ജനങ്ങളെ സംരക്ഷിക്കുന്ന പുതിയ പാർട്ടിയാണ് തന്റെ ലക്ഷ്യമെന്നും മസ്ക് എക്സിൽ എഴുതി. ബിഗ് ബ്യൂട്ടിഫുൾ ടാക്സ് ബില്ലിനെ ‘കടത്തിലേക്കുള്ള അടിമത്വ ബിൽ’ എന്നാണ് മസ്ക് വിശേഷിപ്പിച്ചത്. ഗവൺമെന്റിന്റെ കടം വെട്ടിക്കുറയ്ക്കുമെന്ന് പറഞ്ഞ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ടുതേടി വിജയിച്ചശേഷം, ഇപ്പോൾ കോൺഗ്രസിൽ ബില്ലിനെ അനുകൂലിച്ച് വോട്ടിട്ടവർ ലജ്ജിച്ച് തലതാഴ്ത്തണമെന്നും മസ്ക് ആവശ്യപ്പെട്ടു.
ഇതോടെയാണ് മസ്കിനെതിരെ കടുത്ത ഭാഷയിൽ തിരിച്ചടിച്ച് ട്രംപ് രംഗത്തെത്തിയത്. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ ട്രംപ് പറഞ്ഞതിങ്ങനെ – ‘‘പ്രസിഡന്റ് തിരഞ്ഞെടുപ്പിലുടനീളം എന്നെ മസ്ക് പിന്തുണച്ചിരുന്നു. അപ്പോഴും മസ്കിനറിയാമായിരുന്നു ഞാൻ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) നിർബന്ധമാക്കുന്നതിന് എതിരാണെന്ന്. ഇവി നല്ലതാണ്. പക്ഷേ, അതുതന്നെ വാങ്ങണമെന്ന് ആരെയും നിർബന്ധിക്കാൻ പറ്റില്ല. യുഎസിന്റെ ചരിത്രത്തിൽ മറ്റാരാളേക്കാളും ഗവൺമെന്റ് സബ്സിഡി കിട്ടിയത് മസ്കിനാണ്. സബ്സിഡി ഇല്ലായിരുന്നെങ്കിൽ മസ്ക് റോക്കറ്റ് ഉണ്ടാക്കില്ല, സാറ്റലൈറ്റ് ലോഞ്ചും നടത്തില്ലായിരുന്നു; ഇവിയും നിർമിക്കില്ലായിരുന്നു. കടയും പൂട്ടി മസ്ക് തിരികെ സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടിവന്നേനെ. അമേരിക്കയ്ക്ക് നല്ല ഭാവിയും ഉണ്ടാകുമായിരുന്നു’’.
മസ്കിനു കിട്ടിയ സബ്സിഡികളെ കുറിച്ച് ‘ഡോജ്’ അന്വേഷിക്കണമെന്ന് പരിഹസിക്കുകയും ചെയ്തു ട്രംപ്. യുഎസ് പ്രസിഡന്റായി വീണ്ടും സ്ഥാനമേറ്റ ട്രംപിന്റെ ഗവൺമെന്റിനെ ചെലവുചുരുക്കലിൽ സഹായിക്കാനായി രൂപീകരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷൻസിയുടെ (ഡോജ്) മേധാവി മസ്കായിരുന്നു.
ഡോജിൽ തന്റെ കാലാവധി അവസാനിച്ചെന്ന് വ്യക്തമാക്കി മസ്ക് പിന്നീട് പടിയിറങ്ങി. പിന്നാലെ അദ്ദേഹം ട്രംപിനെതിരെ ആരോപണശരങ്ങൾ എയ്തതോടെയാണ് ഇരുവരും തമ്മിലെ ഭിന്നത പുറത്തായത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണത്തിനുൾപ്പെടെ 29 കോടി ഡോളറാണ് (2,400 കോടിയിലേറെ രൂപ) മസ്ക് ചെലവിട്ടത്.
English Summary:
No more rockets and EVs! Trump’s Deportation Dig at Musk, ‘Close Shop, Go back to Home South Africa’.
mo-news-world-leadersndpersonalities-elonmusk mo-auto-tesla 74at65i9lnnnob9av8n2nocf3j-list mo-business-business-news 7q27nanmp7mo3bduka3suu4a45-list 44fjiv84db38rm4sqrk8sfepd mo-space-spacex mo-politics-leaders-internationalleaders-donaldtrump