
ഒരാഴ്ച നീണ്ട ഇടിവിന്റെ ട്രെൻഡിന് സഡൻ ബ്രേക്കിട്ട് വൻ തിരിച്ചുകയറ്റം. കേരളത്തിൽ ഗ്രാമിന് ഇന്ന് 105 രൂപയുടെ ഒറ്റക്കുതിപ്പുമായി വില വീണ്ടും 9,000 രൂപയ്ക്ക് മുകളിലെത്തി. 9,020 രൂപയിലാണ് വ്യാപാരം. പവൻ വില 840 രൂപ ഉയർന്ന് 72,160 രൂപ. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഗ്രാമിന് 405 രൂപയും പവന് 3,240 രൂപയും ഇടിഞ്ഞശേഷമാണ് ഇന്നു വീണ്ടും കുതിച്ചുകയറിയത്.
ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം ഇന്നു 18 കാരറ്റ് സ്വർണ വിലയും ഗ്രാമിന് 90 രൂപ വർധിച്ച് 7,440 രൂപയായി. വെള്ളി വില ഗ്രാമിന് 118 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ ഇന്ന് 18 കാരറ്റിനു നൽകിയ വില ഗ്രാമിന് 85 രൂപ ഉയർത്തി 7,400 രൂപ. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 115 രൂപ.
ഡോളറിന്റെ വീഴ്ച, സ്വർണത്തിന്റെ ഉയിർത്തെഴുന്നേൽപ്പ്
യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരായ സ്വർണത്തിന് തിരിച്ചുകയറാനുള്ള പ്രധാന ഊർജം. യുഎസ് ഡോളർ ഇൻഡക്സ് ജനുവരിയിലെ 110 നിലവാരത്തിൽ നിന്ന് ഇപ്പോൾ കൂപ്പുകുത്തി നിൽക്കുന്നത് 96 നിലവാരത്തിൽ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ, യുഎസിൽ അടിസ്ഥാന പലിശനിരക്ക് പ്രതീക്ഷിച്ചതിലും നേരത്തേ കുറയാനുള്ള സാധ്യത, യുഎസ്-യുകെ വ്യാപാരക്കരാർ എന്നിവയാണ് ഡോളറിനു തിരിച്ചടിയാകുന്നത്.
രാജ്യാന്തര സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതുകൊണ്ട്, ഡോളർ തളരുമ്പോൾ കുറഞ്ഞ ചെലവിൽ കൂടുതൽ സ്വർണം വാങ്ങാനാകും. ഇതോടെ ഡിമാൻഡ് കൂടും. ഇതാണ് വിലയെ മുന്നോട്ട് നയിക്കുന്നതും. റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രധാന കേന്ദ്രബാങ്കുകൾ കരുതൽ സ്വർണശേഖരം ഉയർത്തുന്ന നടപടിയും സ്വർണത്തിനു നേട്ടമാണ്. ഇന്നലെ ഔൺസിന് 3,293 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില, ഇന്ന് 3,322.88 ഡോളർ വരെ ഉയർന്നു. ഇതു കേരളത്തിലും വില കുതിക്കാനിടയാക്കി.
കേരളവും രൂപയും
, സ്വർണത്തിന്റെ മുംബൈ വിപണി വില, ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില (ബാങ്ക് റേറ്റ്), ഡോളർ-രൂപ വിനിമയനിരക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും രാവിലെ സ്വർണവില നിർണയം.
ഇന്ന് കേരളത്തിലെ വില നിശ്ചയിക്കുമ്പോൾ രാജ്യാന്തര വില കുതിച്ചുകയറിയ നിലയിലായിരുന്നു. മുംബൈ വില ഗ്രാമിന് 116 രൂപ കൂടി 9,922 രൂപയിലെത്തി. ബാങ്ക് റേറ്റ് ഉയർന്നത് 109 രൂപ വർധിച്ച് 9,946 രൂപയിലേക്ക്. അതേസമയം, ഡോളറിന്റെ തളർച്ച നേട്ടമാക്കി രൂപ 5 പൈസ മുന്നേറി 85.61ൽ വ്യാപാരം തുടങ്ങി. രൂപ മുന്നേറിയില്ലായിരുന്നെങ്കിൽ കേരളത്തിൽ സ്വർണവില ഇന്നു ഇതിലുമധികം കൂടുമായിരുന്നു.
പണിക്കൂലിയും ചേർത്തുള്ള വില
സ്വർണം ആഭരണമായി വാങ്ങുമ്പോൾ 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി (3-35%) എന്നിവയും ബാധകമാണ്. 5% പണിക്കൂലി കണക്കാക്കിയാൽ തന്നെ ഇന്നു കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാൻ 78,096 രൂപ കൊടുക്കണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 9,762 രൂപയും. ഇന്നലെ പവന്റെ വാങ്ങൽവില 77,187 രൂപയായിരുന്നു; ഗ്രാമിന് 9,648 രൂപയും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക)