
കമ്പനിയുടെ പേര് റജിസ്റ്റർ ചെയ്യുന്നതു പോലെയാണ് അതിന്റെ വെബ്സൈറ്റ് വിലാസവും (ഡൊമൈൻ) തെരഞ്ഞെടുക്കുന്നത്. ഒരാളോ, കമ്പനിയോ, സ്ഥാപനമോ ഒരു വെബ്സൈറ്റ് വിലാസം റജിസ്റ്റർ ചെയ്താൽ പിന്നെ ആ വിലാസം മറ്റൊരാൾക്ക് ലഭിക്കില്ല. ഇഷ്ടപ്പെട്ട ഡൊമൈൻ എക്സ്റ്റൻഷൻ (domain extension) കിട്ടുന്നതും ഇതുപോലെയാണ്. ഡോട്ട് കോം (.com) ഡോട്ട് കോ (.co) ഡോട്ട് ഇൻ (.in) ഡോട്ട് ഒആർജി (.org) എന്നിങ്ങനെ വിവിധ രീതിയിൽ ഡൊമൈൻ എക്സ്റ്റൻഷൻ ഉണ്ട്.
ഇതിന്റെ ലഭ്യത അനുസരിച്ചാണ് കമ്പനികൾ വെബ്സൈറ്റ് വിലാസം സ്വീകരിക്കുക. ഡോട്ട് കോം ലോകത്തെല്ലായിടത്തും പൊതുവെ ബിസിനസ് സംബന്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന എക്സ്റ്റൻഷൻ ആണ്. ഡോട്ട് ഇൻ ഭൂമിശാസ്ത്രപരമായി, ഇന്ത്യയിലെ ബിസിനസ് ആണ്. എന്നാൽ എക്സ്റ്റൻഷൻ ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും അവസാനമായി ഇത് തീരുമാനിക്കുന്നത്.
രാജ്യാന്തര തലത്തിൽ ഡൊമൈൻ മാനേജ് ചെയ്യുന്നത് ഇന്റർനെറ്റ് കോര്പറേഷൻ ഫോർ അസെയ്ൻഡ് നെയിംസ് ആൻഡ് നമ്പേഴ്സ് എന്ന സന്നദ്ധ സംഘടനയാണ്. ഇന്റർനെറ്റ് സുരക്ഷയുടെ ഭാഗമായും സൈബർ തട്ടിപ്പുകൾ തടയാനും കൂടുതൽ വിശ്വാസയോഗ്യമായ വെബ്സൈറ്റുകൾ പ്രത്യേകിച്ചും ബാങ്കുകളടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങൾക്ക് ആവശ്യമാണ്.
തട്ടിപ്പുകൾ തടയാൻ പുതിയ ഡൊമൈൻ
വർധിച്ചു വരുന്ന സൈബർ തട്ടിപ്പുകളുടെയും ഓൺലൈൻ തട്ടിപ്പുകളുടെയും പശ്ചാത്തലത്തിൽ ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്സൈറ്റുകൾ കൂടുതൽ ശക്തവും യഥാർത്ഥ വെബ്സൈറ്റേതെന്ന് ഇടപാടുകാർക്ക് എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നതുമാകണമെന്ന് ഫെബ്രുവരിയിലെ മോണിറ്ററി പോളിസി കമ്മിറ്റി (MPC) നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ബാങ്കുകൾ ഡോട്ട് ബാങ്ക് ഡോട്ട് ഇൻ (.bank.in)എന്നും ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ ഡോട്ട് ഫിൻ ഡോട്ട് ഇൻ (.fin.in) എന്നും ഡൊമൈൻ വിലാസം മാറ്റണമെന്നാണ് റിസർവ് ബാങ്ക് നിർദ്ദേശിച്ചിട്ടുള്ളത്.
ഇതനുസരിച്ച് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി ((MeitY) മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണൽ ഇന്റർനെറ്റ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ (NIXI ) യുടെ നിർദേശമനുസരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി (IDRBT) ഡോട്ട് ബാങ്ക് ഡോട്ട് ഇൻ (.bank.in) ഡൊമൈന്റെ പ്രത്യേകമായ റജിസ്ട്രാർ ആയി പ്രവർത്തിക്കും. ബാങ്കുകൾക്ക് IDRBT യുമായി ബന്ധപ്പെട്ടുകൊണ്ട് പുതിയ ഡൊമൈൻ റജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാം.
2025 ഒക്ടോബര് 31 ന് മുൻപ് എല്ലാ ബാങ്കുകളും പുതിയ ഡൊമൈനിലേക്ക് മാറണമെന്ന് റിസർവ് ബാങ്ക് നിർദ്ദേശിക്കുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം.
ബാങ്കുകളുടെയും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെയും ഡൊമൈൻ വിലാസത്തിൽ വരുന്ന ഈ ഐക്യരൂപ്യം ഇന്റർനെറ്റ്, ഓൺലൈൻ, ഡിജിറ്റൽ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമാക്കുമെന്ന് കരുതാം.
ഇടപാടുകാർ ശ്രദ്ധാലുക്കളാകണം
സാമ്പത്തിക സൈബർ തട്ടിപ്പുകളിൽ വലിയ ഒരു ഭാഗം നടക്കുന്നത് ഇടപാടുകാരുടെ അശ്രദ്ധ കൊണ്ടും അറിവില്ലായ്മ കൊണ്ടുമാണ്. ശരിയായ ഡൊമൈൻ വിലാസം തന്നെ എന്ന് ഉറപ്പുവരുത്തി വേണം പണമിടപാടുകൾ നടത്താൻ. ഡൊമൈനിലുള്ള ഐക്യരൂപ്യം യഥാർത്ഥ വെബ്സൈറ്റുകൾ മനസിലാക്കുവാൻ വേണ്ടിയാണ്. അത് മനസിലാക്കി ചതിയിൽ വീഴാതെ ഇടപാടുകൾ നടത്തുവാൻ ഇടപാടുകാര് ശ്രദ്ധിക്കണം.
ലേഖകൻ ഫെഡറൽ ബാങ്കിലെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ,ധനകാര്യ വിദഗ്ദ്ധനുമാണ്