
ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉണർവിന്റെ ട്രാക്കിലാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസത്തെ ചരക്കു-സേവന നികുതി (ജിഎസ്ടി) സമാഹരണം രണ്ടാമത്തെ വലിയ റെക്കോർഡിൽ. 2024 മാർച്ചിലെ 1.78 ലക്ഷം കോടി രൂപയേക്കാൾ 9.9% വളർച്ചയോടെ 1.96 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം പിരിച്ചെടുത്തതെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. 2024 ഏപ്രിലിൽ നേടിയ 2.10 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും റെക്കോർഡ്. ഇക്കഴിഞ്ഞ ജനുവരിയിലും 1.96 ലക്ഷം കോടി രൂപ ദേശീയതലത്തിൽ പിരിച്ചെടുത്തിരുന്നു.
1.84 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ ഫെബ്രുവരിയിൽ ലഭിച്ചത്. അതിനേക്കാൾ 6.8 ശതമാനവും അധികമാണ് കഴിഞ്ഞമാസത്തേത്. തുടർച്ചയായ 13-ാം മാസമാണ് ജിഎസ്ടി സമാഹരണം 1.7 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല, ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിൽ സംയോജിത ജിഎസ്ടി വരുമാനം 5.8 ലക്ഷം കോടി രൂപയാണ്. മുൻവർഷത്തെ സമാനപാദത്തേക്കാൾ 10.4 ശതമാനം അധികം.
കഴിഞ്ഞമാസത്തെ മൊത്തം ജിഎസ്ടി പിരിവിൽ 38,145 കോടി രൂപയാണ് കേന്ദ്ര ജിഎസ്ടി (CGST). സംസ്ഥാന ജിഎസ്ടിയായി (SGST) 49,891 കോടി രൂപയും സംയോജിത ജിഎസ്ടിയായി (IGST) 95,853 കോടി രൂപയും പിരിച്ചെടുത്തു. സെസ് (CESS) ഇനത്തിൽ ലഭിച്ചത് 12,253 കോടി.
മികവോടെ കേരളവും
ഫെബ്രുവരിയിൽ 8% വളർച്ചയോടെ 2,894 കോടി രൂപ പിരിച്ച കേരളത്തിൽ നിന്ന് കഴിഞ്ഞമാസം നേടിയത് 9% വളർച്ചയോടെ 2,829 കോടി രൂപ. 2024 മാർച്ചിൽ 2,598 കോടി രൂപയായിരുന്നു. കേരളത്തിന് കഴിഞ്ഞ സാമ്പത്തിക വർഷം (2024-25 ഏപ്രിൽ-മാർച്ച്) പ്രകാരം സംസ്ഥാന ജിഎസ്ടിയും ഐജിഎസ്ടിയിൽ സംസ്ഥാനത്തിനുള്ള വിഹിതവും ചേർത്തുള്ള ആകെ വരുമാനം (Post-Settlement GST) 32,773 കോടി രൂപയാണ്. മുൻവർഷത്തെ സമാനകാലത്തെ 30,873 കോടി രൂപയേക്കാൾ 6% അധികം. മാർച്ച് 31ന് സമാപിച്ച 2024-25 സാമ്പത്തിക വർഷത്തിൽ കേരളത്തിൽ നിന്ന് ആകെ പിരിച്ചെടുത്തുന്ന ജിഎസ്ടി 33,109 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 7.9% അധികം.
മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ 10 ശതമാനത്തിലധികവും കേരളം, തമിഴ്നാട്, ഗുജറാത്ത്, മധ്യപ്രദേശ്, ബംഗാൾ എന്നിവ 5-7 ശതമാനവും വളർച്ച നേടിയെന്നത് കഴിഞ്ഞമാസവും സമ്പദ്വ്യവസ്ഥ മെച്ചപ്പെട്ടുനിന്നതിനു തെളിവായാണ് കേന്ദ്രം കാണുന്നത്.
ഇക്കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) ഇന്ത്യൻ ജിഡിപി 6.5 ശതമാനമെങ്കിലും വളരണമെങ്കിൽ ജനുവരി-മാർച്ചുപാദത്തിൽ 7.6 ശതമാനത്തിൽ കുറയാത്ത വളർച്ച അനിവാര്യമാണെന്നാണ് വിലയിരുത്തൽ. ജിഎസ്ടി പിരിവ് മെച്ചപ്പെട്ടത് ഈ വളർച്ചനിരക്ക് കൈവരിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയാണ് നൽകുന്നതും.